Sorry, you need to enable JavaScript to visit this website.

അല്‍പ്പ വസ്ത്രധാരിയായ യുവതിയെ വിമാനത്തില്‍ തടഞ്ഞു; വിവാദമായതോടെ കമ്പനി മാപ്പു പറഞ്ഞു

ലണ്ടന്‍- വസ്ത്രധാരണം അനുചിതവും മോശവുമായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി അല്‍പ്പവസ്ത്രധാരിയായ യുവതിയെ വിമാനത്തില്‍ തടഞ്ഞത് വിവാദമായി. ശരീരം മറച്ചാല്‍ മാത്രമെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ, ഇല്ലെങ്കില്‍ ഇറങ്ങേണ്ടി വരുമെന്നാണ് മാര്‍ച്ച് രണ്ടിന് ബിര്‍മിങാമില്‍ നിന്നും കാനറി ഐലന്‍ഡിലേക്കുള്ള തോമസ് കുക്ക് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറാനെത്തിയ എമിലി ഓകോണര്‍ എന്ന യുവതിയോട് ജീവനക്കാര്‍ മുന്നറിയിപ്പു നല്‍കിയത്. ക്രോപ്പ്ഡ് ടോപ്പും ഹൈ വെയ്സ്റ്റ് പാന്റ്‌സും ധരിച്ച് ശരീര ഭാഗങ്ങള്‍ പുറത്തു കാണിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ഒടുവില്‍ വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് യുവതിയെ നാലു ജീവനക്കാര്‍ ചേര്‍ന്ന് തടഞ്ഞത്. യുവതി ഇതു ചോദ്യം ചെയ്‌തെങ്കിലും ജീവനക്കാര്‍ വഴങ്ങിയില്ല. തനിക്കു നേരെ ഉണ്ടായത് ലിംഗവിവേചനമാണെന്നും മാനഹാനിയുണ്ടാക്കിയ അനുഭവമായി ഇതെന്നും എമിലി ബ്രിട്ടീഷ് പത്രമായ ദി സണിനോട് പറഞ്ഞു. തന്റെ സീറ്റിനു രണ്ടു വരി പിറകില്‍ അല്‍പ്പ വസ്ത്രം ധരിച്ച ഒരു പുരുഷന്‍ ഉണ്ടായിരുന്നു. ഇത് അവര്‍ക്ക് പ്രശ്‌നമായില്ലെന്നും എമിലി ചൂണ്ടിക്കാട്ടി. തന്റെ വസ്ത്ര ധാരണം ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന് സഹയാത്രക്കാരോട് ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞില്ലെന്നും എമിലി പറഞ്ഞു.

ഒടുവില്‍ ഇതേവിമാനത്തില്‍ ഉണ്ടായിരുന്ന തന്റെ കസിന്‍ ശരീരം മറക്കാന്‍ എമിലിക്ക് ഒരു ജാക്കറ്റ് നല്‍കി. ഇതു പൂര്‍ണമായും അണിയാതെ യാത്ര അനുവദിച്ചില്ലെന്നും എമിലി ചൂണ്ടിക്കാട്ടി. 

സംഭവം വിവാദമായതോടെ കമ്പനി അധികൃതര്‍ എമിലിയെ തന്നെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയിരിക്കുകയാണ്. സാഹചര്യത്തെ കുറച്ചു കൂടി നന്നായി കൈകാര്യം ചെയ്യാമായിരന്നെന്നും ഇതില്‍ വീഴ്ചയുണ്ടായെന്നും കമ്പനി ക്ഷമാപണത്തില്‍ പറഞ്ഞു. വിമാന കമ്പനികള്‍ക്ക് വസ്ത്രധാരണ നയങ്ങള്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും ഇത് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണ്. എന്നാല്‍ ഇതു നടപ്പിലാക്കുന്നതില്‍ തങ്ങളുടെ ജീവനക്കാര്‍ ചെയ്യുന്നത് എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

Latest News