Sorry, you need to enable JavaScript to visit this website.

49 പേരെ വെടിവച്ചു കൊന്ന ക്രൈസ്റ്റ്ചര്‍ച്ച് ഭീകരന് കോടതി മുറിയില്‍ ചിരി

ക്രൈസ്റ്റ്ചര്‍ച്ച്- ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടു മുസ്ലിം പള്ളികളില്‍ ജുമുഅ പ്രാര്‍ത്ഥനയ്‌ക്കെത്തിയ 49 വിശ്വാസികളെ കൂട്ടമായി വെടിവെച്ചു കൊലപ്പെടുത്തിയ വലതുപക്ഷ ക്രിസ്ത്യന്‍ തീവ്രവാദി ബ്രന്റന്‍ ഹാരിസന്‍ ടറന്റിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. കൈവിലങ്ങണിയിച്ച് വെളുത്ത ജയില്‍ വസ്ത്രമണിഞ്ഞാണ് ടറന്റ് കോടതി മുറിയിലെത്തിയത്. ചെരിപ്പും ധരിച്ചിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കുമ്പോള്‍ കാമറകളെ നോക്കി ചിരിക്കുകയായിരുന്നു പ്രതി. കോടതി നടപടികള്‍ക്കിടെ ഒരക്ഷരം പോലും ഉരിയാടിയില്ല. കോടതി മുറിയിലെത്തിയ മാധ്യമ പ്രര്‍ത്തകരെ നോക്കുകയായിരുന്നു അധിക സമയവും. ഇയാള്‍ക്കായി കോടതി നിയോഗിച്ച അഭിഭാഷകന്‍ ജാമ്യാപേക്ഷയും നല്‍കിയില്ല. പ്രതിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് പോലീസ് പറഞ്ഞു. ഇരു വശങ്ങളിലും രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും പ്രതിക്കുണ്ടായിരുന്നു. ബ്രന്റന്‍ ടറന്റിനെ റിമാന്‍ഡ് ചെയ്ത കോടതി ഏപ്രില്‍ അഞ്ചിന് സൗത്ത് ഐലന്‍ഡ് ഹൈക്കോടതിയില്‍ പ്രതിയെ ഹാജരാക്കാന്‍ ഉത്തരവിട്ടു.

ഇയാള്‍ നടത്തിയ ഭീകരാക്രമണമാണെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 28-കാരന്‍ ബ്രന്റന്‍ ടറന്റ് ഓസ്‌ട്രേലിയന്‍ പൗരനാണ്. ഇയാള്‍ വലതു പക്ഷ തീവ്രവാദിയും ആക്രമകാരിയായ ഭീകരുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനന്ത്രി സ്‌കോട്ട് മോറിസണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെളുത്ത വര്‍ഗക്കാരുടെ മേല്‍ക്കോയ്മയ്ക്കായി വാദിക്കുന്ന തീവ്രവാദിയാണ് പ്രതി.
 

Latest News