പാലക്കാട്- മിസോറം ഗവർണർ സ്ഥാനം രാജിവെച്ച് തിരിച്ചെത്തിയ കുമ്മനം രാജശേഖരനെ ഏറെ പ്രതീക്ഷയോടെ ബി.ജെ.പി സംസ്ഥാന ഘടകം ഏറ്റെടുത്ത് ആനയിക്കുമ്പോൾ മറ്റൊരു മുൻഗവർണർ പാലക്കാട്ട് പാർട്ടി കൽപ്പിച്ചരുളിയ വിശ്രമജീവിതം പരാതികളൊന്നുമില്ലാതെ ആസ്വദിക്കുകയാണ്. മഹാരാഷ്ട്രയുടെ ഗവർണറായി ദീർഘകാലം മുംബൈയിൽ വാർത്തകളിൽ നിറഞ്ഞു നിന്ന കെ. ശങ്കരനാരായണന് ഈ എൺപത്തിയേഴാം വയസ്സിലും പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനു തൊട്ടു പുറകേ മഹാരാഷ്ട്രയിൽ നിന്ന് മണിപ്പൂരിലേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഗവർണർ പദവി വലിച്ചെറിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാവ് സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ ഇപ്പോഴും സജീവമാണ്. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്താൻ ആദ്യഘട്ടത്തിൽ അദ്ദേഹം താൽപര്യം അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം അടക്കിവാഴുന്ന ഗ്രൂപ്പുകൾക്കൊന്നും അതിൽ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് പരാതികളൊന്നുമില്ലാതെ സ്വതഃസിദ്ധ ശൈലിയിൽ നർമസംഭാഷണങ്ങളിലൂടെ ഒരേ സമയം കോൺഗ്രസ് പാർട്ടിയിലേയും പൊതുസമൂഹത്തിലേയും തിരുത്തൽ ശക്തിയായി അദ്ദേഹം വിശ്രമജീവിതം ആസ്വദിക്കുകയാണ്.
കാർഷികമേഖലയിലെ സമരങ്ങളിലൂടെ ചുവന്നു തുടുത്ത പാലക്കാടൻ ഗ്രാമങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയപ്പാർട്ടിക്ക് മേൽവിലാസമുണ്ടാക്കിയെടുക്കുന്നതിൽ കെ. ശങ്കരനാരായണൻ എന്ന നേതാവ് വഹിച്ച പങ്ക് ചെറുതല്ല. പി.ബാലനും കെ.ശങ്കരനാരായണനും ചേർന്ന് ഉഴുതു മറിച്ച മണ്ണിലാണ് പിൽക്കാലത്ത് കോൺഗ്രസ് ജില്ലയിലെ രാഷ്ട്രീയ വിജയങ്ങളെല്ലാം നേടിയെടുത്തത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പി. ബാലൻ വേണ്ടത്ര ശോഭിക്കാതെ പോയപ്പോൾ ശങ്കരനാരായണൻ മികച്ച നേട്ടങ്ങൾ കൊയ്തെടുത്തു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ നിന്നായി നാലു തവണ നിയമസഭയിലെത്തിയ അദ്ദേഹം 77 ലെ കരുണാകരൻ മന്ത്രിസഭയിലൂടെ അധികാരരാഷ്ട്രീയത്തിലും ചുവടുറപ്പിച്ചു. തുടർന്ന് കരുണാകരന്റേയും ആന്റണിയുടേയും നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ലെ ആന്റണി മന്ത്രിസഭയിൽ രണ്ടാമനായി ധനകാര്യ- എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചതായിരുന്നു ഏറ്റവും ശ്രദ്ധേയമായ നേട്ടം. 1985 മുതൽ 2001 വരെ യു.ഡി.എഫ് കൺവീനറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2007 ൽ അരുണാചൽ പ്രദേശിലെ ഗവർണറായി പോയതോടെ കെ. ശങ്കരനാരായണന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമായി. നാഗാലാന്റ്, അസം എന്നീ സംസ്ഥാനങ്ങളുടേയും ഗവർണറായി പ്രവർത്തിച്ച അദ്ദേഹം ആരേയും മോഹിപ്പിക്കുന്ന മഹാരാഷ്ട്ര ഗവർണർ പദവിയിലെത്തുന്നത് 2010 ലാണ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ വന്നിറങ്ങുന്ന വിദേശഭരണാധികാരികളെ രാഷ്ട്രപതിയുടെ പ്രതിപുരുഷനെന്ന അധികാരത്തോടെ സ്വീകരിക്കുന്ന അദ്ദേഹം കുറേക്കാലം വാർത്തകളിൽ നിറഞ്ഞു നിന്നു. മോദി സർക്കാർ അധികാരമേറ്റതിനത്തുടർന്ന് ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു ശങ്കരനാരായണന്റെ മണിപ്പൂരിലേക്കുള്ള മാറ്റം. അത് അവഹേളിക്കലായി കണ്ട് ഗവർണർ പദവി വലിച്ചെറിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ മുതിർന്ന കോൺഗ്രസ് നേതാവ് തീരുമാനിക്കുകയായിരുന്നു.
നാട്ടിലെത്തിയതിനു ശേഷം സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള താൽപര്യം ശങ്കരനാരായണൻ ചില നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഈ കാലയളവിനിടക്ക് കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെ മാറിമറഞ്ഞിരുന്നു. പതിറ്റാണ്ടുകളോളം സംസ്ഥാനത്തെ കോൺഗ്രസിനെ അടക്കിവാണിരുന്ന കെ. കരുണാകരനും എ.കെ.ആന്റണിക്കും പകരം നേതൃത്വത്തിലെത്തിയവർക്കൊന്നും കെ.ശങ്കരനാരായണൻ എന്ന ജനകീയ നേതാവിന്റെ തിരിച്ചുവരവ് അനിവാര്യമായി തോന്നിയില്ല. ആരോടും പരാതി പറയാതെ വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ പൊതുസമൂഹം മുതിർന്ന നേതാവിന്റെ വരവ് ഏതായാലും ആഘോഷിക്കുകയാണ്. ജില്ലയിലെ പ്രധാന സാംസ്കാരിക പരിപാടികളിലെല്ലാം പതിവുകാരനാണ് അദ്ദേഹം ഇപ്പോൾ. യുവതലമുറയിലെ കോൺഗ്രസ് നേതാക്കളും ഉപദേശവും ആശീർവാദവും തേടി ശേഖരീപുരത്തുള്ള ശങ്കരനാരായണന്റെ വസതിയിൽ എത്താറുണ്ട്.
മർമ്മത്ത് കൊള്ളുന്ന തന്റെ വള്ളുവനാടൻ പ്രസംഗശൈലി തന്നെയാണ് ശങ്കരനാരായണന്റെ കരുത്ത്. അത് തെല്ലും ചോർന്നു പോയിട്ടില്ലെന്നതിന് അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾ തന്നെയാണ് തെളിവ്. മൂർച്ചയേറിയ നർമ്മത്തിലൂടെ ആഞ്ഞടിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. അടുത്ത കാലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി കെ.ശങ്കരനാരായണൻ നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. കാലം മാറി. അടുക്കളയിൽ മിക്സിയും ഗ്രൈന്ററും എല്ലാമായി. എങ്കിലും പഴയ അമ്മിയും ആട്ടുകല്ലുമൊന്നും കാട്ടിൽ കളയേണ്ടതില്ല. കറന്റില്ലാതായാൽ മിക്സി പ്രവർത്തിക്കില്ല. അമ്മിയും ആട്ടുകല്ലുമൊക്കെ അടുക്കളയുടെ ഒരു മൂലക്ക് തന്നെ ഇരുന്നോട്ടെ. എപ്പോഴാണ് ആവശ്യം വരിക എന്നറിയുകയില്ലല്ലോ? കയ്യടികൾക്കിടയിൽ കെ.ശങ്കരനാരായണൻ പറഞ്ഞു നിർത്തി.






