മത്സരിക്കുമോ?
റിവാബ സോളങ്കി (ക്രിക്കറ്റർ രവീന്ദ്ര ജദേജയുടെ ഭാര്യ)
ജാംനഗർ (ഗുജറാത്ത്)
മാർച്ച് മൂന്നിനാണ് ക്രിക്കറ്റർ രവീന്ദ്ര ജദേജയുടെ ഭാര്യ റിവാബ സോളങ്കി ബി.ജെ.പിയിൽ ചേർന്നത്. ഗുജറാത്തിലെ ജാംനഗറിൽ 28കാരിയെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് പാർട്ടി. ക്രിക്കറ്റിലെയും സിനിമയിലെയും പ്രമുഖരെ മുഖാമുഖത്തിന് ക്ഷണിക്കുകയും പാർട്ടിയിൽ ചേരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നരേന്ദ്ര മോഡിയുടെ നയതന്ത്രമാണ്. കഴിഞ്ഞ നവംബറിൽ ജദേജയെയും ഭാര്യയെയും പ്രധാനമന്ത്രി ക്ഷണിക്കുകയും പിരിയാൻ നേരം അവരോട് രാഷ്ട്രീയത്തിൽ ചേരാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് തന്നെ റിവാബ മാധ്യമശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് സിനിമ പദ്മാവതിനെതിരെ രജപുത്ര സംഘടനയായ കർണി സേന നടത്തിയ പ്രക്ഷോഭത്തിന്റെ സമയത്തായിരുന്നു അത്. പ്രക്ഷോഭത്തിൽ അണിചേർന്ന റിവാബയെ കർണി സേന ഗുജറാത്ത് വനിതാ വിഭാഗം അധ്യക്ഷയാക്കിയിരുന്നു.
സിവിൽ സർവന്റാവാൻ മോഹിച്ച റിവാബ മെക്കാനിക്കൽ എൻജിനീയറാണ്. 2016 ലാണ് ജദേജയുമായുള്ള വിവാഹം. ഈ മാസം നാലിന് പ്രധാനമന്ത്രിയുടെ ജാംനഗർ സന്ദർശനത്തിന് മുന്നോടിയായാണ് റിവാബ ബി.ജെ.പിയിൽ അണിചേർന്നത്. കൗതുകമെന്നു പറയാം, ജദേജയുടെ സഹോദരി നയന ജദേജ നാഷണൽ വിമൺസ് പാർട്ടി അംഗമാണ്. ഫെബ്രുവരിയിൽ വിമൺസ് പാർട്ടിയിൽ ചേർന്ന നയനാബക്ക് ഈയിടെ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ മേഖലയുടെ ചുമതല പാർട്ടി നൽകി. ലോക്സഭാ ഇലക്ഷനിൽ മത്സരിക്കാൻ നയനാബയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
36 രജപുത്ര സമുദായങ്ങളുടെ കൂട്ടായ്മയാണ് കർണി സേന. എന്തിനാണ് കർണി സേനയിൽ ചേർന്നതെന്ന് ചോദിച്ചപ്പോൾ റിവാബയുടെ മറുപടി ഇങ്ങനെയാണ്; 'ഞാനൊരു രജപുത്ര സമുദായാംഗമാണ്. സമുദായത്തിന്റെ സംസ്കാരവും വിശ്വാസവും സംരക്ഷിക്കണമെന്ന കാര്യത്തിൽ എനിക്ക് നിർബന്ധ ബുദ്ധിയുണ്ട്. കഴിഞ്ഞ വർഷം മേയിൽ ഒരു പോലിസ് കോൺസ്റ്റബിൾ എന്നെ കൈയേറ്റം ചെയ്ത സംഭവം വനിതാ ശാക്തീകരണ പ്രവർത്തനത്തിൽ പങ്കാളിയാവാൻ എനിക്ക് പ്രചോദനമായി. എനിക്ക് സംഭവിച്ചത് മറ്റൊരാൾക്ക് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. ആരും കേൾക്കാനില്ലാത്ത സ്ത്രീകളുടെ ശബ്ദമാവാനാണ് ഞാൻ ആഗ്രഹിച്ചത്, ശരിയായ അർഥത്തിൽ അവർക്ക് ശക്തി പകരണമെന്ന് ചിന്തിച്ചു. അതിന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് അവർ ബോധവതികളാവണം. വിവാഹിതരായ പെൺകുട്ടികളുടെ കാര്യത്തിൽ ഭർതൃവീട്ടുകാരുടെ മനോഭാവത്തിൽ മാറ്റം വരണം. വിധവാ വിവാഹം പ്രോത്സാഹിപ്പിക്കണം. വിവാഹ മോചനം വർധിച്ചുവരുന്നതിന്റെ കാരണം മനസ്സിലാക്കണം. വിവാഹം എന്ന സമ്പ്രദായം ഹിന്ദു സംസ്കാരത്തിന്റെ സുപ്രധാന ഭാഗമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തനിക്ക് പ്രചോദനമെന്ന് റിവാബ പറയുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വം, പെരുമാറ്റം, രാഷ്ട്രത്തെ നയിക്കുന്ന രീതി, രാജ്യത്തിന്റെ പുരോഗതിക്കായുള്ള കാഴ്ചപ്പാട്, ലോകത്തിന് മുന്നിൽ ഇന്ത്യയെ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന രീതി.. ഓരോ പൗരനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതൊക്കെ. ഉദാഹരണത്തിന് ദേശീയ സുരക്ഷ എടുക്കുക. മിന്നലാക്രമണത്തിന് അദ്ദേഹം നേതൃത്വം നൽകി. അഭിനന്ദൻ വർത്തമാനെ മണിക്കൂറുകൾക്കകം തിരിച്ചു കൊണ്ടുവന്നു. ഇത്ര പെട്ടെന്ന് ഒരു യുദ്ധത്തടവുകാരൻ തിരിച്ചുവന്നത് ചരിത്രത്തിലാദ്യമായാണ്.
പുൽവാമയെക്കുറിച്ച ചോദ്യങ്ങളോട് ബി.ജെ.പി പ്രതികരിക്കുന്ന രീതിയെക്കുറിച്ച് ചോദിച്ചപ്പോൾ റിവാബയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'സർക്കാർ എന്താണ് ചെയ്യുന്നതെന്നറിയാൻ പൗരന്മാർക്ക് എല്ലാ അവകാശവുമുണ്ട്. ചോദ്യം ചെയ്യുന്നവരെല്ലാം ദേശവിരുദ്ധരല്ല. ഉദാഹരണത്തിന്, കർണി സേനയെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഞാൻ ബാധ്യസ്ഥയാണ്. ഇത് ഉന്നത ഉദ്യോഗസ്ഥർക്കും ബാധകമാണ്. എന്നാൽ ദേശീയതാൽപര്യത്തിനെതിരായ ചോദ്യമുന്നയിക്കരുത്. ഒരു പാർട്ടിയുടെയോ സംഘടനയുടെയോ വികാരത്തെയോ ദേശീയ സുരക്ഷയെയോ അപായപ്പെടുത്തരുത്. വൈകാരികമായ പ്രശ്നങ്ങളെ രാഷ്ട്രീയത്തിന്റെ ദേശാഭിമാനത്തിന്റെയും കണ്ണിലൂടെ മാത്രം കാണരുത്.
കർണിസേന ബോളിവുഡ് സിനിമക്കെതിരെ അക്രമാസക്തമായാണല്ലോ പൊരുതിയത് എന്ന് ചോദിച്ചപ്പോൾ റിവാബ അതിനെ ന്യായീകരിച്ചു. തുടക്കത്തിൽ സംഘർഷമുണ്ടായിരുന്നില്ല. പദ്മാവത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്നാൽ രജപുത്രർ മാത്രമല്ല ഏതു സമുദായവും തങ്ങളുടെ വികാരം ഹനിക്കപ്പെടുമ്പോൾ അക്രമാസക്തരാവും. ചിലർ സമാധാനപരമായി പ്രതികരിക്കും. ചിലർ അക്രമാസക്തരാവും. രജപുത്രർ പൊതുവെ പോരാളികളാണ്.
രാഷ്ട്രീയത്തിൽ തനിക്ക് കർണി സേനയുടെ പൂർണ പിന്തുണയുണ്ടാവുമെന്ന് റിവാബ പറഞ്ഞു. കർണി സേന മാത്രമല്ല രജപുത്ര സമുദായം മുഴുവൻ കൂടെയുണ്ടാവും. എന്റെ സമുദായമാണ് എന്റെ നട്ടെല്ല് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ല.






