Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടികളെ പീഡിപ്പിച്ച കര്‍ദ്ദിനാളിന്  ആറ് വര്‍ഷം ജയില്‍ശിക്ഷ

മെല്‍ബണ്‍: കത്തീഡ്രലില്‍ ക്വയര്‍ പാടാനെത്തിയ ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം നടത്തിയെന്ന കേസില്‍ കത്തോലിക്കാ സഭയിലെ മൂന്നാമനായ 77 കാരന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് ആറ് വര്‍ഷം ജയില്‍ശിക്ഷ. ഓസ്‌ട്രേലിയന്‍ ജൂറിയാണ് ശിക്ഷ വിധിച്ചത്. കര്‍ദ്ദിനാള്‍ കുറ്റക്കാരനെന്ന് കോടതി ഡിസംബറില്‍ വിധിച്ചിരുന്നു. 1990കളില്‍ നടന്ന പീഡനത്തിലാണ് ശിക്ഷ. 
മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പായി സേവനം നല്‍കവെയാണ് രണ്ട് ക്വയര്‍ ബോയ്‌സിനെ പെല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. വത്തിക്കാന്റെ ട്രഷറര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന 77കാരന്‍ നാല് കുറ്റങ്ങള്‍ ചെയ്‌തെന്നാണ് കോടതി കണ്ടെത്തിയത്. സ്വദേശമായ ഓസ്‌ട്രേലിയയില്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെയാണ് കോടതി വത്തിക്കാന്‍ ഉന്നതനെതിരെയുള്ള കേസില്‍ ആദ്യം വാദം കേട്ടത്. 
കേസില്‍ കുറ്റക്കാരനെന്ന് വിധി വന്നതോടെ കര്‍ദ്ദിനാളിനെ ക്യാബിനറ്റില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. വിചാരണ ആരംഭിച്ചതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ പെല്‍ വത്തിക്കാന്‍ ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ ക്വയര്‍ പാടാനെത്തിയപ്പോഴാണ് ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം അരങ്ങേറിയത് എന്നാണു ആരോപണം.
പുരോഹിതന്‍മാര്‍ ലൈംഗിക ഇരകളാക്കിയവര്‍ക്ക് നഷ്ടപരിഹാരം ഓസ്‌ട്രേലിയയില്‍ തുടങ്ങിവെച്ച വ്യക്തിയാണ് പെല്‍. ഈ പദ്ധതി ആരംഭിച്ച 1996ന് ശേഷമാണ് കര്‍ദ്ദിനാള്‍ സ്വയം പീഡകനായി മാറിയത് എന്നതാണ് ശ്രദ്ധേയം. പുനഃസംഘടിപ്പിച്ച വിക്ടോറിയ കൗണ്ടി കോര്‍ട്ട് ജൂറിയാണ് വാദം കേട്ടതും കുറ്റക്കാരനായി കണ്ടെത്തിയതും. ഈ വിധി കൊണ്ടും പെല്ലിനെതിരെയുള്ള കേസുകള്‍ അവസാനിക്കുന്നില്ല. സ്വിമ്മേഴ്‌സ് ട്രയല്‍ എന്ന് കുപ്രസക്തമായ മറ്റൊരു കേസില്‍ വിചാരണ ആരംഭിക്കാന്‍ ഇരിക്കുകയാണ്.
വിക്ടോറിയയിലെ ബല്ലാര്‍ട്ടില്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് 1970കളില്‍ രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം. ജാമ്യ നിബന്ധനകള്‍ പ്രകാരം പെല്‍ തന്റെ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുകയാണ്, അതിനാല്‍ ഓസ്‌ട്രേലിയ വിട്ട് പോകാനാവില്ല. തനിക്കെതിരെയുള്ള പരാതികളില്‍ കഴമ്പില്ലെന്നായിരുന്നു പെല്‍ നേരത്തെ പറഞ്ഞിരുന്നത്.

Latest News