Sorry, you need to enable JavaScript to visit this website.

വ്യാജ അത്തര്‍ കമ്പനിയെ കുറിച്ച് വിവരം നല്‍കി; സൗദി പൗരന് ലഭിച്ചത് അരലക്ഷം റിയാല്‍

അൽഹസയിൽ പ്രവർത്തിച്ചിരുന്ന വ്യാജ അത്തർ നിർമാണ യൂനിറ്റിനെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥൻ 50,000 റിയാലിന്റെ ചെക്ക് കൈമാറുന്നു. 

ദമാം - അൽഹസയിൽ പ്രവർത്തിച്ചിരുന്ന വ്യാജ അത്തർ നിർമാണ യൂനിറ്റിനെ കുറിച്ച് വിവരം നൽകി സഹകരിച്ച സൗദി പൗരന് വാണിജ്യ, നിക്ഷേപ മന്ത്രാലയം 50,000 റിയാൽ പാരിതോഷികം നൽകി. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസില്ലാത്ത യൂനിറ്റിൽ പ്രശസ്തമായ ട്രേഡ്മാർക്കുകളിലുള്ള വ്യാജ അത്തറുകൾ നിർമിച്ച് വിതരണം നടത്തുകയാണ് ചെയ്തിരുന്നത്. 
സ്ഥാപന ഉടമക്കെതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. ഈ കേസിൽ സ്ഥാപന ഉടമക്ക് ദമാം ക്രിമിനൽ കോടതി രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ അത്തർ ശേഖരവും അത്തർ നിർമാണത്തിനും പേക്കിംഗിനും ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി ഉത്തരവിട്ടു. സൗദി പൗരന്റെ പേരുവിവരങ്ങളും ഇദ്ദേഹം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. 
വാണിജ്യ വഞ്ചനകളെ കുറിച്ച് വിവരം നൽകുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി കൈമാറുന്നതിന് വാണിജ്യ വഞ്ചനാ വിരുദ്ധ നിയമത്തിലെ പതിനൊന്നാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ഇതനുസരിച്ചാണ് അനധികൃത അത്തർ നിർമാണ യൂനിറ്റിനെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് മന്ത്രാലയം 50,000 റിയാൽ പാരിതോഷികമായി നൽകിയത്. സ്ഥാപന ഉടമയിൽ നിന്ന് പിഴ ഇനത്തിൽ ഈടാക്കിയ രണ്ടു ലക്ഷം റിയാലിന്റെ 25 ശതമാനത്തിന് തുല്യമായ തുകയാണ് സൗദി പൗരന് പാരിതോഷികമായി കൈമാറിയത്. 
കാർ ഏജൻസി കമ്പനി നടത്തിയ വാണിജ്യ വഞ്ചനയെ കുറിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരങ്ങൾ നൽകിയ അബഹയിലെ രണ്ടു സൗദി പൗരന്മാർക്ക് മന്ത്രാലയം നേരത്തെ 75,000 റിയാൽ തോതിൽ പാരിതോഷികം നൽകിയിരുന്നു. വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നൽകിയ അൽഖസീമിലെ മറ്റൊരു സൗദി പൗരന് 25,000 റിയാലും പാരിതോഷികം കൈമാറി. കാർ ഏജൻസി നടത്തിയ വഞ്ചനയെ കുറിച്ച് സൗദി പൗരൻ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഈ കേസിൽ കാർ ഏജൻസിക്ക് കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയിരുന്നു. 
ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്കും മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്. നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനമാണ് ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് കൈമാറുന്നത്. വാണിജ്യ വഞ്ചനകൾ അടക്കമുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിച്ച് എല്ലാവരും സഹകരിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News