ഗാന്ധിനഗര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂട്ടുകാരന്‍ അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയത് എന്തിനാണെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അനില്‍ അംബാനി തന്റെ ജീവതത്തില്‍ ഇതുവരെ വിമാനം നിര്‍മിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് കടലാസ് വിമാനം പോലും ഉണ്ടാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വന്‍ ജനാവലി പങ്കെടുത്ത പൊതു സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ അഴിമതിയും റഫാല്‍ ഇടപാടുമാണ് അദ്ദേഹം മുഖ്യ വിഷയമാക്കിയത്.
ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി അവരില്‍നിന്ന് 30,000 കോടി മോഷ്ടിച്ച് അനില്‍ അംബാനിക്കു നല്‍കിയ കാര്യം ആരോടും പറഞ്ഞില്ല. റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ രണ്ടു മണിക്കൂറിനുള്ളില്‍ സി.ബി.ഐ ഡയറക്ടറെ മാറ്റി. അഴിമതിക്കെതിരെ പോരാടുമെന്നാണ് മോഡി പറഞ്ഞിരുന്നത്. അതിനാല്‍ എന്തുകൊണ്ടാണ് 30,000 കോടി അനില്‍ അംബാനിക്കു നല്‍കിയതെന്ന് ജനങ്ങള്‍ ചോദിക്കണം.
രണ്ട് തത്വങ്ങളുടെ ഏറ്റുമുട്ടലാണ് രാജ്യത്ത് നടക്കുന്നത്. അതിനാലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഗുജറാത്തില്‍ വെച്ചത്. മഹാത്മാ ഗാന്ധി തന്റെ ജീവിതം തന്നെ രാജ്യത്തിനു വേണ്ടി ഉഴിഞ്ഞുവച്ചിരുന്നു. എന്നാലിപ്പോള്‍ ജനാധിപത്യത്തെ തളര്‍ത്തുന്ന തരത്തിലുള്ള ഭരണമാണ് നടക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ജനങ്ങളെ രണ്ടാക്കിയിരിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങളെപ്പറ്റി ആരും സംസാരിക്കുന്നില്ല -രാഹുല്‍ പറഞ്ഞു.
രാജ്യത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. 45 വര്‍ഷത്തിനിടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടിയിരിക്കയാണ്. ജോലി ലഭിക്കാന്‍ വേണ്ടി യുവാക്കള്‍ ബുദ്ധിമുട്ടുന്നു. രണ്ടാമത്തെ വലിയ പ്രശ്‌നം കര്‍ഷകരുടേതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കര്‍ഷകരാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകുന്നില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലെത്തി പത്തു ദിവസത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് വായ്പകള്‍ എഴുതിത്തള്ളി. ഗുജറാത്തിലെ ജനങ്ങളുടെ വായ്പ എഴുതിത്തള്ളാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിക്കാത്തതില്‍ വിഷമമുണ്ട്. അവരുടെ വിഷമം മനസിലാകും -രാഹുല്‍ പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തില്‍ വ്യവസായികള്‍ക്ക് വന്‍ തിരിച്ചടിയാണു നേരിട്ടത്. അധികാരത്തിലെത്തിയാല്‍ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒറ്റ ജി.എസ്.ടി നടപ്പാക്കും. ചരിത്രത്തിലാദ്യമായിട്ടാണ് നാലു ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി, പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞത്. സാധാരണ ജനങ്ങള്‍ നീതിക്കു വേണ്ടി സുപ്രീം കോടതിയിലേക്കാണു പോകുന്നത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ജനങ്ങള്‍ക്കു മുന്നിലെത്തി നീതിക്കുവേണ്ടി കൈനീട്ടുകയാണ്.
ഭീകരന്‍ മസൂദ് അസ്ഹറാണ് പുല്‍വാമ ഭീകരാക്രമണം നടത്തിയത്. ആരാണ് അയാളെ മോചിപ്പിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ പ്രത്യേക വിമാനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കാവലാളായി അയച്ചാണ് മസൂദ് അസ്്ഹറിനെ പാക്കിസ്ഥാനിലെത്തിച്ചത് -രാഹുല്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ വികാരം ഇളക്കി വിടുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നുമുള്ള ആരോപണം ശക്തമായി ഉന്നയിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി സമാപിച്ചത്. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി ഭരണം നശിപ്പിക്കുകയാണെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി.
നരേന്ദ്ര മോഡി ഇര ചമയുകയാണെന്നും എന്നാല്‍ ഈ രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുടെ ഇരകളെന്നും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി യോഗത്തില്‍ കുറ്റപ്പെടുത്തി. നിലവിലെ ഭരണത്തില്‍ വ്യാവസായിക വളര്‍ച്ച കുറഞ്ഞുവെന്നും തൊഴിലില്ലായ്മ വര്‍ധിച്ചുവെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആരോപിച്ചു.