Sorry, you need to enable JavaScript to visit this website.

മൽസരിക്കാൻ ഷാഫി പറമ്പിലിന് സമ്മർദ്ദം

പാലക്കാട് ലോക്‌സഭാ സീറ്റിൽ മൽസരിക്കാൻ ഷാഫി പറമ്പിൽ എം.എൽ.എക്കു മേൽ സമ്മർദ്ദം മുറുകുന്നു, അവസാന തീരുമാനം ഹൈക്കമാന്റിന്റേത്. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് തനിക്ക് താൽപര്യമെന്ന് പാലക്കാട് എം.എൽ.എ ആവർത്തിക്കുന്നുണ്ടെങ്കിലും ആ തീരുമാനം മാറ്റാൻ അദ്ദേഹം നിർബ്ബന്ധിതനായേക്കുമെന്നാണ് സൂചന. പാലക്കാട്ട് ഷാഫി പറമ്പിൽ മൽസരിച്ചാൽ യു.ഡി.എഫിന് വിജയസാധ്യത ഏറെയാണെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഈ ആവശ്യം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ ഉയർന്നതാണ്. ആ സമയത്ത് തന്നെ ഷാഫി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വഴിയാണ് പാലക്കാട് എം.എൽ.എ ഹൈക്കമാന്റിനെ മൽസരിക്കാനില്ലെന്ന നിലപാട് ബോധ്യപ്പെടുത്തിയത്. എം.എൽ.എമാർ മൽസരിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന പാർട്ടി നയം വ്യക്തമാക്കപ്പെട്ടതോടെ ചർച്ചകളിൽനിന്ന് ഷാഫിയുടെ പേര് ഒഴിവായി. എന്നാൽ ആറ് എം.എൽ.എമാരെ കളത്തിലിറക്കിക്കൊണ്ട് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിക്കപ്പെട്ടതോടെ കോൺഗ്രസിന്റെ ചിന്തയിലും മാറ്റം വന്നിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം വിലയിരുത്തിയാൽ മതി എന്ന നിലപാടിലേക്കാണ് കോൺഗ്രസും എത്തുന്നത്. 
സിറ്റിംഗ് എം.പി എം.ബി. രാജേഷ് തുടർച്ചയായി മൂന്നാം തവണയും പാലക്കാട്ടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംവിധാനം ചലിച്ചു തുടങ്ങി. ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനാവും മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കപ്പെട്ട മട്ടായിരുന്നു. എന്നാൽ രാജേഷിന് കൂടുതൽ വെല്ലുവിളി ഉയർത്താൻ സാധിക്കുക ഷാഫി പറമ്പിലിനാണെന്ന വാദം വിവിധ കോണുകളിൽ നിന്ന് ഉയർന്നു കൊണ്ടേയിരിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ഷാഫിക്കു വേണ്ടി വാദിക്കുന്നവർ പ്രധാനമായും ഉയർത്തിക്കാണിക്കുന്നത്. ശക്തമായ ത്രികോണമൽസരം നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഷാഫി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തിനു വേണ്ടിയായിരുന്നു സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള മൽസരം. അതിൽ ബി.ജെ.പി വിജയിക്കുകയും ചെയ്തു. പാലക്കാട്ട് സി.പി.എമ്മിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന എൻ.എൻ.കൃഷ്ണദാസ് ആണ് അന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്നത് ഷാഫി പറമ്പിലിന്റെ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചു. സമാന പ്രകടനമാണ് ഇക്കുറി എം.ബി. രാജേഷിനെതിരേയും കോൺഗ്രസ് പാർട്ടി യുവനേതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
മൽസരിക്കാൻ താൽപര്യമില്ലെന്നും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നുമാണ് ഷാഫി പറമ്പിൽ ഇപ്പോഴും മാധ്യമ പ്രവർത്തകരോട് ആവർത്തിച്ച് പറയുന്നുത്. ഹൈക്കമാന്റ് കർശനമായി നിർദ്ദേശിച്ചാൽ ആ നിലപാടിൽ മാറ്റമുണ്ടാകുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ സൂചിപ്പിക്കുന്നു. അങ്ങനെയൊരു തീരുമാനമുണ്ടായാൽ ഇപ്പോൾ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച മട്ടിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വി.കെ. ശ്രീകണ്ഠനെ എങ്ങനെ അനുനയിപ്പിക്കണമെന്നത് നേതൃത്വത്തിന് തലവേദനയാകും. ശ്രീകണ്ഠന്റെ ഭാര്യ കൂടിയായ കെ.പി.സി.സി അംഗം പ്രഫ. കെ.എ. തുളസിക്ക് ആലത്തൂരിൽ ടിക്കറ്റ് നൽകിയോ ഷാഫി ജയിക്കുകയാണെങ്കിൽ ഒഴിവു വരാനിടയുള്ള പാലക്കാട് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്‌തോ ഡി.സി.സി പ്രസിഡന്റിനെ തൃപ്തിപ്പെടുത്തിയേക്കും. 

 

Latest News