രാഷ്ട്രപതി തെരഞ്ഞെടുപ്പ്;  ജയസാധ്യത എൻ.ഡി.എക്ക് 

ന്യൂദൽഹി- രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങളും സജീവമായി. നിലവിലെ വോട്ടിംഗ് നില പരിഗണിച്ചാൽ എൻ.ഡി.എക്ക് തനിച്ചു ഭൂരിപക്ഷമില്ലെങ്കിലും അവരുടെ സ്ഥാനാർഥി ജയിക്കാൻ തന്നെയാണ് സാധ്യത. ലോക്‌സഭയിൽ ബി.ജെ.പിക്കു മൃഗീയ ഭൂരിപക്ഷവും മിക്ക വലിയ സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് വന്നെത്തിയത്. 
ഭരണപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷമാവും പ്രതിപക്ഷം അവരുടെ സ്ഥാനാർഥിയുടെ പേരു പരസ്യമാക്കുക. കേന്ദ്ര സർക്കാരിനെതിരായ സംയുക്ത സ്ഥാനാർഥിയെ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് വലിയ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്.
ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പട്ട അംഗങ്ങളടങ്ങിയ ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ലോക്‌സഭയിൽ നിലവിലുള്ള 543 അംഗങ്ങൾ, രാജ്യസഭയിലെ 233, സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4120 എം.എൽ.എമാർ എന്നിങ്ങനെ മൊത്തം 4896 ജനപ്രതിനിധികൾക്കാണ് വോട്ടവകാശമുള്ളത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗങ്ങൾക്കും സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശമില്ല. ഇതിൽ ലോക്‌സഭ, രാജ്യസഭ എം.പിമാരുടെ വോട്ടുമൂല്യം 708 ആയിരിക്കും. എം.എൽ.എമാർക്ക് അവരുടെ സംസ്ഥാനത്തെ ജനസംഖ്യ പരിഗണിച്ചാണ് വോട്ട് മൂല്യം നോക്കുന്നത്. കേരളത്തിന്റെ മൂല്യം 152 ആണ്. 
ഇലക്ടറൽ കോളജ് രഹസ്യ വോട്ടെടുപ്പിലൂടെയാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന നിയമസഭാ മന്ദിരങ്ങളിലും പാർലമെന്റിലും പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. വിജയിക്കാൻ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 
15 കക്ഷികളുള്ള എൻ.ഡി.എക്ക് 527,371 വോട്ട് മൂല്യം (48 ശതമാനം) ഉണ്ട്. അഞ്ച് കക്ഷികളുള്ള യു.പി.എക്ക് 1,73,849 ഉം (16 ശതമാനം). യു.പി.എയിൽ പെടില്ലെങ്കിലും ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന തൃണമൂൽ കോൺഗ്രസ്, ഇടതു പാർട്ടികൾ, എൻ.സി.പി, ബി.എസ്.പി, എസ്.പി, എ.എ.പി, നാഷനൽ കോൺഫറൻസ്, മജ്‌ലിസ്, ജെ.എം.എം, ഐ.എൻ.എൽ.ഡി, എ.ഐ.യു. ഡി.എഫ്, ആർ.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ജെ.ഡി.യു, ജെ.ഡി.എസ് എന്നിവക്ക് 2,60,392 ഉം (23). എൻ.ഡി.എയിൽ പെടില്ലെങ്കിലും ബി.ജെ.പിയെ പരസ്യമായി എതിർക്കാത്ത അണ്ണാ ഡി.എം.കെ, ബി.ജെ.ഡി, ടി.ആർ.എസ്, ഐ.എൻ.ഡി എന്നിവക്ക് 1,33,907 ഉം (12.2) ശതമാനം വോട്ട് മൂല്യവും ഉണ്ട്. 
ലോക്‌സഭാ സെക്രട്ടറി ജനറലാണ് റിട്ടേണിംഗ് ഓഫീസർ. അതതു നിയമസഭാ സെക്രട്ടറിക്കോ പ്രിൻസിപ്പൽ സെക്രട്ടറിക്കോ ആണ് സംസ്ഥാനങ്ങളിലെ തെഞ്ഞെടുപ്പിന്റെ ചുമതല. സംസ്ഥാന ലെജിസ്ലേറ്റിവ് സെക്രട്ടറിയേറ്റ് സെക്രട്ടറി വി.കെ ബാബുപ്രകാശ്, ജോയിന്റ് സെക്രട്ടറി ശൈല എന്നിവർക്കാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ചുമതല. കേരളാ നിയമസഭയുടെ രണ്ടാം നിലയിൽ 604-ാം നമ്പർ മുറിയാണ് സംസ്ഥാനത്തെ പോളിംഗ് ബൂത്ത്.

Latest News