സ്ത്രീ സംരക്ഷണം എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണം. അത് ഒരു ജീവിത ചര്യ പോലെ കുട്ടികളെ പരിശീലിപ്പിക്കണം. സ്ത്രീയെ ബഹുമാനിക്കുകയും അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കാൻ നമുക്ക് തുടക്കം കുറിക്കാം.
ഒരു വനിതാ ദിനം കൂടി കടന്നു പോയി.
സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്ക് അറുതിയൊന്നുമില്ല. അതിന് കാലഘട്ടത്തോളം തന്നെ പഴക്കമുണ്ട്. മാനസികവും ശാരീരികവുമായി അവർ അനുഭവിക്കുന്ന പീഡനങ്ങൾക്ക് കാലദേശ വത്യാസങ്ങളില്ല. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന കാഴ്ചയാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായും വിദ്യാഭ്യാസ പരമായും ഉന്നതി കൈവരിച്ച കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല.
ലിംഗഭേദമില്ലാതെ ഇന്ത്യൻ ഭരണഘടന സമത്വവും സ്വാതന്ത്ര്യവും അനുശാസിക്കുന്നുമുണ്ട്. പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധിയും രാഷ്ട്രപതിയായി പ്രതിഭാ പട്ടേലുമൊക്കെ ഇന്ത്യയുടെ ഭരണ രംഗത്ത് എത്തപ്പെടുകയും ചെയ്തു. സംസ്ഥാന തലങ്ങളിൽ ഷീലാ ദീക്ഷിത്, ജയലളിത, മമതാ ബാനർജി, മായാവതി, ഉമാഭാരതി, വസുന്ധര രാജെ സിന്ധ്യ, ആനന്ദി ബെൻ പാട്ടേൽ, മെഹബൂബ മുഫ്തി, രാബ്രി ദേവി തുടങ്ങി ശക്തരായ വനിതാ ഭരണകർത്താക്കളുമുണ്ടായി.
പക്ഷേ ഇപ്പോഴും പുരുഷനും താഴെ പരിഗണിക്കപ്പെടേണ്ടവളാണ് സ്ത്രീ എന്ന മനോഭാവത്തിനു വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി 1961 ൽ സ്ത്രീധന നിരോധന നിയമവും 1990 ൽ ദേശീയ വനിതാ കമ്മീഷൻ നിയമം. 2005 ൽ ഗാർഹിക പീഡന നിരോധന നിയമം ഒക്കെ രാജ്യത്ത് നിലവിൽ വന്നു.
അതോടൊപ്പം തന്നെ ഒട്ടനവധി വനിതാ സംഘടനകൾ ദേശവ്യാപകമായി സെമിനാറുകൾ, ചർച്ചാ ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുമുണ്ട്. പക്ഷേ ഇതൊന്നും തന്നെ സ്ത്രീയുടെ സുരക്ഷയ്ക്ക് പര്യാപ്തമല്ല. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഓരോ രണ്ട് മിനിറ്റിൽ ഒരു തവണയും ഒരു മണിക്കൂറിൽ 26 തവണയും സ്ത്രീകൾക്ക്
എതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉന്നതമായ സാമൂഹിക നിലവാരം പുലർത്തുന്ന കേരളത്തിൽ രണ്ടു വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതൽ തൊണ്ണൂറു വയസ്സുള്ള വൃദ്ധ വരെ ലൈംഗിക പീഡനത്തിന് വിധേയയാകുന്നു.
സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ, പൊതു സ്ഥലങ്ങൾ, ട്രെയിനുകൾ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ നിരന്തരം ആക്രമിക്കപ്പെടുന്നു. സമൂഹത്തിലെ ഉന്നതരായ സ്ത്രീകൾ പോലും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതാണ് അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാണുന്ന കാഴ്ചകൾ.
എല്ലാ മേഖലകളിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ പലരും അത് പുറത്ത് പറയാൻ മടിക്കുന്നത് കൊണ്ട് ഇത്തരം ആളുകൾക്ക് അത് വീണ്ടും വീണ്ടും ചെയ്യാനുള്ള ധൈര്യം ഉണ്ടാകുന്നു.
ആദിവാസി മേഖലകളിൽ അവിവാഹിതരായ അമ്മമാരുടെ എണ്ണം വർഷങ്ങൾ കഴിയുംതോറും വർധിച്ചു വരികയാണ്.
ഫലപ്രദമായി ഈ വിഷയത്തിൽ ഇടപെടാൻ സർക്കാരിനോ വനിതാ സംഘടനകൾക്കോ കഴിയുന്നില്ല. ഇങ്ങനെയുള്ള വിഷയങ്ങളെ രാഷ്ട്രീയമായ കണ്ണിൽ കൂടിയാണ്
വനിതാ സംഘടനകൾ പോലും കാണുന്നത്.
കേരളത്തിൽ തദ്ദേശ സ്ഥാപങ്ങളിൽ അമ്പതു ശതമാനം സംവരണം നടപ്പിലാക്കിയതിന് ശേഷം പൊതു രംഗത്തേക്ക് കടന്നു വന്ന വനിതകളുടെ എണ്ണം വളരെ വലുതാണ്. വനിതകൾ നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന
ങ്ങളിൽ അത്ഭുതകരമായ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നിയമസഭയിലും വനിതാ പ്രാതിനിധ്യം കൂടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഭരണ രംഗത്തേക്ക് കൂടുതൽ വനിതകൾ കടന്നു വരുന്നതോടെ സ്ത്രീ വിഷയങ്ങളിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ അവർക്ക് കഴിയും.
സ്ത്രീ സംരക്ഷണം എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണം. അത് ഒരു ജീവിത ചര്യ പോലെ കുട്ടികളെ പരിശീലിപ്പിക്കണം. സ്ത്രീയെ ബഹുമാനിക്കുകയും
അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കാൻ നമുക്ക് തുടക്കം കുറിക്കാം.
(തൃശൂർ കേരളവർമ കോളേജ് ചരിത്ര വിഭാഗം മേധാവിയാണ് ലേഖിക)






