റിപ്പബ്ലിക് ദിനത്തിനു ശേഷം ഉദ്ഘാടനം ചെയ്തത് 150 പദ്ധതികൾ. സർക്കാർ ഇലക്ഷൻ മോഡിൽ
അധികാരത്തിലേറിയതു മുതൽ കാലാവധി പൂർത്തിയാക്കുന്നതു വരെ ഇലക്ഷൻ മോഡിൽ രാജ്യം ഭരിക്കുന്നത് ഒരു നേട്ടമാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഓസ്‌കർ ബഹുമതി കിട്ടേണ്ടതാണ്. ഏതു നേട്ടവും ഏതു സംഭവവും തന്റെ മഹത്വമായി മാറ്റിയെടുക്കാനും പ്രചാരണായുധമാക്കാനും മോഡിയേക്കാൾ കഴിവുള്ളവർ അധികമുണ്ടാവില്ല. തെരഞ്ഞെടുപ്പിന് ദിനങ്ങളടുത്തതോടെ കേന്ദ്ര സർക്കാർ അക്ഷരാർഥത്തിൽ പ്രചാരണ കോലാഹലത്തിലാണ്. റിപ്പബ്ലിക് ദിനത്തിനു ശേഷം മാർച്ച് ആദ്യ വാരം വരെ നൂറ്റമ്പതോളം പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 42 ദിവസത്തെ കേന്ദ്ര സർക്കാരിന്റെ പത്രക്കുറിപ്പുകൾ ഇതിനു തെളിവാണ്. നടപ്പാക്കാനാവുമോ ഇല്ലയോ എന്നതൊന്നും വിഷയമേയല്ല. പ്രഖ്യാപിക്കുക, പരമാവധി പബ്ലിസിറ്റി നൽകുക, നേട്ടമാക്കുക എന്നതാണ് തന്ത്രം.
ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ പദ്ധതി ഉദ്ഘാടനങ്ങൾക്ക് നിയന്ത്രണമുണ്ട്. പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനോ പൂർത്തിയാക്കിയ പദ്ധതി രാഷ്ട്രത്തിന് സമർപ്പിക്കാനോ കഴിയില്ല. അതിനാലാണ് മാരത്തൺ പരിപാടി നടത്തുന്നത്. മോഡിയുടെ പ്രചാരണം കഴിയാൻ കാത്തുനിൽക്കുകയായിരുന്നോ ഇലക്ഷൻ കമ്മീഷനെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിന് ചോദിക്കേണ്ടി വന്നു.
150 പദ്ധതി ഉദ്ഘാടനങ്ങൾക്കായി 37 നഗരങ്ങളും പട്ടണങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു. വടക്ക് ലേ മുതൽ തെക്ക് കന്യാകുമാരി വരെ. ഗുജറാത്തിലെ ജാംനഗർ മുതൽ കിഴക്ക് ത്രിപുരയിലെ അഗർത്തല വരെ. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുകയും പ്രതിപക്ഷത്തെ പരിഹസിക്കുകയും ബാലാകോട്ടിനെയും പുൽവാമയെയും കുറിച്ച് വാചാലമാവുകയുമാണ് ഈ ചടങ്ങുകളിലൊക്കെ മോഡി ചെയ്തത്. രാജ്യം യുദ്ധസമാനമായ ദിനങ്ങളിലൂടെ കടന്നു പോവുമ്പോൾ പോലും മോഡിയുടെ പ്രചാരണ മഹാമഹങ്ങൾക്ക് ഒട്ടും അയവുണ്ടായില്ല.
ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തിയ ഫെബ്രുവരി 26 മുതൽ മാർച്ച് എട്ട് വരെ മാത്രം പ്രധാനമന്ത്രി 23 ചടങ്ങുകളിൽ പങ്കെടുത്തു. പദ്ധതികൾ പ്രഖ്യാപിക്കലും ഉദ്ഘാടനം ചെയ്യലുമായിരുന്നു എല്ലാ പരിപാടികളും. മോശം കാലാവസ്ഥ കാരണം ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. ആ ദിവസമാണ് പുൽവാമയിൽ ഭീകരാക്രമണമുണ്ടായതും നാൽപതിലേറെ സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതും. ആക്രമണത്തിന്റെ വിശദാംശങ്ങൾ ടി.വി ചാനലുകളിലൂടെ കണ്ട് പൗരന്മാർ ആശങ്കപ്പെടുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി കോർബറ്റ് വന്യജീവി സങ്കേതത്തിൽ ഒരു ഡോകുമെന്ററിക്കുള്ള ഫോട്ടോ ഷൂട്ട് തുടരുകയായിരുന്നുവെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. രുദ്രാപൂരിലെ യോഗത്തിനെത്താതിരുന്നതിനെത്തുടർന്ന് പ്രധാനമന്ത്രി മൊബൈൽ ഫോണിലൂടെ സംസാരിച്ചെങ്കിലും ഭീകരാക്രമണത്തെക്കുറിച്ച് ഒരു വാക്ക് പോലും പറയാൻ മറന്നു.
മാർച്ച് അഞ്ചിന് ഗുജറാത്തിലെ വസ്ത്രാലിൽ മോഡി ഉദ്ഘാടനം ചെയ്തത് നേരത്തെ തുടങ്ങിയ പദ്ധതിയാണ്. പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ യോജന. അസംഘടിത തൊഴിലാളികൾക്കുള്ള പെൻഷൻ പദ്ധതി. ഫെബ്രുവരി 15 ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ഇത്. ബജറ്റിലും ഈ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടായിരുന്നു.
പ്രധാനമന്ത്രിയായ ഉടനെ വിദേശത്ത് ചുറ്റിക്കറങ്ങുകയായിരുന്നു മോഡി. കാലാവധി തീരുമ്പോൾ രാജ്യത്ത് ചുറ്റിക്കറങ്ങുകയാണ് അദ്ദേഹം. ചില ഫോട്ടോ ഷൂട്ടുകൾ വൻ വിവാദമാവുകയും ചെയ്തു. ഫെബ്രുവരി 24 ന് അലഹബാദിൽ ശുചീകരണത്തൊഴിലാളികളുടെ പാദം കഴുകി അദ്ദേഹം ഫോട്ടോ അവസരം സൃഷ്ടിച്ചു. ചരൺ വന്ദന എന്നായിരുന്നു ചടങ്ങിന്റെ പേര്. അതിന് ദിവസങ്ങൾ മുമ്പ് ശുചീകരണത്തൊഴിലാളികളുടെ നിരവധി ആനുകൂല്യങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. സംഭവത്തെ എ.എ.പി കണക്കിന് കളിയാക്കി. ശുചീകരണത്തൊഴിലാളികൾക്ക് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ യന്ത്രങ്ങൾ കൈമാറുന്ന ചടങ്ങിനെക്കുറിച്ച് പാർട്ടി ഇറക്കിയ പ്രസ്താവന ഇങ്ങനെയാണ്. 'കെജ്‌രിവാൾ ശുചീകരണത്തൊഴിലാളികളുടെ കാലു കഴുകുകയൊന്നും ചെയ്തില്ല. എന്നാൽ അവർക്ക് പ്രത്യേക ക്ലീനിംഗ് യന്ത്രങ്ങൾ സമ്മാനിച്ചു'.
ഫെബ്രുവരിയിലും മാർച്ചിലും മാത്രമായി കേന്ദ്ര സർക്കാർ 95,000 കോടിയുടെ പദ്ധതികൾ തുടങ്ങി വെച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശ വാദം. ചുറ്റിക്കറങ്ങലുകളുകൾക്കൊക്കെയിടയിൽ പാപം കഴുകിക്കളയാൻ കുംഭമേളയിലെത്തി സ്‌നാനം ചെയ്യുകയും ചെയ്തു മോഡി. പ്രതീക്ഷിച്ചതു പോലെ അതും നല്ലൊരു ഫോട്ടോ അവസരമാക്കി അദ്ദേഹം മാറ്റി. സ്വന്തത്തെ ഇതുപോലെ മാർക്കറ്റ് ചെയ്യാൻ അറിയുന്നവർ മോഡിയെപ്പോലെ മറ്റാരുണ്ട്?






