'കണ്ണീരില്‍ മുങ്ങി' സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; ദേവ ഗൗഡയും പേരക്കുട്ടിയും കരഞ്ഞു -Video

ബെംഗളുരു- കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ജെഡിഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാരികത നിറഞ്ഞ വേദിയായി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡ സ്വന്തം പേരക്കുട്ടി പ്രജ്വല്‍ രേവണ്ണയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ചടങ്ങാണ് കണ്ണീരില്‍ മുങ്ങിയത്. ഇരുവരും കരഞ്ഞു. ദേവ ഗൗഡ കണ്ണീരൊലിപ്പിക്കുന്നത് കണ്ട് തൊട്ടടുത്ത നില്‍ക്കുകയായിരുന്ന പ്രജ്വലിനും കരച്ചിലടക്കാനായില്ല. അദ്ദേഹം പുറം തിരിഞ്ഞ് നിന്ന് മുഖം ടവലില്‍ പൊത്തിക്കരഞ്ഞു. ജെഡിഎസ് ശക്തി കേന്ദ്രമായ ഹാസനിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയാണ് മന്ത്രി രേവണ്ണയുടെ മകനായ പ്രജ്വല്‍. ദേവ ഗൗഡയുടെ മറ്റൊരു പേരക്കുട്ടിയും മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമി പാര്‍ട്ടിയുടെ മറ്റൊരു ശക്തി കേന്ദ്രമായ മാണ്ഡ്യയിലും മത്സരിക്കുന്നുണ്ട്. പ്രജ്വലിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട വേദിയാണ് ബുധനാഴ്ച കണ്ണീരില്‍ കുതിര്‍ന്നത്.

അതേസമയം, മക്കളെ രാഷ്ട്രീയത്തിലിറക്കി മന്ത്രിയും മുഖ്യമന്ത്രിയുമാക്കിയ ദേവ ഗൗഡ പേരക്കുട്ടികളേയും രംഗത്തിരക്കി രാഷ്ട്രീയത്തില്‍ കുടുംബാധിപത്യം അരക്കിട്ടുറപ്പിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് ദേവ ഗൗഡയുടെ കണ്ണു നിറഞ്ഞത്. 'രാവിലെ മുതല്‍ മാധ്യമങ്ങളില്‍ പല തരത്തിലുള്ള ആരോപണങ്ങളാണ്. ദേവഗൗഡ, രേവണ്ണ, കുമാരസ്വാമി, അവരുടെ മക്കള്‍ എന്നിവര്‍ക്കെതിരെ...' ഇതു പറയുന്നതിനിടെയാണ് ദേവഗൗഡ കണ്ണീര്‍ തുടച്ചത്.

ഗോ ബാക്ക് നിഖില്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണവും നടക്കുന്നുണ്ട്. ഇതിലും ദുഖമുണ്ടെന്ന് ഗൗഡ പ്രതികരിച്ചു. നേതാക്കളുടെ മക്കള്‍ക്കു വേണ്ടി ജെഡിഎസ് നേതാക്കള്‍ തഴയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ദേവഗൗഡയും മക്കളും 'കരച്ചില്‍ കല'യുടെ ആശാന്മാരാണെന്ന് ബിജെപി പ്രതികരിച്ചു. ദേവഗൗഡയും കുടുംബവും തെരഞ്ഞെടുപ്പിനു മുമ്പ് കരയും. തെരഞ്ഞെടുപ്പിനു ശേഷം ഈ കുടുംബത്തിനു വോട്ടു ചെയ്തവരും കരയും. പതിറ്റാണ്ടുകളായി ഇവര്‍ കരഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ട്വീറ്റിലൂടെ ബിജെപി ആരോപിച്ചു.

Latest News