മത്സരിക്കാന്‍ ഓഫറുമായി പഞ്ചാബിലെ കോണ്‍ഗ്രസ്; മന്‍മോഹന്‍ സിങിനു മൗനം

ന്യൂദല്‍ഹി- അമൃത്‌സര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മത്സരിക്കണമെന്ന ആവശ്യവുമായി പഞ്ചാബിലെ കോണ്‍ഗ്രസ്. ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പഞ്ചാബികള്‍ അത് അംഗീകരിക്കുമെന്നും സിഖ് വിശുദ്ധ കേന്ദ്രമായ സുവര്‍ണ ക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലമാണെന്നൊക്കെ പറഞ്ഞാണ് പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വം മന്‍മോഹനെ സമീപിച്ചത്. എന്നാല്‍ 86-കാരനായ മന്‍മോഹന്‍ ഈ ഓഫറിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. 2009-ലും അമൃത്‌സര്‍ മണ്ഡലത്തില്‍ മന്‍മോഹന്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിക്കുകയായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തോറ്റ മണ്ഡലമാണ് അമൃത്‌സര്‍. അന്ന് ഇവിടെ നിന്നു ജയിച്ചത് ഇപ്പോല്‍ പഞ്ചാബ് മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ്.

1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്ന മന്‍മോഹന്‍ സിങിന്റെ കാലാവധി ജൂണ്‍ 14-ന് അവസാനിക്കും. നിലവിലെ ബിജെപി ഭരിക്കുന്ന അസമില്‍ നിന്ന് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മന്‍മോഹനെ വീണ്ടും ജയിപ്പിക്കാനുള്ള ശേഷിയില്ല. മന്‍മോഹന്‍ ഒരിക്കലും ലോകസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടില്ല. 1999-ല്‍ ദല്‍ഹിയിലെ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ബിജെപിയുടെ വി.കെ മല്‍ഹോത്രയോട് തോറ്റിരുന്നു.
 

Latest News