മൂന്ന് എം.പിമാർ, മൂന്ന് എം.എൽ.എമാർ, ഒരു പ്രധാനമന്ത്രി, രണ്ട് മുഖ്യമന്ത്രിമാർ... ഇന്ത്യയിലെയെന്നല്ല ലോകത്തൊരിടത്തുമുണ്ടാവില്ല ഗൗഡ കുടുംബം പോലെയൊന്ന്. ദേവഗൗഡ പ്രധാനമന്ത്രിയായത് ഭാഗ്യം കൊണ്ടാണെന്ന് പലരും കരുതുന്നു. എന്നാൽ ഗൗഡ കുടുംബം രാഷ്ട്രീയത്തിൽ പിടിമുറുക്കിയത് തന്ത്രപൂർവമായ ഇടപെടലുകൾ കൊണ്ടാണ്. പാർട്ടി അതിനിടയിൽ കുടുംബമായി മാറി. ജനതാദൾ എന്ന ആൽമരം കർണാടകയുടെ ഒരു മൂലയിൽ മാത്രം തളിർക്കുന്ന കുടുംബവൃക്ഷമായി മാറി...
ഹരദനഹള്ളി ദൊഡ്ഡെഗൗഡ ദേവഗൗഡയെ പോലെ ഭാഗ്യം ചെയ്തയാൾ ഇന്ത്യയിൽ ആരാണുണ്ടാവുക? 1996 ൽ പ്രധാനമന്ത്രി പദത്തിലേറുമ്പോൾ രാഷ്ട്രീയമറിയുന്നവരിൽപോലും ദേവഗൗഡ സുപരിചിതനായിരുന്നില്ല. ജ്യോതിബസുവിനെ പോലെ അതികായന്മാർക്ക് പാർട്ടി കൂച്ചുവിലങ്ങിട്ടപ്പോൾ കുറുക്കുവഴിയിലൂടെ ഗൗഡ പ്രധാനമന്ത്രി പദം അലങ്കരിച്ചു. അന്ന് ജനതാദൾ എന്ന വടവൃക്ഷത്തിന്റെ തണലിലായിരുന്നു ദേവഗൗഡ. ഇന്ന് ഗൗഡ കുടുംബം തന്നെ രാഷ്ട്രീയത്തിലെ വടവൃക്ഷമായി മാറി. മക്കളും പേരമക്കളുമൊക്കെ രാഷ്ട്രീയ വേഷമിട്ടു. ജനതാദൾ സെക്യുലർ എന്ന പാർട്ടി കർണാടകയുടെ ഒരു മൂലയിലൊതുങ്ങിയാലെന്ത്? ദേവഗൗഡ കുടുംബം രാഷ്ട്രീയത്തിൽ പൂത്തുതളിർക്കുകയാണ്. ഗൗഡ കുടുംബത്തിൽനിന്ന് മൂന്നു പേർ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവും.
എച്ച്.ഡി ദേവഗൗഡയും മകൻ എച്ച്.ഡി കുമാരസ്വാമിയും പരസ്യമായി കരയാൻ മടിയില്ലാത്തവരാണ്. എന്നാൽ വൈകാരികാവേശത്തിലെടുക്കുന്നതല്ല അവരുടെ രാഷ്ട്രീയ നീക്കങ്ങളൊന്നും. തണുത്ത കണക്കുകൂട്ടലുകളോടെയാണ് അവരുടെ ഓരോ ചുവടുവെപ്പും. ദരിദ്രമായ കർഷക കുടുംബത്തിൽ വളർന്ന ദേവഗൗഡ കർണാടകയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതുകയാണ്.
എൺപത്താറുകാരനായ ദേവഗൗഡ ഏഴ് തവണ എം.എൽ.എയായി. കർണാടക മുഖ്യമന്ത്രിയായി. ഏഴു തവണ എം.പിയായി. ഒരു തവണ പ്രധാനമന്ത്രിയായി. മകൻ എച്ച്.ഡി കുമാരസ്വാമി രണ്ടാം തവണയാണ് കർണാടകയിൽ മുഖ്യമന്ത്രിയാവുന്നത്. കുമാരസ്വാമിയുടെ ഭാര്യ അനിത കർണാടകയിൽ എം.എൽ.എയാണ്. ഭാര്യയും ഭർത്താവും ഒരേ നിയമസഭയിൽ അംഗങ്ങളാവുന്നത് അപൂർവ നേട്ടമാണ്. മറ്റൊരു മകൻ എച്ച്.ഡി രേവണ്ണ ജ്യേഷ്ഠന്റെ മന്ത്രിസഭയിൽ മന്ത്രിയാണ്. ബന്ധുക്കളിൽ പലരും മന്ത്രിസഭയിലുണ്ട്.
വരുന്ന തെരഞ്ഞെടുപ്പിൽ കുമാരസ്വാമിയുടെ മകൻ എച്ച്.ഡി നിഖിൽ മാണ്ഡ്യയിൽ ജനാതൾ-എസ് സ്ഥാനാർഥിയാവും. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണ ഹാസനിൽ മത്സരിക്കും. ദേവഗൗഡ മൈസൂരുവിൽ സ്ഥാനാർഥിയാവും. തൂക്കുപാർലമെന്റാണ് വരുന്നതെങ്കിൽ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യത കൽപിക്കപ്പെടുന്നവരിലൊരാളാണ് ദേവഗൗഡ. ഹാസനായിരുന്നു ദേവഗൗഡയുടെ മണ്ഡലം. ഹാസൻ പേരമകന് വിട്ടുകൊടുത്ത ദേവഗൗഡ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ മൈസൂരു വേണമെന്ന് വാശിപിടിക്കുകയാണ്. മൈസൂരു ഉറച്ച മണ്ഡലമാണ്. പഴയ സുഹൃത്തും ഇപ്പോൾ ബദ്ധവൈരിയുമായ കോൺഗ്രസ് നേതാവ് സിദ്ധാരാമയ്യയുടെ തട്ടകം കൂടിയാണ് ഇത്. മൈസൂരുവിൽ സീറ്റ് കിട്ടിയാൽ ദേവഗൗഡക്ക് ഒരു വെടിക്ക് രണ്ടു പക്ഷിയാണ്. ജയം ഉറപ്പാണ്, ഒപ്പം സിദ്ധാരാമയ്യയോട് കണക്കും തീർക്കാം. തന്റെ ഇഷ്ടക്കാരനായ വിജയശങ്കറിനു വേണ്ടി മൈസൂരു ആവശ്യപ്പെടുകയാണ് സിദ്ധാരാമയ്യ. എല്ലാം ഉദ്ദേശിച്ചതുപോലെ നടന്നാൽ ഗൗഡ കുടുംബത്തിൽ മൂന്ന് എം.പിമാരും മൂന്ന് എം.എൽ.എമാരുമുണ്ടാവും.
സോഷ്യലിസ്റ്റ് ജനതാ പാർട്ടിയുടെയും അതിന്റെ പിൻഗാമിയായി വന്ന ജനതാദളിന്റെയും നേതാവായിരുന്നു ദൗവഗൗഡ. രാമകൃഷ്ണ ഹെഗ്‌ഡെ മന്ത്രിസഭയിൽ അംഗമായാണ് തുടക്കം. പിന്നീട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി. ഒപ്പം പാർട്ടി ക്ഷയിച്ചു വന്നു. 1999 ലാണ് ജനതാദൾ എസ് രൂപീകരിക്കുന്നത്. ഇന്ന് കർണാടകയിൽ ചില പ്രദേശങ്ങളിൽ മാത്രം സ്വാധീനമുള്ള പാർട്ടിയാണ് ജനതാദൾ-എസ്. കുടുംബത്തിനപ്പുറത്തേക്ക് കാണാത്ത പാർട്ടിയായി ജനതാദൾ-എസ് മാറി. സിദ്ധാരാമയ്യയെ പോലെ ജനകീയ പിന്തുണയുള്ള നേതാക്കൾ പാർട്ടി വിടാൻ നിർബന്ധിതരായി.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനതാദൾ എസിനു കിട്ടിയത് രണ്ടു സീറ്റാണ് -മാണ്ഡ്യയും ഹാസനും. രണ്ടിടത്തും പേരമക്കളെ മത്സരിപ്പിക്കാനാണ് ദേവഗൗഡയുടെ തീരുമാനം. ജയിക്കാവുന്ന മറ്റൊരു മണ്ഡലം ചോദിച്ചുവാങ്ങി അവിടെ സ്വയം ഇറങ്ങാൻ ദേവഗൗഡയും തീരുമാനിച്ചു.
പ്രജ്വലിനെ ദീർഘകാലമായി രാഷ്ട്രീയ പിൻഗാമിയായി ദേവഗൗഡയും രേവണ്ണയും വളർത്തിക്കൊണ്ടുവരികയായിരുന്നു. എന്നാൽ കർണാടക സിനിമയിൽ സജീവമായ നിഖിലിന്റെ രാഷ്ട്രീയപ്രവേശം അപ്രതീക്ഷിതമായിരുന്നു. ദേവഗൗഡ കുടുംബത്തിലെ പടലപ്പിണക്കങ്ങളാണ് ഇതിനു കാരണം. ഗൗഡയുടെ രാഷ്ട്രീയ അന്തരാവകാശം രേവണ്ണയുടെ കുടുംബത്തിലേക്ക് പോവാതെ നോക്കാൻ കുമാരസ്വാമി എടുത്ത തന്ത്രമാണ് നിഖിലിന്റെ സ്ഥാനാർഥിത്വം. കുടുംബത്തിനുള്ളിലെ കുടുംബവഴക്ക് പരസ്യമായ രഹസ്യമാണ്.
മാണ്ഡ്യയിലും ഹാസനിലും ജനതാദൾ എസിന് കോൺഗ്രസ് റിബലുകളെ നേരിടേണ്ടി വന്നേക്കും. മാണ്ഡ്യയിൽ നാലു മാസം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയോടെ ജനതാദൾ എസിന്റെ എൽ.ആർ. ശിവരാമെ ഗൗഡയാണ് ജയിച്ചത്. അദ്ദേഹത്തെ മാറ്റിയാണ് നിഖിൽ അവിടെ മത്സരിക്കുന്നത്. നിഖിലിനെതിരെ നടി സുമലത രംഗത്തുണ്ടാവുമെന്നാണ് സൂചന. അന്തരിച്ച മുൻ കോൺഗ്രസ് എം.പിയും നടനുമായ അംബരീഷിന്റെ പത്‌നിയാണ് സുമലത. ഹാസനിൽ പ്രജ്വലിനെതിരെ മുൻ കോൺഗ്രസ് മന്ത്രി എ. മഞ്ജു ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചേക്കും. മഞ്ജുവിന് കോൺഗ്രസിനെക്കാൾ ജനതാദൾ എസിനോടാണ് എതിർപ്പ്. ദേവഗൗഡ മത്സരിച്ചാൽ താൻ എതിർക്കില്ലെന്നും എന്നാൽ പേരമകനെ നിർത്തിയാൽ അതിനെതിരെ പൊരുതുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് സിദ്ധാരാമയ്യയുടെ അടുത്ത അനുയായിയാണ് മഞ്ജു.
ദേവഗൗഡ തന്റെ കുടുംബത്തിനായി പാർട്ടിയെ തീറെഴുതിക്കൊടുത്തതിനെതിരെ കർണാടകയിൽ കനത്ത സോഷ്യൽ മീഡിയാ പ്രചാരണം അരങ്ങേറുന്നുണ്ട്. ഗൗഡയുടെ കൗശലം അൽപം കടന്നുപോയെന്ന് കരുതുവന്നവരാണ് ഏറെ. കർണാടകയിൽ മതേതര മുന്നണിക്ക് അതുണ്ടാക്കുന്ന ക്ഷതം ചില്ലറയാവില്ല.






