തിരുവനന്തപുരം- ഗവർണർ പദവി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആദ്യ ദിനം ചെലവഴിച്ചത് ആധ്യാത്മിക നേതാക്കളുടെ പിന്തുണ തേടാൻ. കവയിത്രി സുഗതകുമാരിയുടെ വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസിന്റെ മുൻപിലാണ്.
ലത്തീൻ കാതോലിക്കാ ആർച്ച് ബിഷപ്പ് ഡോ.സൂസെപാക്യം, ചെമ്പഴന്തി ഗുരുകുലം, ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, ചിന്താലയാശ്രമം, പോത്തൻകോട് ശാന്തിഗിരി ആശ്രമം, ശിവഗിരി മഠം എന്നിവിടങ്ങളും കുമ്മനം സന്ദർശിച്ചു.
ശിവഗിരിയിലെത്തിയ കുമ്മനത്തെ മുൻ പ്രഡിഡന്റ് സ്വാമി പ്രകാശാനന്ദയാണ് സ്വീകരിച്ചത്. പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പത്മശ്രീ ലഭിച്ച സ്വാമി വിശുദ്ധാനന്ദയെ കുമ്മനം ഷാൾ അണിയിച്ച് അനുമോദിച്ചു. ചെമ്പഴന്തി ഗുരുകുലം, പോത്തൻകോട് ശാന്തിഗിരി ആശ്രമം, ചിന്ദാലയ ആശ്രമം എന്നിവിടങ്ങളും കുമ്മനം സന്ദർശിച്ചു.
വൈകിട്ട് പട്ടം കാതോലിക്കേറ്റ് സെന്ററിൽ എത്തിയാണ് കുമ്മനം കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവയെ കണ്ടത്. പതിറ്റാണ്ടുകൾ നീണ്ട നല്ല ബന്ധമാണ് ഞങ്ങളുടേത്. അത് ഇപ്പോഴും അങ്ങനെയാണ്.
അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലികാ ബാവ പറഞ്ഞു. മംഗലാപുരത്തെ വർഗ്ഗീയ കലാപം കേരളത്തിലേയ്ക്ക് പടരാതിരിക്കാൻ ഞങ്ങൾ ഒരുമിച്ചാണ് പരിശ്രമിച്ചതെന്നും കർദിനാൾ അനുസ്മരിച്ചു.






