Sorry, you need to enable JavaScript to visit this website.

കാസർകോട് യു ഡി എഫ്  തിരിച്ചു പിടിക്കും- എം.സി ഖമറുദീൻ 

കാസർകോട് - കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുമെന്നും യു ഡി എഫ് ജില്ലാ ചെയർമാൻ എം സി ഖമറുദീൻ പറഞ്ഞു  2014 ലെ തെരെഞ്ഞെടുപ്പിൽ നല്ല മാർജിനിൽ വിജയിക്കുമെന്ന് യു ഡി എഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആറായിരത്തോളം വോട്ടുകൾക്ക് കഷ്ടിച്ചാണ് ഇടതുമുന്നണി വിജയം നേടിയത്. 
ഇത്തവണ ആ സീറ്റ് പിടിച്ചെടുക്കാനുള്ള പ്രവർത്തനം സ്ഥാനാർത്ഥി ആയില്ലെങ്കിലും വളരെ നേരത്തെതന്നെ യു ഡി എഫ് ആരംഭിച്ചുകഴിഞ്ഞിരുന്നു. ബൂത്തുതലങ്ങളിൽ വരെ പ്രവർത്തനം ഉഷാറായി കഴിഞ്ഞു. മുൻകാലങ്ങളെക്കാൾ കൂടുതൽ ഐക്യത്തോടെയുമാണ് യു ഡി എഫ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു കാരണവശാലും കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പാടില്ലെന്ന വാശിയിലാണ് യു ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മതേതര വോട്ടുകൾ ഭിന്നിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം നിർവഹിക്കുമ്പോഴും കോൺഗ്രസിന് മാത്രമേ മതേതര ജനാധിപത്യ ശക്തികളുടെ ചേരിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയുകയുള്ളുവെന്ന് ജനങ്ങൾക്ക് നല്ല ബോധവുമുണ്ട്. ജനജീവിതം അത്രകണ്ട് ദുഷ്‌ക്കരമായ ഒരു കാലഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 
ജീവിതം ദുസ്സഹമായി, വ്യാപാരസ്ഥാപനങ്ങൾ തകർന്നു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കയറ്റം കാരണം സാധന വിലകൾ കുതിച്ചുയരുന്നു. നോട്ടുനിരോധനവും ജി എസ് ടിയും എല്ലാം രാജ്യത്തെ പിറകോട്ടടിപ്പിച്ചു. ഇടത്തരക്കാരുടെയും പാവങ്ങളുടെയും ജീവിതം വഴിമുട്ടി.  കടബാധ്യത കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. ന്യുനപക്ഷ ജനവിഭാഗങ്ങൾ രാജ്യത്ത് കഴിയുന്നത് കടുത്ത ആശങ്കയോടെയാണ്. ജനജീവിതം പാടെ തകർത്ത ഇതുപോലൊരു ഭരണം രാജ്യം ഇന്നേവരെ കണ്ടിട്ടില്ല. എന്നാൽ കോർപറേറ്റുകൾ മോഡിഭരണത്തിൽ തടിച്ചു കൊഴുത്തു.  നീരവ് മോദിമാരുടെ കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പൊറുതിമുട്ടിയ ജനങ്ങൾ രാഹുൽഗാന്ധിയുടെ ഭരണം രാജ്യത്ത് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു. പക്വതയാർന്ന നേതാവായി വളർന്നുകഴിഞ്ഞ അദ്ദേഹത്തിന്റെ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു മുന്നണി ഭരണം ഉണ്ടാകണമെന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ ബി ജെ പി വിരുദ്ധ വോട്ടുകൾ യു ഡി എഫിന്റെ പെട്ടിയിൽ തന്നെ വീഴും. 
കാസർകോട് മണ്ഡലത്തിൽ കുത്തകയാക്കി വെച്ചിരിക്കുന്ന എൽ ഡി എഫുമായി തന്നെയാണ് മത്സരം. കാലങ്ങളായി എൽ ഡി എഫിനെ തുണച്ചത് കാരണം എടുത്തുപറയാൻ കഴിയാത്ത ഒരു നേട്ടവുമില്ലാത്ത മണ്ഡലമായി കാസർകോട് മാറി. രാജധാനി എക്‌സ്പ്രസിന് കാസർകോട് സ്റ്റോപ്പ് അനുവദിച്ചത് എൻ എ നെല്ലിക്കുന്ന് എം എൽ എ ഗവർണറോട് ആവശ്യപ്പെടുകയും അദ്ദേഹം ഇടപെടുകയും ചെയ്തത് കൊണ്ട് മാത്രമാണ്. എം എൽ എ ചങ്ങല വലിച്ചാണ് അന്ത്യോദയ എക്‌സ്പ്രസിന് കാസർകോട് സ്റ്റോപ്പ് നേടിയത്. സി പി എമ്മിന്റെയും ബി ജെ പിയുടെയും അവകാശവാദം ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണ്. എം പിയാണ് സ്റ്റോപ്പ് നേടിയതെങ്കിൽ ഇത്രയും വർഷം കൊണ്ട് എന്തെ നേടാതിരുന്നത്. ചെറുവത്തൂരിൽ പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന് സി പി എം എത്രകാലമായി എം പിയോട് പറയുന്നു. സ്റ്റോപ്പ് കൊടുക്കാൻ പി കരുണാകരന് കഴിഞ്ഞോ..? 
വികസന കാര്യത്തിലും ഫണ്ട് അനുവദിക്കുന്നതിലും ഒരു നീലേശ്വരം പക്ഷപാതിത്വവും പാർട്ടി കേന്ദ്രങ്ങളോടുള്ള കൂറുമാണ് എം പി കാണിച്ചത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ അദ്ദേഹം എന്ത് വികസനമാണ് നടപ്പിലാക്കിയത്. കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെതിരായ ജനവികാരവും കല്ല്യോട്ട് ഇരട്ടകൊലപാതകത്തിൽ ജനങ്ങൾക്കുണ്ടായ അമർഷവും പ്രതിഷേധവും എല്ലാം ഈ തെരഞ്ഞെടുപ്പിൽ വോട്ടായി മാറും. കല്ല്യോട്ടെ അമ്മമാർ ഒഴുക്കിയ കണ്ണീരിന് പ്രതികാരം ചെയ്യുന്നത് സി പി എമ്മിനെ തോൽപ്പിച്ച് കൊണ്ടായിരിക്കുമെന്നും എം സി ഖമറുദീൻ പറഞ്ഞു. 

 

Latest News