മൂന്ന് ബംഗാളി നടിമാരെ രംഗത്തിറക്കി മമത


42 ശതമാനം വനിതാ സ്ഥാനാര്‍ഥികള്‍


കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മൂന്ന് പ്രശസ്ത ബംഗാളി നടിമാരെ ഇറക്കി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. നേരത്തെ പ്രഖ്യാപിച്ച മൂണ്‍ മൂണ്‍ സെന്നിനു പുറമെ, ബംഗാളി നടിമാരായ നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവരും ഇക്കുറി പാര്‍ലമെന്റിലേക്ക് ജനവിധി തേടുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗവും മുന്‍ ചലച്ചിത്ര പ്രവര്‍ത്തകയുമായ മൂണ്‍ മൂണ്‍ സെന്‍ അസന്‍സോള്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബി.ജെ.പിയിലെ ബാബുല്‍ സുപ്രിയോ ആണ് നിലവില്‍ അസന്‍സോളിനെ പ്രതിനിധീകരിക്കുന്നത്.
അടുത്തിടെ തൃണമൂലില്‍ ചേര്‍ന്ന മൗസം നൂര്‍ മാള്‍ഡ ഉത്തര്‍ മണ്ഡലത്തില്‍ മത്സരിക്കും. കൊല്ലപ്പെട്ട എം.എല്‍.എ സത്യജിത് ബിശ്വാസിന്റെ വിധവ രൂപാലി ബിശ്വാസ് ഇക്കുറി ജനവിധി തേടുമെന്ന് മമതാ ബാനര്‍ജി പറഞ്ഞു. തങ്ങള്‍ക്ക് 42 ശതമാനം വനിതാ സ്ഥാനാര്‍ഥികളുണ്ടെന്നും ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളേയും വെല്ലുവിളിക്കുകയാണെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബംഗാളില്‍ ഏഴു ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടത്തുന്നത് ബി.ജെ.പിയുടെ പദ്ധതിയനുസരിച്ചാണെന്നും അവരുടെ പ്രചാരണത്തിന് അനുസൃതമാണ് തീയതികളെന്നും മമത ട്വിറ്ററില്‍ കുറ്റപ്പെടുത്തി. മത്സരിക്കുമെന്ന് പറഞ്ഞു കേട്ടിരുന്ന സൗഗത ബോസിന് ഹാര്‍വാര്‍ഡില്‍ നിന്ന് അനുമതി കിട്ടിയില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു.
മെഡ്‌നിപുര്‍ എം.പി സന്ധ്യ റോയ്, ബസിര്‍ഹട് എം.പി ഇദ്‌രീസ് അലി, ജാര്‍ഗ്രാം എം.പി ഉമ സോറന്‍ എന്നിവര്‍ ഇക്കുറി മത്സരിക്കില്ലെന്നും അവര്‍ വെളിപ്പെടുത്തി. മുന്‍ എം.എല്‍.എ അമര്‍ സിംഗ് റായി ഡാര്‍ജിലിംഗ് സീറ്റില്‍ മത്സരിക്കും. ഒഡീഷ, അസം, ജാര്‍ഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബര്‍ എന്നിവിടങ്ങളിലും പാര്‍ട്ടി ജനവിധി തേടുമെന്ന് അവര്‍ പറഞ്ഞു.

 

Latest News