തെഹ്‌റാൻ- ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഇറാൻ പാർലമെന്റിലും ആയത്തുല്ല ഖുമേനിയുടെ ഖബറിടത്തിലുമുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാർലമെന്റിനുള്ളിൽ പ്രവേശിച്ച ആയുധധാരികൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ദക്ഷിണ തെഹ്‌റാനിലാണ് സ്‌ഫോടനം. അക്രമികൾ പാർലമെന്റിനുള്ളിൽ ആളുകളെ ബന്ദിയാക്കിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. പാർലമെന്റിനുള്ളിൽ പ്രവേശിച്ച അക്രമി സുരക്ഷാ ഉദ്യോസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാൾക്ക് കാലിന് വെടിയേൽക്കുകയായിരുന്നു.
അതേസമയം, ആയത്തുല്ല ഖുമേനിയുടെ ഖബറിടത്തിനടുത്ത് ചാവേർ പൊട്ടിത്തെറിച്ചാണ് ഏഴ് പേർ മരിച്ചത്. പാർലമെന്റ് ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ സുരക്ഷാ ഉദ്യോഗസ്ഥനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അറസ്റ്റിലായെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
ഇറാനിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമാണ് ആയത്തുല്ല ഖുമേനിയുടെ ഖബറിടം. ഇറാനുമേൽ ഐസിസ് അടുത്ത കാലത്ത് നടത്തുന്ന വലിയ ആക്രമണത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഐസിസ് ഏറ്റെടുത്തിരുന്നു.