Sorry, you need to enable JavaScript to visit this website.

വരൂ, മന്ത്രിയാക്കാം ഗുജറാത്തിൽ ബി.ജെ.പി തന്ത്രം  

കൂറുമാറിയെത്തിയ  കോൺഗ്രസ് എം.എൽ.എ ജവഹർ ചാവ്ദ  ഗുജറാത്തിൽ കാബിനറ്റ് മന്ത്രിയായി  അവരോധിതനായപ്പോൾ 

ഗുജറാത്തിൽ 26 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014 ൽ 26 സീറ്റും ബി.ജെ.പി തൂത്തുവാരി. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ഇത്തവണ ഒരു സീറ്റ് പോലും നഷ്ടപ്പെടുന്നത് ബി.ജെ.പിക്ക് അഭിമാനക്ഷതമുണ്ടാക്കും. അതിനാൽ കോൺഗ്രസിനെ തകർക്കാനുള്ള അവസാന അടവ് വരെ പുറത്തെടുക്കുകയാണ് ബി.ജെ.പി. സംസ്ഥാന മന്ത്രിസഭയുടെ വാതിലുകൾ മലർക്കെ തുറന്നിട്ടാണ് പാർട്ടി എതിരാളികളെ തകർക്കുന്നത്. 2014 അല്ല 2019. ഇത്തവണ നന്നായി വിയർക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതൃത്വത്തിന് അറിയാം. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും ഏഴ് സീറ്റുകളുടെ ബലത്തിലാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. കോൺഗ്രസ് 77 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അതോടെയാണ് ബി.ജെ.പി ഉണർന്നത്. വോട്ട് നേടാൻ കെൽപുള്ള എം.എൽ.എമാരെയും എം.പിമാരെയുമൊക്കെ റാഞ്ചുക എന്നതായിരുന്നു തന്ത്രം. അതിനായി സർവ അടവും പണപ്പെട്ടിയും അവർ പുറത്തെടുത്തു. ഏഴു തവണ എം.എൽ.എയായ നേതാക്കളെ വരെ മാറ്റിനിർത്തിയാണ് കൂറുമാറിയെത്തിയവർക്ക് മന്ത്രിസഭയിൽ സ്ഥാനം നൽകുന്നത്. ബി.ജെ.പിയുടെ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ കെൽപുള്ളവർ മറുപക്ഷത്തുണ്ടാവരുത് എന്നതാണ് ഏക ലക്ഷ്യം.
ബി.ജെ.പിക്കെതിരായ മതേതര പോരാട്ടത്തിന് രാജ്യം കോൺഗ്രസിനെ ഉറ്റുനോക്കുമ്പോൾ കോൺഗ്രസിന്റെ പല നേതാക്കളും നല്ല വിലക്കായി ഉറ്റുനോക്കുന്നത് ബി.ജെ.പിയെയാണ്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി എന്ന ആരോപണത്തെ ശരിവെക്കുന്നതാണ് സമീപകാലത്തെ നിരവധി കൂറുമാറ്റങ്ങൾ. വെള്ളിയാഴ്ച ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ മാനവദാർ മണ്ഡലത്തെ നാലു തവണയായി പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം.എൽ.എ ജവഹർ ചാവ്ദ ബി.ജെ.പിയിൽ ചേർന്നു. ശനിയാഴ്ച അദ്ദേഹത്തെ ഗുജറാത്ത് മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയാക്കി. ഇതോടെ ഗുജറാത്തിലെ മൂന്നിലൊന്ന് മന്ത്രിമാരും കോൺഗ്രസിൽ നിന്ന് കൂറു മാറി വന്നവരായി. കൂറുമാറി വന്ന മറ്റൊരു എം.എൽ.എ ധർമേന്ദ്ര ജദേജയെ സഹമന്ത്രിയാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു കോൺഗ്രസ്. പക്ഷേ പിന്നീടുണ്ടായ സംഭവങ്ങൾ കോൺഗ്രസിന്റെ വിശ്വാസ്യതക്ക് വലിയ കോട്ടമാണ് ഉണ്ടാക്കിയത്.  
കഴിഞ്ഞ ജൂലൈ 28 നായിരുന്നു ഇതിനു മുമ്പ് ഗുജറാത്ത് മന്ത്രിസഭ വികസിപ്പിച്ചത്. അന്നേ ദിവസം കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ ജസ്ദാനിലെ എം.എൽ.എ കുൻവർജി ബവാലിയക്കും മന്ത്രിസഭയിൽ ഇടം നൽകി. അന്ന് മന്ത്രിയായ ജയേഷ് റദാദിയയും പഴയ കോൺഗ്രസുകാരനാണ്. റദാദിയയുടെ പിതാവിനെ പോർബന്തർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ജയിപ്പിച്ചു. 2017 ൽ ബി.ജെ.പിയിൽ ചേർന്ന തസരയിലെ എം.എൽ.എ രാംസിംഗ് പാർമറാണ് അമുൽ ഉൾപ്പെടെ ഉൽപന്നങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള ഗുജറാത്ത് കോഓപറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് സൊസൈറ്റിയുടെ ചെയർമാൻ. മുൻ കോൺഗ്രസ് ചീഫ് വിപ്പ് ബൽവന്ത് സിംഗ് രാജ്പുത്താണ് ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാൻ. ലോക്‌സഭാ ഇലക്ഷനു മുമ്പ് കോൺഗ്രസിന്റെ വിശ്വാസ്യതയും ആത്മവിശ്വാസവും പൂർണമായും തകർക്കുകയെന്നതാണ് ഗുജറാത്ത് ബി.ജെ.പിയുടെ ലക്ഷ്യം. 
ശനിയാഴ്ച ചുമതലയേറ്റ ജാംനഗർ നോർത്ത് എം.എൽ.എ ധർമേന്ദ്ര സിംഗ് ജദേജ, ഹാലോൾ എം.എൽ.എ ജയദ്രത് സിംഗ് പാർമർ എന്നിവരും കോൺഗ്രസിൽ നിന്ന് പല ഘട്ടങ്ങളിലായി ചേക്കേറിയവരാണ്.
ഇത് ബി.ജെ.പിയിൽ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടിയും സർക്കാരും പരിഹാസ പാത്രമാകുകയാണെന്ന് പലരും അടക്കം പറയുന്നു. ഏഴു തവണ വഡോദരയിൽ ബി.ജെ.പി എം.എൽ.എയായ യോഗേഷ് പട്ടേൽ ഗുജറാത്തിൽ സഹമന്ത്രിയാണ്. എന്നാൽ കൂറുമാറിയെത്തിവയർക്ക് അന്നന്ന് മന്ത്രിസഭയിൽ കാബിനറ്റ് പദവി നൽകുന്നു. മൂന്നോ അധികമോ തവണ എം.എൽ.എയായിട്ടും മന്ത്രിസഭയിൽ സ്ഥാനം കിട്ടാത്ത 18 പേർ ബി.ജെ.പിയിലുണ്ട്. 40 വർഷമായി പാർട്ടിയെ സേവിക്കുകയാണെന്നും കോൺഗ്രസുകാരുടെ വരവ് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും നാലു തവണ ദസ്‌കരോയി മണ്ഡലത്തെ പ്രതിനിധീകരിച്ച ബാബു പട്ടേൽ പറയുന്നു. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റും ജയിക്കുകയാണ് അന്തിമ ലക്ഷ്യമെന്ന് വിസ്‌നഗറിനെ മൂന്നാം തവണ പ്രതിനിധീകരിക്കുന്ന ഋഷികേശ് പട്ടേൽ അഭിപ്രായപ്പെട്ടു. സ്വന്തം നേതാക്കളിൽ ബി.ജെ.പിക്ക് വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസിൽ നിന്ന് നേതാക്കളെ റാഞ്ചുന്നത് എന്നാണ് കോൺഗ്രസിന്റെ ആരോപണം. 
 

Latest News