ബെയ്ജിങ്- ചൈനയില്‍ ദയാലുവായ ഒരു പിടിച്ചുപറിക്കാരന്‍ ഇന്റര്‍നെറ്റില്‍ വലിയ തരംഗമായി ലക്ഷക്കണക്കിന് ആളുകളുടെ അനുകമ്പ പിടിച്ചുപറ്റുകയാണിപ്പോള്‍. ദക്ഷിണ ചൈനീസ് നഗരമായ ഹെയുവാനില്‍ ഒരു എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ കയറിയ യുവതിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കൊള്ളക്കാരന്‍ പിന്നീട് ചെയ്തതാണ് പ്രശംസ പിടിച്ചുപറ്റിയത്. തുക പിന്‍വലിക്കുന്നതിനിടെ എടിഎമ്മിനുള്ളിലേക്ക് കയറിയ പിടിച്ചുപറിക്കാരന്‍ കത്തി ചൂണ്ടി യുവതിയില്‍ നിന്ന് 2500 യുവാന്‍ തട്ടിയ ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്തതോടെയാണ് കഥ മാറിയത്. ബാലന്‍സ് പൂജ്യമായിരുന്നു. പിന്‍വലിച്ച തുകയല്ലാതെ നയാ പൈസ യുവതിയുടെ ബാങ്കില്‍ ബാക്കിയില്ലെന്നു മനസ്സിലാക്കിയ കള്ളന്‍ തട്ടിയെടുത്തു മുഴുവന്‍ പണം യുവതിക്കു തിരികെ നല്‍കി ഒരു ചിരിയും പാസാക്കി വന്ന വഴിക്കു പോകുകയായിരുന്നു. ഈ ദൃശ്യം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതാണ് കള്ളനെ താരമാക്കിയത്. സംഭവത്തോട് പ്രതികരിച്ച് രസകരമായ കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. തന്റെ ബാങ്ക് ബാലന്‍സാണ് കള്ളന്‍ കണ്ടിരുന്നതെങ്കില്‍ അയാളുടെ സ്വന്തം പണവും കത്തിയും ജാക്കറ്റും വരെ തനിക്ക് നല്‍കുമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ യുവതിയോട് കാണിച്ച ദയയും കള്ളനെ രക്ഷപ്പെടുത്തിയില്ല. എടിഎമ്മിലെ സിസിടിവി ദൃശ്യം തെളിവായെടുത്ത് അന്വേഷിച്ച പോലീസ് ഇയാളെ പിടികൂടിയിരിക്കുകയാണിപ്പോള്‍.