പാലക്കാട്- ട്രെയിനില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 3.48 കിലോഗ്രാം സ്വര്‍ണാഭരണങ്ങളുമായി മൂന്ന് രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. പാലി സിരോഷി സുമേര്‍പുറിലെ ധര്‍മേന്ദ്ര കുമാര്‍(30), സിരോഷി വേരാ രാംപുരയിലെ ഭൂപേന്ദ്ര സിങ്(20), സിരോഷി പൊസാലിയയിലെ റെഞ്ജര്‍ സിങ്(26) എന്നിവരാണ് ഒലവക്കോട്ട് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് ആഭരണങ്ങള്‍ തൃശൂരിലേക്കു കടത്താന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 10 മണിക്കാണ് ആര്‍.പി.എഫ് ക്രൈം ഇന്റലിജന്റ്‌സ് ബ്രാഞ്ചും നോര്‍ത്ത് പോലീസും നടത്തിയ പരിശോധനയില്‍ ആഭരണങ്ങള്‍ പിടികൂടിയത്. കോര്‍ബ തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്ന ഇവര്‍ പരിശോധക സംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ആര്‍.പി.എഫ് ക്രൈം ബ്രാഞ്ച് എസ്.ഐ ടി.ആര്‍.അനീഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്‍, കോണ്‍സ്റ്റബിള്‍ വി.സവിന്‍, അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരിശോധന നടത്തിയത്.






