റോം- ബലാത്സംഗത്തിനിരയായി എന്നു പരാതിപ്പെട്ട യുവതി വിരൂപിയാണെന്നും അതുകൊണ്ട് തന്നെ കേസ് വിശ്വസനീയമല്ലെന്നുമുള്ള കോടതി വിധിയെ കുറിച്ച് അന്വേഷിക്കാന്‍ ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. വിവാദ വിധിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മാനഭംഗം ചെയ്യാനുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറ്റലിയിലെ അപ്പീല്‍ കോടതി ഇരയെ പൂര്‍ണ്ണമായി തള്ളി പ്രതികളെ വെറുതെവിട്ടത്. 2015 ലാണ് പെറുവിയന്‍ സ്വദേശിയായ യുവതി പീഡനം ആരോപിച്ച് കേസ് ഫയല്‍ ചെയ്തത്. പെറുവില്‍നിന്നുള്ള രണ്ട് യുവാക്കളായിരുന്നു പ്രതിപ്പട്ടികയില്‍. യുവതിയുടെ വാദം അംഗീകരിച്ചുകൊണ്ട് 2016ല്‍ യുവാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചു. പക്ഷേ കേസ് പരിഗണിച്ച അങ്കോണയിലെ അപ്പീല്‍ കോടതി യുവതിയുടെ വാദം തള്ളിക്കളഞ്ഞു. യുവതി പറയുന്ന കഥ വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തി.
2017 ലാണ് അപ്പീല്‍ കോടതി നിയോഗിച്ച വനിതാ പാനല്‍ വിധി പ്രസ്താവിച്ചതെങ്കിലും ഇറ്റലിയിലെ ഹൈക്കോടതി കേസില്‍ വീണ്ടും വിചാരണ നടത്താന്‍ തീരുമാനിച്ചതോടെയാണ് അപ്പീല്‍ കോടതി കേസ് തള്ളാന്‍ മുന്നോട്ടു വെച്ച ന്യായങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്. യുവതിക്ക് ആരേയും ആകര്‍ഷിക്കാന്‍ കഴിയില്ലെന്നും ആണിനെ പോലെ തോന്നിക്കുന്നുവെന്നും അപ്പീല്‍ കോടതി ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ട പേരിനു പകരം പുരുഷന്‍മാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് പ്രതികളിലൊരാള്‍ ഫോണില്‍ സേവ് ചെയ്തിരുന്നത്. മാനഭംഗം ചെയ്യപ്പെടാനുള്ള യോഗ്യത യുവതിക്കില്ല. യുവതിയുടെ ചിത്രം ഇതു ശരിവെക്കുന്നുണ്ടെന്നും ജഡ്ജിമാര്‍ കണ്ടെത്തി.
യുവാക്കളില്‍ ഒരാള്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സംഭവസമയം രണ്ടാമത്തെയാള്‍ കാവല്‍നിന്നു. യുവതിയുടെ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ചതിനുശേഷമായിരുന്നു പീഡനം. യുവതിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയിരുന്നു. അവരുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശവും കണ്ടെത്തി. പക്ഷേ, യുവതിതന്നെയാണ് യുവാക്കളെ വശീകരിച്ചതെന്നായിരുന്നു വിവാദമായ വിധിന്യായത്തില്‍ അപ്പീല്‍ കോടതി പറഞ്ഞിരുന്നത്.






