ഓടുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; യുവതിയും രണ്ടു മക്കളും വെന്തുമരിച്ചു, ഭര്‍ത്താവും ഒരു കുട്ടിയും രക്ഷപ്പെട്ടു

ന്യൂദല്‍ഹി- കിഴക്കന്‍ ദല്‍ഹിയിലെ അക്ഷര്‍ധാം മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാറിനു തീപ്പിടിച്ച് 35-കാരിയായ യുവതിയും രണ്ടു മക്കളും വെന്തുമരിച്ചു. ഭര്‍ത്താവും മറ്റൊരു കുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് ദുരന്തമുണ്ടായത്. കാറില്‍ ഉപയോഗിച്ചിരുന്ന ഇന്ധമായ സാന്ദ്രീകൃത പ്രകൃതി വാതകം (സി.എന്‍.ജി) ചോര്‍ന്നതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രഞ്ജന മിശ്ര, മക്കളായ റിധി, നിക്കി എന്നിവരാണ് മരിച്ചത്. രഞ്ജനയുടെ ഭര്‍ത്താവ് ഉപേന്ദര്‍ മിസ്രയും മറ്റൊരു മകളും രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട ഡാറ്റസണ്‍ ഗോ കാര്‍ ഓടിച്ചിരുന്നത് ഉപേന്ദറായിരുന്നു. പൊട്ടിത്തെറിയും തീപ്പിടിത്തവും ഉണ്ടായ ഉടന്‍ ഉപേന്ദറും മുന്നിലിരുന്ന മകളും വേഗം പുറത്തിറങ്ങി ഭാര്യയേയും മക്കളേയും രക്ഷിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ പിന്‍സീറ്റിലിരുന്ന രഞ്ജനയും രണ്ടു മക്കളും തിരിച്ചറിയാനാവാത്ത വിധം കത്തിയെരിഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News