ന്യൂദല്‍ഹി- മ്യാന്മറില്‍ ഇന്ത്യയുടെ കലാഡന്‍ മെഗാ പദ്ധതിക്ക് ഭീഷണി ഉയര്‍ത്തിയ തീവ്രവാദി ഗ്രൂപ്പിന്റെ പത്ത് ക്യാമ്പുകള്‍ ഇന്ത്യയുടെ സഹായത്തോടെ മ്യാന്മര്‍ സൈന്യം തകര്‍ത്തു. ഓപ്പറേഷന്‍ സണ്‍റൈസ് എന്നു പേരിട്ട സൈനിക നടപടി കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്നില്ലെങ്കിലും അതിര്‍ത്തിയില്‍ വന്‍ സൈനിക സന്നാഹം ഒരുക്കിയിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. മിസോറാം ഭാഗത്തായിരുന്നു സൈനിക സന്നാഹം.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെയായിരുന്നു സംയുക്ത സൈനിക നടപടി. മ്യാന്മര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ച കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മി (കെഐഎ) പരിശീലനം നല്‍കുന്ന അറാക്കന്‍ ആര്‍മിയുടെ ക്യാമ്പുകളാണ് തകര്‍ത്തത്. കഐഎക്ക് ചൈനയുടെ പിന്തുണ ലഭിക്കുന്നുവെന്നും സംശയിക്കുന്നു.
അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചും നിരീക്ഷണ സാമഗ്രികള്‍ നല്‍കിയും മ്യാന്മര്‍ പട്ടാളത്തെ സഹായിക്കുക മാത്രമാണ് ഇന്ത്യന്‍ സേന ചെയ്തതെന്നും ഒറ്റ സൈനികനും അതിര്‍ത്തി കടന്നിട്ടില്ലെന്നും കരസേനാ വൃത്തങ്ങള്‍ പറഞ്ഞു. മ്യാന്മര്‍ സൈന്യമാണ് നടപടി പൂര്‍ത്തിയാക്കിയത്.
2015 നുശേഷം ആയിരത്തോളം അറാക്കന്‍ ആര്‍മി അംഗങ്ങള്‍ കലാഡന്‍ പദ്ധിക്കു സമീപമുള്ള പ്രദേശത്ത് ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. ഇത് അവിടെ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു. ചൈനയോട് ചേര്‍ന്നുള്ള വടക്കന്‍ മ്യാന്മറിലെ കച്ചിന്‍ പ്രദേശത്തുനിന്ന് അറാക്കന്‍ ആര്‍മി തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.
കൊല്‍ക്കത്ത തുറമുഖവും മ്യാന്മറിലെ സിറ്റ്‌വെ തുറമുഖവും തമ്മില്‍ ബന്ധിപ്പിക്കന്ന മള്‍ട്ടി മോഡല്‍ ഗാതഗത പദ്ധതിയാണ് കലാഡന്‍. സിറ്റ്‌വെ തുറമുഖത്തെ തുടര്‍ന്ന് കലാഡന്‍ നദീബോട്ട് റൂട്ട് വഴി പലേറ്റ്‌വയുമായി ബന്ധിപ്പിക്കും. പലേറ്റ്‌വയില്‍നിന്ന് റോഡ് വഴി മിസോറാമിലെത്തുന്നതാണ് മൊത്തം പദ്ധതി.
അറാക്കന്‍ ആര്‍മിയുയേടും നാഗാ തീവ്രവാദി സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്റിന്റേയും (ഖപ്‌ലാങ്) ഭീഷണി ചെറുക്കുന്നതിനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ ഇന്ത്യയുടേയും മ്യാന്മറിന്റേയും സൈന്യം കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിരുന്നു. നാഗാ തീവ്രവാദി സംഘടനയുമായി മ്യാന്മര്‍ സൈന്യം വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നെങ്കിലും കഴിഞ്ഞ മാസം അവരുടെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറാക്കന്‍ ആര്‍മിക്കെതിരെ മ്യാന്മര്‍ സൈന്യം നടപടി ആരംഭിച്ചത്. അറാക്കന്‍ ജനതയുടെ സ്വാതന്ത്ര്യവും സമാധാനവും ലക്ഷ്യമായി പ്രഖ്യാപിച്ച് റാഖൈന്‍ സംസ്ഥാനത്ത് 2009 ഏപ്രില്‍ പത്തിനാണ് അറാക്കന്‍ ആര്‍മി പ്രവര്‍ത്തനം തുടങ്ങിയത്.