Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരള മാതൃകയിൽ എസ്.പി.സി പദ്ധതി നടപ്പാക്കാൻ കേന്ദ്ര നിർദേശം 

ന്യൂദൽഹി- കേരള മാതൃകയിൽ സ്റ്റുഡന്റ്‌റ് പോലീസ് കാഡറ്റ് (എസ്പിസി) പദ്ധതി രാജ്യവ്യാപകമാക്കണമെന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. ഭീകരവാദ ചിന്തകൾ കുട്ടികളിലും യുവാക്കളിലും സ്വാധീനം ചെലുത്തുന്നത് തടയുന്നതിനായി സ്റ്റുഡന്റ്‌സ് പോലീസ് സംവിധാനം സ്‌കൂളുകളിൽ നടപ്പിലാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2011 ൽ ഡെറാഡൂണിൽ ചേർന്ന നാഷണൽ പോലീസ് കോൺഗ്രസ് ഇതു സംബന്ധിച്ച ശുപാർശ സർക്കാരിനു നൽകിയിരുന്നു. ഓരോ സ്‌കൂളുകളിൽ നിന്നും 44 കാഡറ്റുകളെ വീതം തെരഞ്ഞെടുത്തു രാജ്യവ്യാപകമായി 3440 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി മൂന്നു വർഷത്തേക്ക് 430 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 
നിലവിൽ കേരളം, ഗുജറാത്ത്, ഹരിയാന, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിലാണ് സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകൾ ഉള്ളത്.  ഭീകരവാദ ചിന്തകളും പ്രവൃത്തികളും വ്യാപിക്കുന്നത് തടയാനും യുവാക്കളെ സമാധാനത്തിന്റെയും സുരക്ഷയുടെയും വക്താക്കളാക്കുവാനും സ്റ്റുഡന്റ്‌സ് പോലീസ് സംവിധാനം സഹായകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു. 
പ്രായപൂർത്തിയാകാത്തവർ ലൈംഗീക പീഡനത്തിരയാകുന്നതും നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും കുട്ടികൾ ഗൗരതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനും തീവ്ര ചിന്താഗതികളിൽ മത തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്നു കുട്ടികളെ അകറ്റി നിർത്തുന്നതിനും സ്റ്റുഡന്റ് പോലീസ് കാഡറ്റ്‌സ് ഉപകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. 2030 ആകുന്നതോടെ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും 14 വയസ്സിൽ താഴെയുള്ളവരാകും. യുവാക്കൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ നേരിടാൻ സജ്ജരായിരിക്കണം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിൽ മറ്റു മന്ത്രാലയങ്ങളും കൂടിച്ചേർന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം. 
വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നത്. സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റുകളാകുന്ന കുട്ടികൾക്ക് രണ്ടു സെറ്റ് യൂണിഫോം നൽകും. ഒന്നു ഫിസിക്കൽ ട്രെയിനിംഗിനും മറ്റൊന്നു പരേഡിനുമുള്ളതാണ്. ഇതിനു പുറമെ കാഡറ്റുകളാകുന്ന കുട്ടികൾക്ക് ബോണസ് നൽകുന്ന കാര്യം പരിശോധിക്കും. പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരട് രേഖ തയാറാക്കിയിട്ടുണ്ട്. 
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്കു പുറമേ എട്ടു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പദ്ധതി നടത്തിപ്പിനായി 90 ശതമാനം തുകയും കേന്ദ്ര സർക്കാർ നൽകും. മറ്റു സംസ്ഥാനങ്ങൾ 60 ശതമാനമാണ് കേന്ദ്ര ഫണ്ടായി ലഭിക്കുന്നത്.  
ആഭ്യന്തര സുരക്ഷയ്ക്കായി ദീർഘകാലാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന പദ്ധതി എന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച നിർദേശത്തിൽ സ്റ്റുഡന്റ്‌സ് പോലീസ് കാഡറ്റ് പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 
സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപം നൽകിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി (എസ്പിസി). 2010 ഓഗസ്റ്റ് 27 ന് സംസ്ഥാന വ്യാപകമായി 127 സ്‌കൂളുകളിലായി 11,176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിക്കു തുടക്കം കുറിച്ചത്. 
ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത, വനം, എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കിയത്. തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻറ്‌സ് പോലീസ് കാഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലെത്തി പഠനം നടത്തിയ ശേഷമാണ് അതതു സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പിലാക്കിയത്. 


 

Latest News