എന്താണ് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്ന വിഷയങ്ങളാണ് ചാനലുകളെല്ലാം ചർച്ച ചെയ്യുന്നത്? പല ചർച്ചകളും അവതാരകരുടെ നിയന്ത്രണത്തിൽ നിന്നു വിട്ടുപോകുന്നു. പലതും അക്രമാസക്തമാകുന്നു. വരുന്ന ലോകസഭാ തെരഞ്ഞടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയാതെ, മലയാളിക്ക് ശാപമായി മാറിയ കക്ഷിരാഷ്ട്രീയ അന്ധത മാത്രമാണ് മിക്ക ചർച്ചകളേയും നിയന്ത്രിക്കുന്നത് എന്നതാണ് ഖേദകരം. സ്വന്തം പാർട്ടിയുടെ തെറ്റുകളെ ന്യായീകരിക്കാനും എതിരാളികളുടെ ശരികളെ പോലും എതിർക്കാനുമുള്ള വികാരമാണ് എവിടേയും കാണുന്നത്. ഫലത്തിൽ അരാഷ്ട്രീയമാകുന്ന ചർച്ചകൾ.
ലോകസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം അഖിലേന്ത്യാ രാഷ്ട്രീയമാണ്. എന്നാലതല്ല മിക്കവാറും ചർച്ചകളിൽ പ്രതിഫലിക്കുന്നത്. മണ്ഡലത്തിനായി നിലവിലെ എംപി ഇത്രകോടി ചിലവാക്കി എന്ന് ഒരു കൂട്ടർ അവകാശപ്പെടുമ്പോൾ അതു നുണയാമെന്ന് എതിരാളികൾ പറയുന്നതാണ് സ്ഥിരം പല്ലവി. ആ പണം ഉപയോഗിച്ച് ഇതെല്ലാം ചെയ്‌തെന്ന് ഒരുപക്ഷവും ഇതെല്ലാം ചെയ്തില്ലെന്ന് മറുപക്ഷവും പറയുന്നു. വാസ്തവത്തിൽ ഈ ചർച്ചക്കെന്താണ് പ്രസക്തി? എം പി ഫണ്ട് സ്വന്തം പോക്കറ്റിൽ നിന്നാണ് എംപിമാർ ചിലവാക്കുന്നതെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ജനങ്ങളുടെ പണം മണ്ഡലത്തിലെ വികസനകാര്യങ്ങൾക്ക് ചിലവാക്കുക എന്നത് ജനപ്രതിനിധികളുടെ ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്തം മാത്രമാണ്. അതിനായി കനത്ത വേതനവും പറ്റുന്നവരാണ്. എന്നാൽ തങ്ങളുടെ ഔദാര്യം പോലെയാണ് എംപിമാരത് ആഘോഷിക്കുന്നത്. അതിന്റെ പേരിൽ നാട്ടിലെല്ലാം ഉയരുന്ന ബോർഡുകൾ നിരോധിക്കേണ്ട കാലമൊക്കെ അതിക്രമിച്ചിരിക്കുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്ന് ശബരിമല പ്രശ്‌നമാണ്. വാസ്തവത്തിൽ അതുമായി ബന്ധപ്പെട്ട് മൂന്നു മുന്നണികളിലെ നേതാക്കൾ തമ്മിലും അണികൾ തമ്മിലുള്ള ഗുസ്തിയിൽ ഒരർത്ഥവുമില്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ താൽപ്പര്യമില്ലെന്നാണ് മൂന്നുമുന്നണികളുടേയും നിലപാട് എന്നവർതന്നെ എത്രയോ തവണ ആവർത്തിച്ചു പറഞ്ഞു. അവരുടെയൊന്നും പ്രവർത്തകർ അതിനായി ശ്രമിച്ചിട്ടുമില്ല. ശ്രമിച്ചവരെ ആക്ടിവിസ്റ്റുകൾ എന്നാക്ഷേപിക്കാനും ആക്ടിവിസം എന്നു പറയുന്നത് വൃത്തികെട്ട എന്തോ ആണെന്നു സ്ഥാപിക്കാനും മൂന്നുകൂട്ടരും മത്സരിക്കുകയായിരുന്നു. പ്രായോഗികമായ ചില കാര്യങ്ങളിൽ മാത്രമായിരുന്നു അന്തരം. പ്രതിപക്ഷമായതിനാൽ എൻഡിഎയും യുഡിഎഫും ശബരിമല സ്ത്രീപ്രവേശനം അനുവദിക്കില്ല എന്നു പറഞ്ഞ് സമരം ചെയ്തു. എൻഡിഎ സമരം അക്രമാസക്തമായി എന്നു മാത്രം. മറുവശത്ത് ഭരണപക്ഷമായതിനാൽ സുപ്രിംകോടതി വിധി നടപ്പാക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു.
എന്നാലതിനായി കാര്യമായി ഒന്നും തന്നെ ചെയ്തില്ല എന്നുമാത്രമല്ല, മല കയറാൻ വന്ന സ്ത്രീകളെ ഉപദേശിച്ച് തിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇത്രക്കു നേരിയ വ്യത്യാസത്തിന്റെ പേരിലാണ് ചാനലുകളിൽ ആളുകൾ പരസ്പരം കടിച്ചുകീറുന്നത്.മറ്റൊന്നു സ്ഥാനാർത്ഥികളുടെ കാര്യമാണ്. തീർച്ചയായും നമ്മുടെ ജനാധിപത്യസംവിധാനത്തിൽ സ്ഥാനാർത്ഥികൾക്കും പ്രാധാന്യമുണ്ട്. പാർട്ടികൾക്ക് വോട്ടുചെയ്യുകയും അവർ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സംവിധാനമല്ലല്ലോ നമ്മുടേത്. മറിച്ച് വ്യക്തികൾക്ക് പരമപ്രാധാന്യം കൊടുക്കുന്ന സംവിധാനവും അല്ല. പാർട്ടിയും സ്ഥാനാർത്ഥിയും പ്രധാനമാകുന്ന സംവിധാനമാണ്. അതിനാൽതന്നെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുമുമ്പ് ജനാഭിപ്രായം ്‌രിയുന്ന സംവിധാനം അനിവാര്യമാണ്. എന്നാലത് ഇവിടെയില്ല. ഞങ്ങളുടെ സ്ഥാനാർത്ഥിയെ ഞങ്ങൾ നിശ്ചയിക്കുമെന്ന് ജനാധിപത്യസംവിധാനത്തിൽ ജനങ്ങളോട് അഹന്തയോടെ നേതാക്കൾ പറയുന്നത് കേൾക്കാൻ രസമാണ്. അങ്ങനെയാണ് യാതൊരു നൈതികതയുമില്ലാതെ വിജയം എന്ന ഒറ്റ ലക്ഷ്യത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. യുഡിഎഫ്, എൻഡിഎ മുന്നണികൾ ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും പ്രഖ്യാപിച്ച് എൽഡിഎഫ് ലിസ്റ്റ് തന്നെ പരിശോധിക്കുക. രാഷ്ട്രീയമായി ഒരിക്കലും ശരിയല്ലാത്ത പലരും ആ ലിസ്റ്റിലുണ്ട്. പരിസ്ഥിതി വിരുദ്ധരായ രണ്ടുപേരും സ്ത്രീപീഡനകേസിൽ കുറ്റാരോപിതനെ ന്യായീകരിച്ചയാളും കൊലകേസിൽ കുറ്റാരോപിതനും ഒരു ന്യായീകരണവുമില്ലാതെ 6 എംഎൽമാരും രണ്ടും മൂന്നും വട്ടം മത്സരിച്ചവരും ആ ലിസ്റ്റിലുണ്ട്. നവോത്ഥാനത്തിന്റെ കാലത്തും സവർണ്ണാധിപത്യം വ്യക്തമാണ്. ദളിതർക്ക് സംവരണ സീറ്റുമാത്രം. ആദിവാസിക്കോ ട്രാൻസ്‌ജെന്റിനോ സീറ്റില്ല. സ്ത്രീസംവരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുമ്പോഴും അവർക്ക് 2 സീറ്റുമാത്രം. ബിജെഡിയും തൃണമൂലും 33ഉം 41ഉം ശതമാനം സീറ്റുകൾ സ്ത്രീകൾക്കു മാറ്റിവെക്കുമ്പോഴാണ് ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരും വനിതാമതിൽ തീർത്തവരും 10 ശതമാനത്തിലൊതുക്കിയത്. തീർച്ചയായും എൻഡിഎ, യുഡിഎഫ് ലിസ്റ്റും ഗുണപരമായി വ്യത്യസ്തമാകാൻ സാധ്യതയില്ല. എന്നാൽ ഈ വിഷയം അതിന്റെ ഗൗരവത്തോടെ ഉന്നയിക്കാൻ തല പാർട്ടികൾക്ക് പണയം വെച്ചവർക്കാകുന്നില്ല.
മറിച്ച് ആരെ നിർത്തിയാലും കണ്ണടച്ച് പിന്തുണക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കേരളസർക്കാരിന്റെ വിലയിരുത്തലായും ഈ തെരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കുന്നതും കാണാനുണ്ട്. ഒരർത്ഥവുമില്ലാത്ത ആ വാദഗതിയെകുറിച്ചെന്തുപറയാൻ? ആ വിലയിരുത്തൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലാകാം.തുടക്കത്തിൽ പറഞ്ഞപോലെ ഏറ്റവും പ്രധാനം കേന്ദ്രരാഷ്ട്രീയം തന്നെ. അക്കാര്യത്തിലും മലയാളികൾ ഇരുട്ടിൽ തപ്പുകതന്നെയാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളരാഷ്ട്രീയം. മിക്കവാറും സ്ഥലങ്ങളിൽ എൻഡിഎ ഒരു വശത്തും അവരെ എതിർക്കുന്നവർ മറുവശത്തും മുഖാമുഖം അണിനിരക്കുകയാണ്.
അതിനാൽതന്നെ രാജ്യത്ത് ഹിന്ദുരാഷ്ട്രീയം വേണോ മതേതരരാഷ്ട്രീയം വേണോ, ഫാസിസം വേണോ ജനാധിപത്യം വേണോ എന്ന ചോദ്യത്തിന് എളുപ്പത്തിൽ മറുപടി നൽകാൻ വോട്ടർമാർക്കു സാധിക്കുന്നു. എന്നാൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ വർഗ്ഗീയശക്തികൾ ഇവിടെ മൂന്നാംസ്ഥാനത്താണ്. മിക്കവാറും ഒരു സീറ്റും അവർക്ക് ലഭിക്കാനുമിടയില്ല. ഈ സാഹചര്യത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി എൽഡിഎഫോ യുഡിഎഫോ എന്ന ചോദ്യമാണ് ഉയരുന്നത്. തീർച്ചയായും ഈ മത്സരത്തിന് ഒരു സൗഹാർദ്ദ സ്വഭാവമുണ്ട്. എന്നാലതംഗീകരിക്കാൻ ഇരുകൂട്ടരും തയ്യാറാകുന്നില്ല. ഇരുകൂട്ടരും ശക്തമായി മത്സരിക്കണമെന്നതിൽ സംശയമില്ല. രണ്ടുകൂട്ടരും ഒന്നിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. അതവർക്ക് നേട്ടമാകും. മറ്റു സംസ്ഥാനങ്ങളിൽ ഒന്നിച്ചു നിൽക്കുമ്പോഴും കേരളത്തിൽ ശക്തമായി മത്സരിക്കുക തന്നെയാണ് വേണ്ടത്. എന്നാൽ ആത്യന്തികമായി ഒരു സൗഹൃദരാഷ്ട്രീയം ഇരു കൂട്ടർക്കുമിടയിലുണ്ടല്ലോ. തെരഞ്ഞെടുപ്പിനുശേഷം അതു പ്രകടമാകുകയും ചെയ്യും. എന്നാൽ പലപ്പോഴും ഇവരുടെ പോരാട്ടം എൻഡിഎയെ സഹായിക്കുന്നതായി മാറുന്നു. സിപിഎമ്മിന്റെ ഭാഗത്തുനിന്നാണ് അത്തരം നീക്കം കൂടുതൽ കാണുന്നത്. കോൺഗ്രസ്സിന്റെ സമ്പൂർണ നാശമാണ് അവരുടെ കേരളനേതാക്കൾ പലരും ആഗ്രഹിക്കുന്നത്. അവസാനം വടക്കൻ ബിജെപിയിൽ പോയപ്പോഴുള്ള ആഹ്ലാദത്തിൽ പോലും അത് പ്രകടമാണ്. കോൺഗ്രസ്സ് ഇല്ലാതായാൽ ബിജെപിയുമായി മുഖാമുഖം നിൽക്കാമെന്നാണ് അവരിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നതെന്നു വ്യക്തം. ആത്യന്തികമായി അത് തങ്ങളുടേയും നാശത്തിനു കാരണമാണെന്നു അവർ തിരിച്ചറിഞ്ഞാൽ നന്ന്. ശക്തമായതും എന്നാൽ സൗഹാർദ്ദപരവുമായ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ ഇരുപക്ഷവും നടത്തേണ്ടത്. എന്നാൽ പരസ്പരം കടിച്ചുകീറി ബിജെപിയെ സഹായിക്കുന്ന ശൈലിയാണ് ചാനൽ ചർച്ചകളിലടക്കം എവിടേയും കാണുന്നത്.
തീർച്ചയായും വളരെ പ്രസക്തമായ മറ്റൊരു വിഷയം രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലകളാണ്. അതിലും മുന്നിൽ സിപിഎമ്മും ബിജെപിയുമാണ്. അതിനെ കേവലം ഒറ്റപ്പെട്ട വിഷയങ്ങളായി കാണാനാവില്ല. ഇരുവിഭാഗങ്ങളുടേയും രാഷ്ട്രീയമായി അത് ബന്ധപ്പെട്ടുകിടക്കുന്നു. ആത്യന്തികമായി ഇരുകൂട്ടരും ജനാധിപത്യത്തിലും തെരഞ്ഞെടുപ്പിലുമെല്ലാം എത്രത്തോളം വിശ്വസിക്കുന്നു എന്നു പരിശോധിക്കണം. ഹിന്ദുത്വരാഷ്ട്രം ആത്യന്തികലക്ഷ്യമായി കാണുന്നവരും തൊിലാളി വർഗ്ഗസർവ്വാധിപത്യം കിനാവു കാണുന്നവരും ജനാധിപത്യത്തിൽ പങ്കെടുക്കുന്നത് നിവൃത്തി കേടുകൊണ്ടാണ്.
അതിനാൽതന്നെ ജനാധിപത്യത്തിൽ അനിവാര്യമായ പ്രതിപക്ഷബഹുമാനവും സംവാദാത്മകമായ അന്തരീക്ഷവും ഇവർക്കറിയില്ല. സ്വാഭാവികമായും എത്തുക അറുംകൊലകളിൽതന്നെ. അതാണ് കേരളത്തിൽ സംഭവിക്കുന്നത്. മതഫാസിസത്തോടൊപ്പം രാഷ്ട്രീയഫാസിസവും കൂടിയതാണ് ബിജെപിയെങ്കിൽ രാഷ്ട്രീയഫാസിസത്തിന്റെ രൂപമാണ് സിപിഎം. ഈ ജനാധിപത്യവിരുദ്ധമായ നിലപാടുകളെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ചോദ്യം ചെയ്യാനാണ് വോട്ടർമാർ തയ്യാറാവേണ്ടത്. എന്നലതും നടക്കുന്നില്ല. ആരാണ് കൂടുതൽ കൊന്നത്, ആർക്കാണ് കൂടുതൽ രക്തസാക്ഷികൾ എന്നതാണ് പ്രധാന ചർച്ചാവിഷയം. ഇത്തരത്തിൽ ഒട്ടും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ചർച്ചകളാണ് രാഷ്ട്രീയപ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന കേരളത്തിൽ കാണുന്നത്. അഥവാ നമ്മൾ തികച്ചും അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നു എന്നതാണ് വസ്തുത.






