കൊല്‍ക്കത്ത- ഒരു കോടി രൂപയുടെ ആനക്കൊമ്പും ശില്‍പങ്ങളുമായി മലയാളികളായ അച്ഛനും മകളും കൊല്‍ക്കത്തയില്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, മകള്‍ അമിത എന്നിവരെയാണ് 3.144 കിലോ ആനക്കൊമ്പും ശില്‍പങ്ങളുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്. ഇടമലയാര്‍ ഫോറസ്റ്റ് ഡിവിഷനില്‍ കോടികളുടെ ആനവേട്ട കേസില്‍ പ്രതികളായ ഇവര്‍ നാലുവര്‍ഷമായി ഒളിവിലായിരുന്നു. കാറില്‍ ആനക്കൊമ്പുമായി പശ്ചിമ ബംഗാളിലെ കോന എക്സ്പ്രസ് വേയിലൂടെ പോകുന്നതിനിടെയിലാണ് ഇരുവരും പിടിയിലായത്. ആനക്കൊമ്പ് കൈവശംവയ്ക്കുന്നതിനുള്ള രേഖകള്‍ ഇവരുടെ പക്കലുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കോല്‍ക്കത്തയിലെ വീട്ടില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് ഡിആര്‍ ഐക്ക് വിവരം ലഭിച്ചത്. തുവീട് പരിശോധിച്ച അന്വേഷണ സംഘം പത്ത് വിഗ്രഹങ്ങളും ആനക്കൊമ്പുകളും കണ്ടെത്തി. ഇവയ്ക്ക് ഒരു കോടി രൂപ വിലവരും.
സുധീഷ് ശേഖരിക്കുന്ന ആനക്കൊമ്പും വിഗ്രങ്ങളും വില്‍ക്കുകയായിരുന്നു അമിതയുടെ ചുമതല. സിലിഗിരി വഴി നേപ്പാളിലേക്ക് വിഗ്രങ്ങള്‍ കടത്താനായിരുന്നു പദ്ധതി. സുധീഷ് കോട്ടയത്ത് നിന്നും യാത്ര ചെയ്ത തീവണ്ടി ടിക്കറ്റും കണ്ടെടുത്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആനക്കൊമ്പ് ശേഖരിച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 2015ല്‍ ഇടമലയാര്‍ തുണ്ടം റേഞ്ചില്‍ നടന്ന ആനക്കൊമ്പ് കടത്ത് കേസില്‍ ഇരുവരും പ്രതികളായിരുന്നു. അന്ന് 360 കിലോയുടെ ആനക്കൊമ്പും ശില്‍പ്പങ്ങളുമാണ് കേരള വനംവകുപ്പ് പിടികൂടിയത്.






