Sorry, you need to enable JavaScript to visit this website.

സെലക്ടീവ് ടാക്‌സ്: റിട്ടേണുകൾ മാർച്ച് 15 നു മുമ്പ് സമർപ്പിക്കണം

റിയാദ് - ഈ വർഷം ഫസ്റ്റ് ടേമിലെ സെലക്ടീവ് ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം മാർച്ച് 15 ആണെന്ന് സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. ഈ വർഷത്തെ ഫസ്റ്റ് ടേം ആയ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ നികുതി റിട്ടേണുകൾ മാർച്ച് പതിനഞ്ചിനു മുമ്പായി സ്ഥാപനങ്ങൾ സമർപ്പിക്കണം. നിയമ ലംഘനത്തിന് പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കുന്നതിന് സമയം അവസാനിക്കുന്നതിനു മുമ്പായി സകാത്ത്, നികുതി അതോറിറ്റി വെബ്‌സൈറ്റ് വഴി റിട്ടേണുകൾ സമർപ്പിക്കണം. നിശ്ചിത സമയയത്ത് റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് അടക്കേണ്ട നികുതി തുകയുടെ അഞ്ചു മുതൽ ഇരുപത്തിയഞ്ചു വരെ ശതമാനത്തിന് തുല്യമായ തുക പിഴയായി ചുമത്തും. 
നികുതി വെട്ടിപ്പിന് ശ്രമിച്ച് ഉൽപന്നങ്ങൾ സംഭരിച്ചുവെക്കുകയും നീക്കം ചെയ്യുകയും കൈവശം വെക്കുകയും ചെയ്യുന്നവർക്ക് അടക്കേണ്ട നികുതി തുകക്ക് തുല്യമായ തുക പിഴയായി ചുമത്തും. ഇതേനിയമ ലംഘനം ആവർത്തിക്കുന്നവർക്ക് അടക്കേണ്ട നികുതി തുകയുടെ മൂന്നിരട്ടിക്ക് തുല്യമായ തുക പിഴ ചുമത്തും. വ്യാപാര സ്ഥാപനങ്ങൾ സെലക്ടീവ് ടാക്‌സ് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സകാത്ത്, നികുതി അതോറിറ്റി ഫീൽഡ് പരിശോധനകൾ നടത്തുന്നുണ്ട്. 
സകാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥരെ കൃത്യനിർവഹണത്തിൽ നിന്ന് തടയുന്നത് നിയമ ലംഘനമാണ്. ഇതിന് അര ലക്ഷം റിയാൽ വരെ പിഴ ലഭിക്കുമെന്നും സകാത്ത്, നികുതി അതോറിറ്റി പറഞ്ഞു. 2017 മധ്യം മുതലാണ് സൗദിയിൽ ഹാനികരമായ ഉൽപന്നങ്ങൾക്കുള്ള സെലക്ടീവ് ടാക്‌സ് നിലവിൽവന്നത്. പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതളപാനീയങ്ങൾക്ക് 50 ശതമാനവും അധിക നികുതിയാണ് ബാധകം. 

Latest News