കൊണ്ടോട്ടി- ഇന്ത്യക്ക് പുതുതായി സൗദി സര്‍ക്കാര്‍ അനുവദിച്ച ഹജ് ക്വാട്ട വിതരണത്തിന് പ്രതിസന്ധികളേറെ. ഹജ് വേളയിലെ താമസ സൗകര്യത്തിനുളള കെട്ടിടങ്ങള്‍ കണ്ടെത്തല്‍, ഹജ് വിമാന സീറ്റുകള്‍ വര്‍ധിപ്പിക്കല്‍,ആവശ്യമായ ഖാദിമുല്‍ ഹുജ്ജാജുമാരുടെ സേവനമടക്കം ലഭ്യമാക്കാന്‍ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല. ഇതോടെ അധികം ലഭിച്ച ഹജ് സീറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊളളാനായിട്ടില്ല.
25,000 ഹജ് സീറ്റുകളാണ് അവസാനമായി ഇന്ത്യക്ക് സൗദി അനുവദിച്ചു തന്നത്. ഇതില്‍ 15,000 സീറ്റുകള്‍ ഹജ് കമ്മിറ്റികള്‍ക്കും,10,000 സീറ്റുകള്‍ സ്വകാര്യ ഹജ് ഗ്രൂപ്പുകള്‍ക്കും നല്‍കാനാണ് തീരുമാനം. നിലവില്‍ ലഭിച്ച 125000 സീറ്റുകള്‍ക്ക് പുറമെയാണ് ഇത് കൂടി ഉള്‍പ്പെടുന്നത്. എന്നാല്‍ 125000 തീര്‍ത്ഥാടകര്‍ക്കുളള താമസ സ്ഥലം മക്കയിലും മദീനയിലും നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഡിസംബറില്‍ ബില്‍ഡിങ് സെലക്ഷന്‍ കമ്മിറ്റിയാണ് കെട്ടിടങ്ങള്‍ കണ്ടെത്തിയത്. പുതുതായി അനുവദിക്കപ്പെട്ടവര്‍ക്ക് താമസത്തിനുളള കെട്ടിടങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഹജ് വിമാന സീറ്റുകളിലും വര്‍ധന വരുത്തേണ്ടതുണ്ട്. നിലവില്‍ ഹജ് വിമാനങ്ങള്‍ കരാര്‍ ചെയ്യപ്പെട്ടതിനാല്‍ വീണ്ടും പുതിയ ടെന്‍ഡര്‍ നടപടികളിലേക്ക് പോകേണ്ടി വരും. ഇതിനും സമയമെടുക്കും. പ്രതിസന്ധികള്‍ തീര്‍ത്തതിന് ശേഷം ക്വാട്ട വീതിക്കാനാണ് കേന്ദ്ര ഹജ് കമ്മിറ്റിയുടെ ശ്രമം. ഇതു സംബന്ധിച്ച് സൗദി ഹജ് കാര്യാലയവുമായും കേന്ദ്രഹജ് കമ്മിറ്റി ബന്ധപ്പെട്ടിട്ടുണ്ട്. അതെ സമയം തീര്‍ത്ഥാടകര്‍ക്ക് ഹജ് വേളയില്‍ ചിലവഴിക്കാനുളള 2000 സൗദി റിയാല്‍ നല്‍കുന്നതിന് ബാങ്കുകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത് അധിക ഹജ് ക്വട്ട 15000 കൂടി ഉള്‍പ്പെടുത്തി 1,40,000 പേര്‍ക്കാണ്. ഹജ് അധിക സീറ്റില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ ഹജ് വെയിറ്റിംങ് ലിസ്റ്റിലെ തീര്‍ത്ഥാടകരുളളത്.
കരിപ്പൂരില്‍നിന്ന് ആദ്യഹജ് വിമാനവും ഹജ് അധിക ക്വാട്ടയിലെ പ്രതിസന്ധിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി അടുത്തയാഴ്ച കേന്ദ്രമന്ത്രിയെ കാണും. ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് തിരിച്ചെത്തിയ സാഹചര്യത്തില്‍ ആദ്യ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നാവണമെന്ന് ഹജ് കമ്മിറ്റി ആവശ്യപ്പെടുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി പറഞ്ഞു. കേന്ദ്ര ഹജ് മന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഹജ് തീര്‍ത്ഥാടകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വെയ്‌ററിങ് ലിസ്റ്റിലുളളത് കേരളത്തില്‍നിന്നാണ്. ഇവര്‍ക്കാണ് ഹജ് അധിക ക്വാട്ട ഏറെ പ്രയോജനപ്പെടുകയെന്നും ചെയര്‍മാന്‍ പറഞ്ഞു. ഹജിന്റെ ഒന്നാംഘട്ട പരിശീലന ക്ലാസ്സുകള്‍ സമാപിച്ചു.