യെച്ചൂരിക്കെതിരെ കൈയ്യേറ്റം, രാഷ്ട്രീയ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു

തിരുവനന്തപുരം- സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ സംഘപരിവാറുകാർ നടത്തിയ ആക്രമണം ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓഫീസിൽ ഉണ്ടായിരുന്ന സി.പി.എം പ്രവർത്തകർ ഇടപെട്ടതു കൊണ്ടാണ് വലിയ ആപത്തിൽനിന്ന് യെച്ചൂരി രക്ഷപ്പെട്ടത്. ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ നേതാവിനു നേരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇത് അത്യന്തം അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേന്ദ്ര ഭരണത്തിന്റെ തണലിൽ സംഘപരിവാറുകാർ രാജ്യത്താകെ ഫാസിസ്റ്റു രീതിയിലുളള ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുകയാണ്. തങ്ങളുടെ തീവ്ര ഹിന്ദുത്വ പദ്ധതിയെ എതിർക്കുന്ന പാർട്ടികളെ അടിച്ചമർത്തുകയും അതിന്റെ നേതാക്കളെ വകവരുത്തുകയും ചെയ്യുമെന്ന ഭീഷണി ആർ.എസ്.എസുകാർ രാജ്യമാകെ മുഴക്കി കൊണ്ടിരിക്കുകയാണ്. 
സി.പി.എം നേതാക്കളെ പേരെടുത്തു പറഞ്ഞു കൊണ്ടുതന്നെ അവർ ഭീഷണിപ്പെടുത്തുന്നു. നേതാക്കളെ വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇതിനെല്ലാം കേന്ദ്ര സർക്കാരിന്റെ പിന്തുണയുളളതു കൊണ്ടാണ് ആക്രമണങ്ങൾ തുടരുന്നത്. സി.പി.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാൽ ദൽഹി എ.കെ.ജി. ഭവനു നേരെയും പ്രധാന നേതാക്കൾക്കു നേരെയും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നും കേരള പോലീസിന്റെ ഇന്റലിജൻസ് വിഭാഗം ദൽഹി പോലിസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്റ് കമ്മീഷണറെയും ജൂൺ അഞ്ചിനു തന്നെ അറിയിച്ചിരുന്നു. 
മാത്രമല്ല കേരളാ ഹൗസിനു നേരെ അടുത്ത ദിവസങ്ങളിൽ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റസിഡൻഡ് കമ്മീഷണർ ദൽഹി പോലിസ് മേധാവികൾക്ക് പ്രത്യേക പരാതിയും നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുളള ദൽഹി പോലിസ് ഇതെല്ലാം അവഗണിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംഘപരിവാറിനെ സംബന്ധിച്ച് സി.പി.എം ആണ് അവരുടെ മുഖ്യശത്രു. കാരണം ആർ.എസ്.എസിന്റെ വർഗീയ ധ്രുവീകരണ പദ്ധതിയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്നത് സി.പി.എം ആണ്. ഇത്തരം ആക്രമണങ്ങൾ കൊണ്ടോ ഭീഷണികൾ കൊണ്ടാ സി.പി.എമ്മിനെ നിശബ്ദമാക്കാമെന്നോ തളർത്താമെന്നോ കരുതേണ്ട. ഹിന്ദുത്വ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി സി.പി.എം മുന്നോട്ടു പോകും. പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിക്കെതിരെയുളള ആക്രമണം സ്വതന്ത്രവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവർത്തനം അസാധ്യമാക്കുമെന്ന ആർ.എസ്.എസ് ഭീഷണിയുടെ പ്രായോഗിക രൂപമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി ഇതിനെ എതിർക്കാൻ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

യെച്ചൂരിക്കു നേരെയുണ്ടായ ആക്രമണത്തെ ബി.ജെ.പിയുമായി ബന്ധിപ്പിക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യമെന്ന് കുമ്മനം
തിരുവനന്തപുരം- സീതാറാം യെച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമത്തെ അപലപിക്കുന്നുവെന്നും എന്നാൽ സംഭവവുമായി ആർ.എസ്.എസിനേയും ബി.ജെ.പിയേയും ബന്ധിപ്പി ക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ഇതിൽ നിന്നു സി.പി.എം പിൻമാറണം. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനു നേരെ ബോംബേറ് ഉണ്ടായിട്ടും അതിനെ അപലപിക്കാൻ ഒരു സി.പി.എം നേതാവും ഇതുവരെ തയാറായിട്ടില്ല. എന്നാൽ ഇപ്പോൾ യെച്ചൂരിക്കു നേരെ ഉണ്ടായ കയ്യേറ്റ ശ്രമത്തെ ബി.ജെ.പി അപലപിക്കുന്നത് ജനാധിപത്യത്തിൽ വിശ്വാസമുള്ളതിനാലാണ്. അക്രമം ആരു ചെയ്താലും അതിനെ അപലപിക്കാനും എതിർക്കാനും സി.പി.എം തയാറാകണം. സൈന്യത്തിനെതിരായ പ്രസ്താവനകളിൽ നിന്നു സി.പി.എം നേതാക്കൾ പിൻമാറണം. ഇത്തരം പ്രസ്താവനകൾ ഹിന്ദു സേനാ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്നു കണ്ടെത്തിയാലേ അക്രമത്തിന്റെ യഥാർഥ കാരണം മനസിലാവുകയുള്ളൂ. അതിനു മുൻപ് ആർ.എസ്.എസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്നു പ്രചരിപ്പിക്കുന്നതിൽ നിന്നു നേതാക്കൾ പിന്തിരിയണം. 
അക്രമികൾക്കെതിരെ കർശന നടപടി വേണം. ജനാധിപത്യ രാജ്യത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവും അക്രമിക്കപ്പെടുന്നതു ശരിയായ നടപടിയല്ല. എല്ലാവർക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന നിലപാടാണു ബി.ജെ.പിക്കുള്ളത്. സംഭവത്തിൽ ബി.ജെ.പിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്നു കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അക്രമികൾ ഹിന്ദു സേനാ പ്രവർ ത്തകരാണെന്നു പോലീസ് കണ്ടെത്തുകയും ചെയ്തു. സി.പി.എം നേതാക്കളുടെ സൈനികർക്കെതിരായ പ്രസ്താവനകളാണ് അവരെ പ്രകോപിപ്പിച്ചതെന്ന് അവർ പറഞ്ഞിട്ടുമുണ്ടെന്നും കുമ്മനം പറഞ്ഞു.

മോഡി ഭരണത്തിൽ ജനാധിപത്യം മരവിച്ചിരിക്കുന്നു -പി.കെ.കുഞ്ഞാലിക്കുട്ടി
മലപ്പുറം- എൻ.ഡി.എയുടെ ഭരണത്തിൻ കീഴിൽ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്ക് വരെ സുരക്ഷ ഇല്ലാതെയായി തീർന്നിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഒരു പാർട്ടിയുടെ ഉന്നതനായ നേതാവിനെ അവരുടെ പാർട്ടി ആസ്ഥാനത്തിനകത്ത് വെച്ച് അക്രമിക്കാൻ ഒരു കൂട്ടം ക്രിമിനലുകൾക്കു മൂന്നു വർഷത്തെ നരേന്ദ്ര മോഡിയുടെ ഭരണം ധൈര്യം നൽകിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരെയും ബുദ്ധി ജീവികളെയും ആക്രമിച്ച് തുടങ്ങിയ ഫാസിസ്റ്റ് ശക്തികൾ ഇപ്പോൾ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് നേരെ തിരിഞ്ഞിരിക്കുന്നു. 
ജനാധിപത്യത്തിൽ വിശ്വസിക്കാൻ കഴിയാത്തവർ കാണിക്കുന്ന അസഹിഷ്ണുതയാണ് ഇന്നു നാടിന്റെ ശാപം. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രം തയാറാകണം.  സുരക്ഷാ വീഴ്ച വരുത്തിയ ഡൽഹി പോലീസിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറിക്ക് മുസ്‌ലിം ലീഗിന്റെയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനാധിപത്യത്തോടുള്ള വെല്ലുവിളി-ചെന്നിത്തല
തിരുവനന്തപുരം- സീതാറാം യെച്ചൂരിക്കു നേരെ ഹിന്ദു സേനാ പ്രവർത്തകർ നടത്തിയ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത ഭാഷയിൽ അപല പിച്ചു. 
ആർ.എസ്.എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം അക്രമണങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാൻ അറിയാത്ത ഭീരുക്കളാണ് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്.
 നരേന്ദ്ര മോഡി പ്രധാനമന്ത്രിയായിരിക്കുമ്പോൾ വിരുദ്ധമായ ആശയങ്ങൾ വച്ചുപുലർത്തുന്നവർ എത്ര ഉന്നതരായ നേതാക്കളായായും അവരെ കായികമായി നേരിടുമെന്ന സൂചനയാണ് ഈ അക്രമണത്തിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ ന ൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യെച്ചൂരിക്കു നേരെയുള്ള ആക്രമണം അപലപനീയം -ഉമ്മൻചാണ്ടി
തിരുവനന്തപുരം- സി.പി.എം അഖിലേന്ത്യാ സെക്രട്ടറി  സീതാറാം യെച്ചൂരിയെ എ.കെ.ജി. സെന്ററിൽ വെച്ച് ഹിന്ദു സേനക്കാർ ആക്രമിച്ചതിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അതിനിശിതമായി അപലപിച്ചു. ആർ.എസ്.എസിന്റെ വർഗീയ അജണ്ടയെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്തുവാനും വകവരുത്താനുമുള്ള ഇത്തരം നീക്കങ്ങളെ മതേതര ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണം.
മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഇത്തരം പ്രവണതകളെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കിൽ അതു വലിയ ആപത്താണ്. രാജ്യം ഭരിക്കുന്ന ബി.ജെ.പി ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

യെച്ചൂരിക്ക് നേരെയുണ്ടായ കയ്യേറ്റം ഫാസിസത്തിന്റെ അഹങ്കാരം  -കെ.പി.എ.മജീദ്
കോഴിക്കോട്- ദൽഹിയിൽ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവനിൽ കയറി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയും അങ്ങേയറ്റം അപലപനീയവുമാണെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സംഘ്പരിവാർ ഫാസിസത്തിന്റെ അഹങ്കാരമാണ് ആക്രമണത്തിലൂടെ പ്രകടമായത്.
രാജ്യം നേരിടുന്ന അസഹിഷ്ണുതയുടെ അതീവ ഗുരുതര സാഹചര്യത്തിന്റെ നേർകാഴ്ചയാണ് ദൽഹിയിൽ കണ്ടത്. യെച്ചൂരിയെപ്പോലെ ഉന്നതനായ നേതാവിനു നേരെ ആക്രമണം നടത്താൻ ധൈര്യപ്പെട്ടത് സംരക്ഷിക്കാൻ ആളുണ്ടാവുമെന്ന ഉറപ്പിലാണ്. സംഘ്പരിവാർ ശക്തികളെ മുഖ്യ ശത്രുവായി കണ്ട് നയ നിലപാടുകൾ സ്വീകരിക്കാൻ സി.പി.എമ്മിനുള്ള തിരിച്ചറിവാവട്ടെ ഈ ഹീനകൃത്യമെന്നും കെ.പി.എ മജീദ് കൂട്ടിച്ചേർത്തു. 
വി.എം.സുധീരൻ അപലപിച്ചു
തിരുവനന്തപുരം- സി.പി.എം ജനറൽ സെക്രട്ടറിയും സമുന്നത രാഷ്ട്രീയ നേതാവുമായ സിതാറാം യെച്ചൂരിക്കു നേരെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ വെച്ചുണ്ടായ കയ്യേറ്റം അങ്ങേയറ്റം അപലപനീയമാണെന്ന് വി.എം.സുധീരൻ. ഇത് ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള കടന്നാക്രമണമാണ്. മോഡി സർക്കാരിന്റെ തണലിൽ സംഘപരിവാറിൻ നേതൃത്വത്തിൽ രാജ്യത്തു വളർത്തിയെടുത്തിട്ടുള്ള അസഹിഷ്ണുതയുടെ പ്രതിഫലനമാണിത്. യെച്ചൂരിയെ പോലുള്ള ഉന്നത രാഷ്ട്രീയ നേതാവിനു പോലും ഇത്തരത്തിലുള്ള ഫാസിസ്റ്റ് അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്നു എന്നുള്ളതു രാജ്യം അഭിമുഖീകരിക്കുന്ന ആപത്കരമായ അവസ്ഥയെയാണ് വ്യക്തമാക്കുന്നതെന്നും സുധീരൻ പറഞ്ഞു.

തീക്കൊള്ളികൊണ്ടുള്ള തലചൊറിച്ചിൽ -വി.എസ്
തിരുവനന്തപുരം- ദൽഹി എ.കെ.ജി ഭവനിൽ കയറി ഭാരതീയ ഹിന്ദുസേന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ നടത്തിയ കൈയേറ്റം തീക്കൊള്ളികൊണ്ട് സംഘപരിവാർ നടത്തുന്ന തല ചൊറിയലാണെന്ന് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ബി.ജെ.പി എന്ന ട്രോജൻ കുതിരയ്ക്കകത്ത് പല രൂപത്തിലും ഭാവത്തിലുമുള്ള ഹിന്ദു വർഗീയ സംഘടനകൾ ഇന്ത്യയുടെ മതേതര മനസുകളിലേക്ക് ഒളിച്ചു കടക്കുകയാണ്. ഇതര മതസ്ഥർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ഇന്ത്യയിൽ ജീവനോടെ കഴിയാൻ അവകാശമില്ലെന്ന പ്രഖ്യാപനമാണ് യെച്ചൂരിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുക വഴി സംഘപരിവാർ നടത്തിയിരിക്കുന്നത്. അടിയന്തരമായി ഈ സംഘടനയെ ഇന്ത്യയിൽ നിരോധിക്കുകയും ഇതിന് പിന്നിൽ നടന്ന ഗൂഢാലോചനയിൽ പങ്കാളികളായ മുഴുവൻ പേരെയും തുറുങ്കിലടക്കുകയും വേണമെന്നും വി.എസ് പറഞ്ഞു.

ഉഴവൂർ വിജയൻ
തിരുവനന്തപുരം- സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരിക്ക് നേരെയുണ്ടായ അക്രമം ഇന്ത്യൻ മതേതരത്വത്തിന് നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാൻ കഴിയൂവെന്ന് എൻ.സി.പി നേതാവ് ഉഴവൂർ വിജയൻ പറഞ്ഞു. 


 

Latest News