ചെന്നൈ- ക്ലീന്‍ഷേവ്, നീല ജീന്‍സും ചാരനിറമുള്ള ടീ ഷര്‍ട്ടും, സുസ്‌മേരവദനന്‍, എല്ലാ ഉത്തരങ്ങളിലും ഒളിപ്പിച്ച കൃത്യമായ രാഷ്ട്രീയം, പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രൂക്ഷ വിമര്‍ശം.... ചെന്നൈ സ്റ്റെല്ലാമേരീസ് വനിതാ കോളജില്‍ വിദ്യാര്‍ഥിനികളുമായി സംവാദത്തിന് കോളജ് കുമാരനെപ്പോലെ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂവായിരത്തോളം പെണ്‍കുട്ടികളെ ഒരു നിമിഷം കൊണ്ട് കൈയിലെടുത്തതു.
തമിഴ്‌നാട്ടില്‍ ഇന്നലെ വിവിധ പരിപാടികള്‍ക്കെത്തിയ രാഹുല്‍ രാവിലെ 11 ന് സ്റ്റെല്ല മേരീസിലെ സംവാദത്തിനെത്തി. പ്രസംഗിക്കാന്‍ താനില്ലെന്നും പരസ്പരം സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാനാണ് വന്നത്. നിങ്ങള്‍ക്ക് എന്തും ചോദിക്കാം, എനിക്ക് കഴിയും വിധം മറുപടി പറയാം. തന്നോട് എളുപ്പമുള്ള ചോദ്യം ചോദിക്കരുതെന്നും തന്നെ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളാണ് ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ ആമുഖമായി പറഞ്ഞു.
കോളജ് വിദ്യാര്‍ഥിനിയായ അസ്‌നയാണ് ആദ്യ ചോദ്യവുമായി എഴുന്നേറ്റത്. ഹായ് രാഹുല്‍ സാര്‍ എന്ന അഭിസംബോധനയോടെയായിരുന്നു തുടക്കം. അപ്പോള്‍ തന്നെ രാഹുല്‍ തിരുത്തി: എന്നെ രാഹുല്‍ എന്ന് വിളിച്ചാല്‍ മതി, സാര്‍ വിളി വേണ്ട. അല്‍പം ചമ്മലോടെയെങ്കിലും വിദ്യാര്‍ഥിനി രാഹുല്‍ എന്ന് വിളിച്ച് ചോദ്യത്തിലേക്ക് കടന്നു.
രാജ്യത്തെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയായിരുന്നു അസ്‌നയുടെ ചോദ്യം. മുംബൈയിലെ ടാറ്റ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ഉദാഹരിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന് കൂടുതല്‍ പണം ചെലവഴിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ബജറ്റിന്റെ ആറ് ശതമാനം നീക്കിവെക്കുമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ആവശ്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടര്‍ന്ന് നാല്‍പതു മിനിറ്റോളം നീണ്ട സംവാദത്തില്‍ നിരവധി ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. സ്ത്രീസമത്വം, സാമ്പത്തിക വളര്‍ച്ച, കശ്മീര്‍, ഭീകരവാദം, അഴിമതി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള പരിപാടികള്‍ എന്നിവയെല്ലാം ഉന്നയിക്കപ്പെട്ടു. അഴിമതിയുടെ കാര്യം പറയുമ്പോള്‍ റോബര്‍ട്ട് വാധ്രയുടെ പേര് പറയാത്തത് എന്താണെന്ന ചോദ്യമാണ് രാഹുലിനെ അല്‍പം ബുദ്ധിമുട്ടിച്ചത്. എന്നാല്‍ വാധ്ര എന്ത് തെറ്റാണ് ചെയ്തതെന്ന് രാഹുല്‍ തിരിച്ചുചോദിച്ചു. ആളുകളെ തിരഞ്ഞുപിടിച്ച് കേസെടുക്കുകയാണ്. ഇത് ശരിയല്ല. റഫാലില്‍ 30000 കോടി തട്ടിച്ച ആളാണ് അപ്പുറത്തുള്ളതെന്നും മോഡിയെക്കുറിച്ച് രാഹുല്‍ പറഞ്ഞു.
യു.പി.എ ഭരണകാലത്ത് കശ്മീര്‍ പൊതുവേ ശാന്തമായിരുന്നെന്നും ഭീകരാക്രമണങ്ങള്‍ വലിയ തോതില്‍ കുറഞ്ഞിരുന്നെന്നും രാഹുല്‍ പറഞ്ഞു. കശ്മീര്‍ ജനതയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിഹാരമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തിന് പാക്കിസ്ഥാന് അവസരം നല്‍കാതിരിക്കുകയാണ് വേണ്ടത്. പി.ഡി.പിയുമായി കൂട്ടുചേര്‍ന്ന് ഭരിക്കാന്‍ ശ്രമിച്ച മോഡി വലിയ തെറ്റാണ് കശ്മീരില്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ ഭാരം ഏല്‍പ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്ന് പറഞ്ഞ രാഹുല്‍ നോട്ട് നിരോധത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ എന്ന് വിദ്യാര്‍ഥിനികളോട് ചോദിച്ചു. ഇല്ല എന്നായിരുന്നു ഒന്നിച്ചുള്ള മറുപടി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മോഡിയെ എന്തിനാണ് ആലിംഗനം ചെയ്തത് എന്നായിരുന്നു അവസാന ചോദ്യം. സ്‌നേഹം കൊണ്ട് എന്നായിരുന്നു രാഹുലിന്റെ മറുപടി. പാര്‍ലമെന്റില്‍ അദ്ദേഹം പ്രസംഗിക്കുന്നത് കണ്ടിരിക്കുകയായിരുന്നു ഞാന്‍. അദ്ദേഹത്തില്‍ നിറഞ്ഞുനിന്ന വികാരം കോപമായിരുന്നു. എന്നേയും എന്റെ മാതാപിതാക്കളേയും പാര്‍ട്ടിയേയും കുറിച്ച് വളരെ മോശമായി അദ്ദേഹം സംസാരിച്ചു. എന്തുകൊണ്ടാണിങ്ങനെ എന്ന് ഞാന്‍ ചിന്തിച്ചു. സ്‌നേഹം കിട്ടാത്തവര്‍ക്ക് സ്‌നേഹം കൊടുക്കാന്‍ കഴിയില്ല. മോഡിക്ക് സ്‌നേഹം കിട്ടിയിട്ടില്ലായിരിക്കാം. അതിനാല്‍ അത് എനിക്ക് നല്‍കാന്‍ സാധിക്കുമെന്ന് കരുതി. എന്നെ അധിക്ഷേപിച്ചും വിമര്‍ശിച്ചും പലതും പഠിപ്പിച്ച ആളാണ് അദ്ദേഹം. നമ്മെ പഠിപ്പിക്കുന്നവരോട് നമുക്ക് സ്‌നേഹമല്ലേ തോന്നുക. ആത്മാര്‍ഥമായാണ് താന്‍ മോഡിയെ ആലിംഗനം ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ഇതുപോലെ മൂവായിരം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോഡി ഒരിക്കലെങ്കിലും തയാറായിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.