Sorry, you need to enable JavaScript to visit this website.

മാറാട് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ കടല്‍തീരത്ത് മരിച്ച നിലയില്‍

കോഴിക്കോട്- മാറാട് കലാപക്കേസില്‍ പ്രത്യേക കോടതി 12 വര്‍ഷം ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസി(42)ന്റെ മൃതദേഹമാണ് കോഴിക്കോട് ലയണ്‍സ് പാര്‍ക്കിനു പിറകു വശത്തെ ബീച്ചില്‍ കണ്ടെത്തിയത്. ഏകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്‍ കെട്ടിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. നീന്തല്‍ അറിയുന്ന ആള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇങ്ങനെ കല്ലു കെട്ടാറുണ്ടെന്നും മരണം ആത്മഹത്യയാണെന്നു കരുതുന്നതായും വെള്ളയില്‍ പോലീസ് പറഞ്ഞു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്.
മാറാട് കലാപക്കേസില്‍ മാറാട് കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. രണ്ടാം മാറാട് കലാപത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ 33-ാം പ്രതിയായിരുന്നു. നേരത്തെ മാറാട് താമസക്കാരനായ ഇയാള്‍ പിന്നീട് വെള്ളയില്‍ പണിക്കര്‍ റോഡ് ഭാഗത്തു ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. മല്‍സ്യത്തൊഴിലാളിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം കടലില്‍ മീന്‍ പിടിക്കാന്‍ പോകാറുണ്ടായിരുന്നു.
 മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കളോ സുഹൃത്തുക്കളോ രംഗത്തു വന്നിട്ടില്ല.

 

Latest News