റിയാദ്- തങ്ങളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയതിൽ ഓൺലൈൻ വഴി വിയോജിപ്പ് അറിയിക്കുന്നതിന് ഡ്രൈവർമാർക്ക് അവസരമൊരുക്കുന്ന പുതിയ സേവനം സൗദി ട്രാഫിക് ഡയറക്‌ടേറ്റ് ആരംഭിച്ചു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ നിർദേശാനുസരണമാണ് പുതിയ സേവനം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴിയാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴകൾ ചുമത്തിയതിൽ വിയോജിപ്പ് അറിയിക്കേണ്ടത്.
ആദ്യ ഘട്ടത്തിൽ അൽഖസീം പ്രവിശ്യയിലാണ് സേവനം ലഭിക്കുക. ഈ വർഷാവസാനത്തിനു മുമ്പായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും പുതിയ സേവനം പ്രാബല്യത്തിൽ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി അറിയിച്ചു. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ അക്കാര്യം ട്രാഫിക് വകുപ്പിനെ അറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.