Sorry, you need to enable JavaScript to visit this website.

അബ്ശിർ വഴി 13.8 കോടി സേവനങ്ങൾ നൽകി -ജവാസാത്ത്

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി ഇതുവരെ 1.38 കോടിയിലേറെ സേവനങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് നൽകിയതായി സാങ്കേതിക കാര്യങ്ങൾക്കുള്ള സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ബ്രിഗേഡിയർ ഖാലിദ് അൽസൈ്വഖാൻ പറഞ്ഞു. ജവാസാത്തിനു കീഴിലെ മുപ്പതോളം സേവനങ്ങൾ അബ്ശിർ വഴി നൽകുന്നുണ്ട്. അബ്ശിറിൽ 11.6 ദശലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2010 ൽ ഉദ്ഘാടനം ചെയ്ത ശേഷം ഇതുവരെ 13,88,22,409 സേവനങ്ങൾ അബ്ശിർ വഴി ജവാസാത്ത് നൽകി. ഇതിൽ 8,09,79,787 സേവനങ്ങൾ വ്യക്തികൾക്കും 5,78,43,622 സേവനങ്ങൾ സ്ഥാപനങ്ങൾക്കുമാണ് നൽകിയത്. 
തുടക്കത്തിൽ വിദേശികളുടെ റീ-എൻട്രി വിസ മാത്രമാണ് അബ്ശിർ വഴി നൽകിയിരുന്നത്. ഇതിനു ശേഷം ഘട്ടംഘട്ടമായി പുതിയ സേവനങ്ങൾ അബ്ശിറിൽ ഉൾപ്പെടുത്തിയതായും ബ്രിഗേഡിയർ ഖാലിദ് അൽസൈ്വഖാൻ പറഞ്ഞു. സൗദികൾക്ക് പുതിയ പാസ്‌പോർട്ട് അനുവദിക്കൽ, പാസ്‌പോർട്ട് പുതുക്കൽ, തപാൽ വഴി വിലാസക്കാർക്ക് പാസ്‌പോർട്ട് എത്തിക്കൽ, റീ-എൻട്രി വിസ ഇഷ്യൂ ചെയ്യൽ, റീ-എൻട്രി റദ്ദാക്കൽ, ഫൈനൽ എക്‌സിറ്റ് ഇഷ്യൂ ചെയ്യൽ, റദ്ദാക്കൽ, ഇഖാമ കാലാവധി അന്വേഷണം, റീ-എൻട്രി വിസ സ്റ്റാറ്റസ് അന്വേഷണം, ജവാസാത്ത് ഡയറക്ടറേറ്റ് സിസ്റ്റത്തിൽ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കൽ, വിരലടയാള രജിസ്‌ട്രേഷൻ അന്വേഷണം, വിദേശ തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകൽ (ഹുറൂബാക്കൽ), ഹെൽത്ത് ഇൻഷുറൻസ് കാലാവധി അന്വേഷണം, പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം, പുതിയ ഇഖാമ ഇഷ്യു ചെയ്യൽ, ഇഖാമ പുതുക്കൽ, ഇഖാമ വിലാസക്കാർക്ക് എത്തിച്ചുനൽകൽ, പുതിയ വിസയിൽ എത്തിയ തൊഴിലാളികളെയും വിസിറ്റ് വിസയിൽ എത്തിയവരെയും കുറിച്ച അന്വേഷണം, ഹജ് നിർവഹിക്കുന്നതിനുള്ള അർഹതയെ കുറിച്ച അന്വേഷണം, ഹജ് കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം ഇഷ്യൂ ചെയ്യൽ, സൗദി വനിതകളുടെ വിദേശയാത്രക്ക് അനുമതി പത്രം ഇഷ്യൂ ചെയ്യൽ, റദ്ദാക്കൽ, സൈനികർക്ക് വിദേശ യാത്രക്ക് അനുമതി പത്രം ഇഷ്യൂ ചെയ്യൽ, പാസ്‌പോർട്ട് വിവരങ്ങൾ പരിശോധിക്കൽ, വിസിറ്റ് വിസ ദീർഘിപ്പിക്കൽ, ജവാസാത്ത് ഡയറക്ടറേറ്റിനെ നേരിട്ട് സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യൽ, വിദേശികളുടെ ഇഖാമ വിവരങ്ങൾ രേഖപ്പെടുത്തിയ പ്രിന്റൗട്ട് എന്നിവ അടക്കമുള്ള സേവനങ്ങൾ അബ്ശിർ വഴി ജവാസാത്ത് ഡയറക്ടറേറ്റ് നൽകുന്നുണ്ട്. 
അബ്ശിർ ഉപയോക്താക്കളെ നാലു വിഭാഗമായി തരംതിരിച്ചാണ് സേവനങ്ങൾ നൽകുന്നത്. വ്യക്തികൾക്കുള്ള അബ്ശിർ, നൂറും അതിൽ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഉടമകൾക്ക് സേവനം നൽകുന്നതിനുള്ള അബ്ശിർ മുഖീം, നൂറിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഉടമകൾക്ക് സേവനം നൽകുന്നതിനുള്ള അബ്ശിർ ബിസിനസ്, സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും സേവനങ്ങൾ നൽകുന്നതിനുള്ള അബ്ശിർ ഗവൺമെന്റ് എന്നീ നാലു വിഭാഗങ്ങളാണ് അബ്ശിറിൽ ഉള്ളത്. 
 

Latest News