യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ച സംഭവം: കമ്പനി ഉടമക്കെതിരെ കേസ്

തൃശൂര്‍- പുതുക്കാട് ചിറ്റിശ്ശേരിയില്‍ യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ച സംഭവം അന്വേഷിക്കാന്‍ എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് കയ്യേറ്റം ചെയ്ത കമ്പനി ഉടമക്കെതിരെ പോലീസ് കേസെടുത്തു. ചിറ്റിശ്ശേരി വിശ്വം പോട്ടറീസ് ഉടമ കൃഷ്ണനെതിരെയാണ് പുതുക്കാട് പോലീസ് കേസെടുത്തത്. നെന്മണിക്കര ആരോഗ്യ കുടുംബ കേന്ദ്രത്തിലെ നഴ്‌സ് കെ. യമുനയുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ്. ആരോഗ്യവകുപ്പ് അധികൃതരുടെ  ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സം നിന്നതിനാണ് കേസ്.
ഉത്തരേന്ത്യന്‍ സ്വദേശിനിയായ യുവതി ചൊവ്വാഴ്ച പുലര്‍ച്ചെയാണ്  ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ നില ഗുരുതരമായിരുന്നു. സംഭവം അന്വേഷിക്കാന്‍ എത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സംഘത്തിനുനേരെ കമ്പനി ഉടമ അതിക്രമം കാണിക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇയാള്‍ നിരാകരിച്ചതോടെ തര്‍ക്കമായി. ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖമൂലം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ സംഘം. ഇതിനിടെ വനിത ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യ വര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു. ആശുപത്രിയിലേക്ക് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വ്വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ ഉടമ ഊരിയെടുത്തു.
യഥാസമയം തൊഴിലാളിയ്ക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇടപ്പെട്ട് പുതുക്കാട് പോലിസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

 

Latest News