Sorry, you need to enable JavaScript to visit this website.

ക്രൈസ്റ്റ്ചര്‍ച്ച് കൂട്ടക്കൊല: മുസ്ലിം കുടിയേറ്റമാണ് പ്രശ്‌നമെന്നു പറഞ്ഞ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്- Video

മെല്‍ബണ്‍- ന്യൂസിലന്‍ഡിലെ രണ്ടു പള്ളികളില്‍ 49 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രണണത്തിനു കാരണം മുസ്ലിം കുടിയേറ്റമാണെന്നു പറഞ്ഞ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ഫ്രേസര്‍ ആനിംഗിനെതിരെ വ്യാപക പ്രതിഷേധം. ഈ ആക്രമണവും മുസ്ലിം കുടിയേറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ എന്നായിരുന്നു ക്വീന്‍സ്‌ലാന്‍ഡില്‍ നിന്നുള്ള സെനറ്ററായ ഫ്രേസറുടെ ട്വീറ്റ്. ഈ വംശീയ വിദ്വേഷപരമായ പരാമര്‍ശത്തിനെതിരെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. വ്യാപക പ്രതിഷേധവും ഉയര്‍ന്നു. 

ഇതിനിടെ മെല്‍ബണില്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സ്ംസാരിക്കുന്നതിനിടെ ഫ്രേസര്‍ക്കെതിരെ ഒരു കൗമാരക്കാരന്‍ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പിന്നില്‍ നിന്ന് തലയില്‍ മുട്ടയെറിഞ്ഞ 17-കാരനെ ഫ്രേസര്‍ തിരിഞ്ഞ് മുഖത്തടിക്കുയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൗമാരക്കാരനെ കീഴ്‌പ്പെടുത്തി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുറ്റങ്ങളൊന്നും ചുമത്താതെ പയ്യനെ പോലീസ് വിട്ടയച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഫ്രേസറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാമന്ത്രി മോറിസണാണ് ഏറ്റവും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരില്‍ ഒരാള്‍. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദും ഫ്രേസര്‍ക്കെതിരെ രംഗത്തെത്തി.

'ഒരു അക്രമകാരിയായ വലതുപക്ഷ തീവ്രവാദിയും ഭീകരനുമായ ആള്‍ ന്യൂസീലന്‍ഡില്‍ നടത്തിയ ദാരുണ കൊലയ്ക്ക് കുടിയേറ്റത്തെ പഴിക്കുന്ന സെനറ്റര്‍ ഫ്രേസറുടെ പരാമര്‍ശങ്ങള്‍ വെറുപ്പുളവാക്കുന്നതാണ്. ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് എന്നല്ല, ഓസ്‌ട്രേലിയയില്‍ തന്നെ സ്ഥാനമില്ല,' ഓസീസ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദുഖകരമായ ഒരു സമയത്ത് ഫ്രേസര്‍ ആക്രമത്തിന്റേയും തീവ്രവാദത്തിന്റേയും ജ്വാലകള്‍ ആളിക്കത്തിക്കുകയാണ്. ഈ വംശീയ വിദ്വേഷി ഓസ്‌ട്രേലിയക്കാരെ നാണംകെടുത്തും. ഇദ്ദേഹം നമ്മുടെ ഓസ്‌ട്രേലിയന്‍ സുഹൃത്തുക്കളെ പ്രതിനിധീകരിക്കുന്നില്ല- എന്നായിരുന്നു ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സാജിദ് ജാവിദിന്റെ പ്രതികരണം.

Latest News