Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയിൽ സി.പി.എം കോൺഗ്രസ് മുന്നണിയിൽ, മാഹിയിൽ പ്രവർത്തകർ അങ്കലാപ്പിൽ   

മാഹി-ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് രാഷ്ട്രീയം പിൻപറ്റി, പുതുച്ചേരിയിലും സിപിഎം അടക്കമുള്ള  ഇടതുപക്ഷ കക്ഷികൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കേ, കേരള രാഷ്ട്രീയത്തെ അനുഗമിക്കുന്ന പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ കോൺഗ്രസുമായി കൈകോർക്കാൻ മയ്യഴിയിലെ സി.പി.എമ്മിന് കഴിയാത്ത 
അവസ്ഥയായി. സിപിഎം കോൺഗ്രസുമായി ഏതു സംസ്ഥാനത്തു മുന്നണിയായാലും കേരളത്തിൽ മുന്നണിയാകുന്ന സാഹചര്യമില്ല. ഇതേ അവസ്ഥയാണ് മയ്യഴിയിലും.
1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാടിലും പുതുച്ചേരിയിലും കോൺഗ്രസ് മുന്നണിയിലായിരുന്നു സിപിഎം.കേരളത്തിലേതു പോലെ കോൺഗ്രസ്സുമായി നേർക്കു നേർ പോരാടുന്ന മയ്യഴിയിലെ സിപിഎം, രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു.
അഡ്വ.ടി.അശോക് കുമാറായിരുന്നു മയ്യഴിയിലെ സിപിഎമ്മിനു വേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരത്തിനിറങ്ങിയത്. എം .ഒ എച്ച് ഫാറൂഖ്
(കോൺഗ്രസ്), എം.രാംദാസ്(പട്ടാളി മക്കൾ കച്ചി),പി കണ്ണൻ(തമിഴ് മാനിലാ കോൺഗ്രസ്) എന്നിവരും ആറ് സ്വതന്ത്രരുമായിരുന്നു അന്ന് സ്ഥാനാർത്ഥികൾ.എം ഓ എച്ച് ഫാറൂഖ് വിജയിച്ച തെരഞ്ഞെടുപ്പിൽ, ടി.അശോക് കുമാറിന് 5179 വോട്ടുകൾ ലഭിച്ചു. ആറു സ്വതന്ത്രരിൽ മൂന്നാമതായിരുന്നു അശോക് കുമാർ. ഇത്തവണയും 1999 ലെ രാഷ്ട്രീയ അടവ് നയം സ്വീകരിക്കേണ്ട അവസ്ഥയിലാണ് മയ്യഴിയിലെ സി.പി.എം.
പുതുച്ചേരിയിൽ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺ, ഡി.എം.കെ, ഇടത് പാർട്ടികൾ സംയുക്തമായി ഇതിനകം ഏകകണ്ഠമായി തീരുമാനിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയമായിട്ടില്ലെങ്കിലും, കോൺഗ്രസിന് അനുവദിക്കപ്പെട്ട സീറ്റിൽ പി.സി.സി. അദ്ധ്യക്ഷൻ എ.നമഃശിവായം, സ്പീക്കർ വി. വൈദ്യലിംഗം, ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി  ജോൺ കുമാർ എന്നിവരുടെ പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളത്. തമിഴ്‌നാട്ടിലെ പി ചിദംബരം പോലുള്ള ദേശീയ നേതാക്കളുടെ പേരും ആലോചനയിലുണ്ട്.
 

Latest News