ഹജ് സർവീസ് കരാർ ഒപ്പുവെച്ചു, കരിപ്പൂരിൽനിന്ന് സൗദി എയർലൈൻസ് ജിദ്ദയിലേക്ക്

നെടുമ്പാശ്ശേരിയിൽനിന്ന് എയർഇന്ത്യ മദീനയിലേക്ക്

കൊണ്ടോട്ടി- ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് വിമാന സർവീസ് സംബന്ധിച്ച കരാറിൽ വിമാന കമ്പനികൾ ഒപ്പുവെച്ചു. രാജ്യത്തെ 21 എമ്പാർക്കേഷൻ പോയിന്റുകളിൽ എയർഇന്ത്യ 15 ഇടങ്ങളിൽ നിന്നും, സൗദി എയർലൈൻസ് കരിപ്പൂർ ഉൾപ്പെടെ അഞ്ചിടങ്ങളിൽ നിന്നും സർവീസ് നടത്തും. സ്‌പൈസ് ജെറ്റ് വിമാനം ജമ്മു കശ്മീരിൽ നിന്നുള്ള തീർഥാടകരെ കൊണ്ടുപോകും.
21 എമ്പാർക്കേഷൻ പോയന്റുകളിൽ നിന്നും ഹജ് സർവീസ് നടത്താൻ എയർഇന്ത്യക്കാണ് ടെൻഡർ ലഭിച്ചിരുന്നത്. എന്നാൽ മതിയായ വിമാനങ്ങളില്ലാത്തതിനാൽ എയർഇന്ത്യ കരിപ്പൂർ, ബാംഗ്ലൂർ, മുംബൈ, ലഖ്‌നൗ, കൊൽക്കത്ത എന്നീ അഞ്ച് വിമാനത്താവളങ്ങൾ സൗദി എയർലൈൻസിന് കൈമാറുകയായിരുന്നു. എയർഇന്ത്യ സ്വന്തമാക്കിയ ടെൻഡറിനേക്കാൾ ഉയർന്ന നിരക്കിനാണ് സൗദിയക്ക് സർവീസുകൾ കൈമാറിയത്. എയർഇന്ത്യ സ്വന്തമാക്കിയ ടെൻഡറിന് ഹജ് സർവീസ് ഏറ്റെടുക്കാനാകില്ലെന്ന് നേരത്തെ സൗദി എയർലൈൻസ് അറിയിച്ചിരുന്നു.
കേരളത്തിൽ നിന്നും ഈ വർഷം കരിപ്പൂർ, കൊച്ചി വിമാനത്താവളങ്ങളാണ് ഹജ് എമ്പാർക്കേഷൻ പോയിന്റുകളായുള്ളത്. 
കരിപ്പൂരിൽനിന്ന് സൗദിയയും, നെടുമ്പാശ്ശേരിയിൽനിന്ന് എയർഇന്ത്യയുമായിരിക്കും സർവീസ് നടത്തുക. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് പോകുന്ന സൗദി എയർലൈൻസ് വിമാനത്തിന്റെ മടക്ക സർവീസുകൾ മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കരിപ്പൂരിൽ നിന്നാണ് കൂടുതൽ തീർഥാടകരും ഈ വർഷം ഹജിന് പുറപ്പെടുന്നത്. നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർഇന്ത്യ ഹജ് സർവീസുകൾ നേരിട്ട് മദീനയിലേക്കായിരിക്കും പറക്കുക. ഇവരുടെ മടക്കയാത്ര ജിദ്ദ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
വർഷങ്ങളായി കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകൾ നടത്തുന്നത് സൗദി എയർലൈൻസാണ്. കരിപ്പൂരിൽനിന്ന് എയർഇന്ത്യക്ക് വലിയ വിമാന സർവീസുകൾ നടത്താനുള്ള അനുമതി ലഭിക്കാത്തതാണ് അവിടത്തെ സർവീസുകൾ സൗദിയക്ക് കൈമാറാൻ കാരണം. 
സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ ജിദ്ദയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ജൂലൈ നാല് മുതലാണ് കേരളത്തിൽ നിന്നുള്ള ഹജ് സർവീസുകൾ ആരംഭിക്കുന്നത്.
 

Latest News