ഏറനാട്ടിൽ  അന്നങ്ങനെ; പൊന്നാനിയിൽ  ഇന്നിങ്ങനെ

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്വതന്ത്രസ്ഥാനാർഥിയായി പി.വി. അൻവർ രംഗത്തെത്തുമ്പോൾ സി.പി.ഐ ഒരു രാഷ്ട്രീയ സത്യം തിരിച്ചറിയുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നും വിജയമാണ് മുഖ്യ ലക്ഷ്യമെന്നുമുള്ള രാഷ്ട്രീയപാഠം. വർഷങ്ങൾക്ക് മുമ്പ് സി.പി.ഐയെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെല്ലുവിളിച്ച അൻവർ ഇന്ന് സി.പി.ഐ കൂടി ഉൾപ്പെട്ട ഇടതുമുന്നണിയുടെ പിന്തുണയിൽ മൽസരിക്കുമ്പോൾ ചരിത്രം നിശ്ശബ്്ദമാകുന്നു. 
എട്ടു വർഷം മുമ്പ് ഏറനാട് നിയമസഭാ മണ്ഡലത്തിലും അഞ്ചു വർഷം മുമ്പ് വയനാട് ലോക്‌സഭാ മണ്ഡലത്തിലും നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.ഐയുടെ എതിരാളികളിലൊരാളായിരുന്ന അൻവർ ഇന്ന് സി.പി.ഐയുടെ കൂടി അനുവാദത്തോടെ ഇടതുപാളയത്തിലാണ്. സി.പി.ഐയെ പലഘട്ടങ്ങളിലും വെല്ലിവിളിക്കാൻ അൻവറിന് ഊർജം നൽകിയത് സി.പി.എമ്മായിരുന്നു എന്നതും രാഷ്ട്രീയ സത്യം. തെരഞ്ഞെടുപ്പിൽ ജയസാധ്യതയാണ് പ്രധാനമെന്നറിഞ്ഞതോടെ പഴയ പിണക്കങ്ങളെല്ലാം മാറ്റിവച്ച് സി.പി.ഐ പൊന്നാനിയിൽ അൻവറിനായി വോട്ടു പിടിക്കുകയാണ്.2011 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥി സി.പി.ഐയുടെ അഷ്‌റഫലി കളത്തിലായിരുന്നു. എന്നാൽ സി.പി.എം പിന്തുണച്ചതാകട്ടെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച പി.വി.അൻവറിനെയും. അൻവറിനെ സ്ഥാനാർഥിയാക്കണമെന്ന സി.പി.എം ആവശ്യം സി.പി.ഐ. ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾ തള്ളുകയായിരുന്നു. അതോടെ മുന്നണി മര്യാദകൾ മറന്ന് സി.പി.എം  ചെയ്തത് സ്വതന്ത്രനായി മൽസരിച്ച അൻവറിനെ പിന്തുണക്കലായിരുന്നു. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ സി.പി.ഐ  സ്ഥാനാർഥി അഷറഫലി ബി.ജെ.പിയേക്കാൾ പിന്നിലായി നാലാം സ്ഥാനത്താണ് എത്തിയത്. മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കമ്യൂണിസ്റ്റ് സ്ഥാനാർഥി ബി.ജെ.പിക്ക് പിന്നിലെത്തിയത് ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു. 
സി.പി.എം പിന്തുണച്ച അൻവർ നേടിയത് 47,243 വോട്ടുകളായിരുന്നു. സി.പി.ഐ  മത്സരിപ്പിച്ച അഷറഫലിക്ക് കിട്ടിയത് 2700 വോട്ടുകൾ. ബി.ജെ.പി സ്ഥാനാർഥി കെ.പി. ബാബുരാജിന് 3448 വോട്ടുകൾ ലഭിച്ചു. അന്ന് എറനാട്ടിൽ വിജയം മുസ്‌ലിം ലീഗിലെ പി.കെ. ബഷീറിനായിരുന്നു.
അൻവറിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾക്ക് തുടക്കമിട്ടത് ആ തെരഞ്ഞെടുപ്പിലായിരുന്നു. 
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ വയനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായതും സി.പി.ഐയെ എതിർത്തുകൊണ്ടായിരുന്നു. സി.പി.ഐയുടെ ഔദ്യോഗിക സ്ഥാനാർഥി സത്യൻ മൊകേരി മൽസര രംഗത്തുണ്ടായിരിെേക്ക വയനാട്ടിൽ അൻവറും സ്വതന്ത്രനായി മൽസരിച്ചു. എന്നാൽ ഇത്തവണ സി.പി.എമ്മിന്റെ പൂർണ പിന്തുണ അൻവറിനുണ്ടായിരുന്നില്ല. അൻവറിനെ മൽസരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സി.പി.എം ശ്രമിച്ചതുമില്ല. തെരഞ്ഞെടുപ്പിൽ സി.പി.ഐ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അൻവറിന്റെ സ്ഥാനാർഥിത്വം സി.പി.ഐ സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായെന്നും വിലയിരുത്തപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർഥി എം.ഐ. ഷാനവാസിനോട് സത്യൻ മൊകേരി പരാജയപ്പെട്ടത് 20,870 വോട്ടുകൾക്കായിരുന്നു. പി.വി. അൻവറിന് ലഭിച്ചതാകട്ടെ 37,123 വോട്ടുകളും. 
അൻവർ മൽസര രംഗത്തില്ലായിരുന്നെങ്കിൽ അന്ന് വയനാട്ടിലെ തെരഞ്ഞെടുപ്പു ഫലം മറ്റൊന്നാകുമായിരുന്നെന്ന് സി.പി.ഐ ഇന്നും വിശ്വസിക്കുന്നുണ്ട്. എന്നാൽ പഴയ കോൺഗ്രസുകാരനായ അൻവർ നേടിയത് കോൺഗ്രസിന്റെ വോട്ടുകളാണെന്നാണ് സി.പി.എം പ്രചരിപ്പിച്ചത്. കുറെ സി.പി.എം വോട്ടുകളെങ്കിലും അൻവറിന്റെ പെട്ടിയിലേക്ക് പോയെന്ന പരാതി സി.പി.ഐക്കുണ്ടായിരുന്നു. 
സി.പി.ഐയെ പിണക്കിയിട്ടാണെങ്കിലും അൻവറിനെ കൂടെ നിർത്തുമെന്ന സി.പി.എമ്മിന്റെ പ്രഖ്യാപനമായിരുന്നു 2011 ലെ ഏറനാട് തെരഞ്ഞെടുപ്പ്. അൻവറിനെ മൽസരിപ്പിച്ചതിനെ ചൊല്ലി സി.പി.ഐ ജില്ലാ നേതൃത്വം സി.പി.എമ്മുമായി കലഹിച്ചെങ്കിലും പിന്നീട് അൻവറിന് വേണ്ടിയുള്ള സി.പി.എം വാദങ്ങൾക്ക് അവർ മൗനസമ്മതം നൽകുകയായിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി സി.പി.എം രംഗത്തിറക്കിയപ്പോഴേക്കും സി.പി.ഐക്ക് ചിത്രം വ്യക്തമായിക്കഴിഞ്ഞിരുന്നു. എതിർപ്പിന്റെ സ്വരമേതുമില്ലാതെ അൻവറിനെ നിലമ്പൂരിലെ ഇടതു സ്വതന്ത്രനായി സി.പി.ഐയും അംഗീകരിച്ചു.നിലമ്പൂരിൽ അൻവർ നേടിയ ജയം സി.പി.ഐയുടെ പഴയ എതിർപ്പുകൾക്കുള്ള സി.പി.എമ്മിന്റെ മറുപടി കൂടിയായിരുന്നു. ഇത്തവണ പൊന്നാനിയിലേക്ക് അൻവറിനെ സി.പി.എം ജില്ലാ കമ്മിറ്റി പരിഗണിച്ചപ്പോഴും സി.പി.ഐ എതിർപ്പുയർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിൽ ശത്രുതക്ക് സ്ഥാനമില്ലെന്നും ജയമാണ് പ്രധാനമെന്നുമുള്ള പാഠമുൾക്കൊണ്ടാണ് പഴയതെല്ലാം മറന്ന് പൊന്നാനിയിൽ സി.പി.ഐക്കാർ അൻവറിന് ജയ് വിളിക്കുന്നത്.

Latest News