Sorry, you need to enable JavaScript to visit this website.

സി.എൻ. ജയദേവന്റെ  ഇറങ്ങിപ്പോക്ക്: വിവാദം കൊഴുക്കുന്നു


തൃശൂർ - തിങ്കളാഴ്ച തൃശൂർ ടൗൺഹാളിൽ  നടന്ന എൽ.ഡി.എഫ് കൺവൻഷനിൽ നിന്ന് സി.എൻ. ജയദേവൻ എം.പി ഇറങ്ങിപ്പോയെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദം കൊഴുക്കുന്നു. സ്വാഗതപ്രസംഗികനായ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ.വത്സരാജ് ജയദേവന് സ്വാഗതം പറയാതിരുന്നതും ജയദേവനെ പ്രസംഗിക്കാൻ വിളിക്കാതിരുന്നതുമാണ് ജയദേവനെ ചൊടിപ്പിച്ചതെന്നും തുടർന്ന് ജയദേവൻ യോഗത്തിൽനിന്ന് പോവുകയും ചെയ്തുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ താൻ കൺവൻഷനിൽ നിന്നു ഇറങ്ങിപ്പോയെന്ന വാർത്ത അസംബന്ധമെന്ന് സി.എൻ.ജയദേവൻ എം.പി വാർത്താക്കുറിപ്പിൽ പ്രതികരിച്ചു. 
യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തയാണത്. മാധ്യങ്ങളുടെ യോജിച്ചുള്ള ഈ പ്രവർത്തനത്തെ മാധ്യമഗൂഢാലോചനയെന്നേ പറയാനാവൂവെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കൺവൻഷൻ തുടങ്ങിയ മൂന്നര മണി മുതൽ അവസാനിക്കുന്നതുവരെയും പൂർണമായും താൻ കൺവൻഷനിൽ പങ്കെടുത്തിരുന്നു. ഇടയ്ക്കവച്ച് എഴുന്നേറ്റത് സമീപത്തിരുന്നവർ വെള്ളം ചോദിച്ചപ്പോൾ വെള്ളം ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സംഘാടകരെന്ന നിലയിൽ ഞങ്ങളുടെ പാർട്ടിയുടെ ചുമതലയാണ് ചായയോ വെള്ളമോ കൊടുക്കേണ്ടത്. വെള്ളംകുപ്പിയുമായി തിരിച്ചുവന്ന താൻ ആവശ്യക്കാർക്ക് അത് നൽകുകയും ചെയ്തു. സമ്മേളനം കഴിഞ്ഞ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ നന്ദി പറയുമ്പോഴാണ് താൻ വേദിയിൽനിന്നും ടൗൺഹാളിന്റെ വരാന്തയിലേക്ക് എത്തിയത്. ഭാരവാഹികളെ തെരഞ്ഞെടുത്തു കഴിഞ്ഞതിനുശേഷമാണ് പുറത്തിറങ്ങിയത്. പ്രതിഷേധത്തിന്റെ ഒരു പ്രശ്‌നവുമില്ല. പ്രസംഗിപ്പിച്ചില്ല എന്നതിലും യാതൊർഥവുമില്ല. കാരണം, പാർട്ടി സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച ഒരു വേദിയിൽ പിന്നീട് ഒരു പ്രസംഗത്തിനു പ്രസക്തിയില്ലെന്നും ജയദേവൻ പറഞ്ഞു. രാജാജിയെ സ്ഥാനാർഥിയാക്കുന്നതിൽ തനിക്കും പങ്കുണ്ട്. കാരണം, അദ്ദേഹം തന്നേക്കാൾ പ്രഗത്ഭനാണ്. പാർലമെന്റിൽ എത്തിയാൽ നല്ല രീതിയിൽ അദ്ദേഹത്തിന് ആ വേദി നല്ല രീതിയിൽ ഉപയോഗിക്കാനാവുമെന്ന് തനിക്കുറപ്പുണ്ട്. അതിനു പ്രധാന കാരണം ഭാഷാപരമായ അദ്ദേഹത്തിന്റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. 
ജയദേവന് പ്രസംഗിക്കാൻ എന്തുകൊണ്ട് അവസരം നൽകിയില്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജിനോട് ചോദിച്ചപ്പോൾ
സി.എൻ.ജയദേവൻ എം.പിയെ പ്രസംഗികരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും എം.പിക്ക് അക്കാര്യം അറിയാമായിരുന്നുവെന്നും വത്സരാജ് വിശദീകരിച്ചു.
സ്വാഗത പ്രസംഗത്തിൽ താൻ പ്രസംഗിക്കുന്നവരുടെ പേരു മാത്രമേ പരാമർശിച്ചിട്ടുള്ളുവെന്നും പ്രസംഗികൻ അല്ലാത്തതുകൊണ്ടാണ് ജയദേവന്റെ പേര് പറയാതിരുന്നതെന്നും വത്സരാജ് പറഞ്ഞു.
സി.പി.ഐയുടെ ഏക എം.പിയെ എന്തുകൊണ്ട് പ്രസംഗത്തിൽനിന്ന് മാറ്റിനിർത്തിയെന്ന് ചോദിച്ചപ്പോൾ മന്ത്രിമാരേയും എം.എൽ.എമാരേയും പ്രസംഗിപ്പിച്ചിട്ടില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.
കൺവൻഷനിൽ വേദിയിലുള്ള എല്ലാവരും പ്രസംഗിക്കണമെന്ന് നിർബന്ധമില്ലെന്നും അങ്ങിനെയൊരു കീഴ്‌വഴക്കം എൽ.ഡി.എഫിൽ ഇല്ലെന്നും ആരെല്ലാം പ്രസംഗിക്കണമെന്നത് എൽ.ഡി.എഫാണ് ചർച്ച ചെയ്ത് നിശ്ചയിച്ചതെന്നും കെ.കെ. വത്സരാജ് പറഞ്ഞു. എന്തുകൊണ്ടാണ് സ്വാഗതപ്രസംഗത്തിലും മറ്റും പേരു പരാമർശിക്കാതിരുന്നതെന്ന് ജയദേവനോട് ചോദിച്ചപ്പോൾ അതെക്കുറിച്ച് ജില്ല സെക്രട്ടറിയോട് ചോദിക്കൂവെന്ന് പറഞ്ഞ് ജയദേവൻ ഒഴിഞ്ഞുമാറി.
ഔദ്യോഗികമായി ജില്ല സെക്രട്ടറിയാണ് മറുപടി നൽകേണ്ടതെന്നുള്ളതിനാലാണ് എം.പി അങ്ങിനെ പ്രതികരിച്ചതെന്ന് വത്സരാജും പറഞ്ഞു.
 

Latest News