സൗദിയില്‍ കെണിയിലകപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് യു.എസ് വനിത

റിയാദ്- ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അമേരിക്കന്‍ വനിത. താന്‍ സൗദി അറേബ്യയില്‍ തന്നെ കഴിയുമെന്നും തന്റേയും മകളുടേയും വീടാണിതെന്നും 31 കാരി ബെഥാനി വിയെറ അറബ് ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവ് താമസ വിസ പുതുക്കിയില്ലെന്നും യു.എസ് വനിതയും നാല് വയസ്സായ മകളും സൗദിയില്‍ കുടുങ്ങിയെന്നുമായിരുന്നു ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മകള്‍ സെയ്‌നക്ക് സൗദി പൗരത്വമുള്ളതിനാല്‍ വിയെറക്ക് സ്‌പോണ്‍സറില്ലാതെ തന്നെ രാജ്യത്ത് സ്ഥിരതാമസത്തിന് അവകാശമുണ്ട്.
താന്‍ ഒരിക്കലും സൗദി അറേബ്യയില്‍നിന്ന് പോകാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവിടെ തന്നെ ജോലി ചെയ്ത് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിയറെ പറഞ്ഞു.
2011 മുതല്‍ റിയാദില്‍ താമസിക്കുന്ന വിയറെ സ്വന്തം ബിസിനസ് സ്ഥാപനം നടത്തുകയാണ്. മകള്‍ സെയ്‌ന ആരോടൊപ്പം കഴിയണമെന്ന തര്‍ക്കമാണ് തെറ്റിദ്ധാരണക്കിടയാക്കിയ വാര്‍ത്തകള്‍ക്ക് കാരണമെന്ന് അവര്‍ പറഞ്ഞു.

 

Latest News