Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മത്സ്യബന്ധന ബോട്ടുകളിൽ സൗദിവൽക്കരണം നീട്ടിവെച്ചു

ദമാം- മത്സ്യബന്ധന ബോട്ടുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തീരുമാനിച്ചു. സാവകാശമില്ലാതെ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ബോട്ടുടമകൾ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം.

മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണത്തെക്കുറിച്ച് മന്ത്രാലയം കൂടുതൽ പഠനങ്ങൾ നടത്തും. അതിനുശേഷമേ ഇത് നടപ്പാക്കൂ. മലയാളികളടക്കം ആയിരക്കണക്കിന് വിദേശികൾ ജോലി ചെയ്യുന്ന മേഖലയാണിത്. ഇവരെ ഒറ്റയടിക്ക് ഒഴിവാക്കിയാൽ പകരം ജോലിയിൽ പ്രാഗത്ഭ്യമുള്ള സൗദികളെ കിട്ടാനില്ലെന്ന് ബോട്ടുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. 

ബോട്ടുകൾ കടലിൽ ഇറക്കാനുള്ള ലൈസൻസ് കിട്ടാൻ ഓരോ മത്സ്യബന്ധന ബോട്ടിലും ഒരു സൗദി പൗരൻ വീതം നിർബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഇത് നീട്ടിവെച്ചതായി തീരപ്രദേശങ്ങളിലെ അതിർത്തി സുരക്ഷാ സേനകളെ അറിയിച്ചിട്ടുണ്ട്. പട്രോളിംഗ് സമയത്ത് മത്സ്യബന്ധന ബോട്ടുകളെ സൗദിവത്കരണത്തിന്റെ പേരിൽ തടയാതിരിക്കുന്നതിനാണിത്.
മത്സ്യബന്ധന മേഖലയിൽ പരമ്പരാഗതമായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ പങ്കാളിത്തത്തോടെയായിരിക്കും പഠനം നടത്തുകയെന്ന് മന്ത്രാലയം പറഞ്ഞു. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും അതിർത്തി സുരക്ഷാ സേനാ പ്രതിനിധിയുടെയും മക്ക പ്രവിശ്യ മത്സ്യത്തൊഴിലാളി സഹകരണ സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെ ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിൽ യോഗം സംഘടിപ്പിച്ചിരുന്നു. 
മത്സ്യബന്ധന മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട് സൗദിയിലെ എല്ലാ പ്രവിശ്യകളിലും നിയമ, വ്യവസ്ഥകൾ ഏകീകരിക്കണമെന്നും മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പരിഷ്‌കരിക്കണമെന്നും യോഗം ശുപാർശ ചെയ്തിരുന്നു. 
മത്സ്യബന്ധന മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്വയ്യാദ് പദ്ധതി തുടരുമെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സൗദി യുവാക്കൾക്ക് മത്സ്യബന്ധന മേഖലയിൽ പരിശീലനം നൽകുകയും മത്സ്യബന്ധന മേഖലയിൽ സൗദികളുടെ എണ്ണം ഉയർത്തുന്നതിന് ധനസഹായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യും. 
സൗദിവൽക്കരണം നടപ്പാക്കുന്നത് നീട്ടിവെച്ച തീരുമാനം ക്രിയാത്മക ചുവടുവെപ്പാണെന്ന് കിഴക്കൻ പ്രവിശ്യയിലെ ബോട്ട് ഉടമകൾ പറഞ്ഞു. മത്സ്യബന്ധന മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തങ്ങളും ആഗ്രഹിക്കുന്നു. എന്നാൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് നേരത്തെ അനുവദിച്ച സാവകാശം പര്യാപ്തമായിരുന്നില്ല. കിഴക്കൻ പ്രവിശ്യയിൽ മാത്രം രണ്ടായിരത്തിലേറെ ബോട്ടുകൾ മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത്രയും ബോട്ടുകളിൽ നിയമിക്കുന്നതിന് മതിയായത്ര സൗദികൾ ലഭ്യമല്ലെന്നും ബോട്ട് ഉടമകളായ സൗദി പൗരന്മാർ പറഞ്ഞു.
 

Latest News