ന്യൂദൽഹി- കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് ഏറ്റവും പുതിയ സർവേ. ഐ.എ.എൻ.എസ് വാർത്ത ഏജൻസിക്ക് വേണ്ടി സീ വോട്ടർ നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്. അതേസമയം, ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു പാർട്ടികളുടെ പിന്തുണയോടെ മാത്രമേ അധികാരത്തിൽ തുടരാനാകൂവെന്നും സർവേയിലുണ്ട്. കേരളത്തിൽ ആകെയുള്ള ഇരുപത് സീറ്റിൽ 14 സീറ്റിൽ യു.ഡി.എഫ് നേടും. ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിക്കില്ല. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ബാലാക്കോട്ടിൽ ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് സർവേ നടത്തിയത്. മോഡിയും എൻ.ഡി.എയും തെരഞ്ഞെടുപ്പുഗോദയിൽ മുന്നിലാണെന്നും സർവേയിലുണ്ട്. കോൺഗ്രസ് 141 സീറ്റ്, മറ്റുള്ളവർ 138 സീറ്റും നേടും. തെരഞ്ഞെടുപ്പിന് ശേഷം വൈ.എസ്.ആർ കോൺഗ്രസ്, എം.എൻ.എഫ്, ബി.ജെ.ഡി, ടി.ആർ.എസ് എന്നീ പാർട്ടികളുടെ പിന്തുണ കിട്ടിയാൽ എൻ.ഡി.എക്ക് 301 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. തെരഞ്ഞെടുപ്പിന് ശേഷം എ.ഐ.യു.ഡി.എഫ്, എൽ.ഡി.എഫ്, മഹാസഖ്യം, തൃണമൂൽ സഖ്യം എന്നിവയുമായി സഖ്യമുണ്ടാക്കിയാൽ യു.പി.എ 226 സീറ്റിലേക്കെത്തും. യു.പിയിൽ മഹാസഖ്യമുണ്ടാക്കിയാൽ ബി.ജെ.പിക്ക് 29 സീറ്റേ ലഭിക്കൂ. മഹാസഖ്യമില്ലെങ്കിൽ 72 സീറ്റ് നേടും. എൻ.ഡി.എക്ക് 31.1 ശതമാനം, യു.പി.എക്ക് 30.9 ശതമാനം, മറ്റുള്ളവർക്ക് 28 ശതമാനം എന്നിങ്ങനെയാണ് വോട്ടുവിഹിതം.






