തെരഞ്ഞെടുപ്പ്; കച്ച മുറുക്കി കേരളം അങ്കത്തട്ടിലേക്ക്

തിരുവനന്തപുരം- തെരഞ്ഞെടുപ്പ് തീയതി വന്നതോടെ രാഷ്ട്രീയ കേരളത്തിന് ചർച്ച ചെയ്യാൻ വിഷയങ്ങളേറെ. മൂന്ന് മുന്നണികൾക്കും ആവനാഴിയിലെ അമ്പുകൾക്ക് ദാരിദ്ര്യമില്ല. പ്രചാരണ വിഷയങ്ങൾ രാജ്യാതിർത്തിയും  കടന്നു മുന്നേറുമ്പോൾ ബാലാകോട്ടിൽ വ്യോമസേന വർഷിച്ച ബോംബുകളെക്കോൾ ശക്തിയേറും വാക്‌യുദ്ധത്തിന്. അതിർത്തി കടന്ന മിന്നലാക്രമണവും 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' മുതൽ ശബരിമലയും നവോത്ഥാന മതിലും പാക്കിസ്ഥാൻ പിടികൂടിയ വൈമാനികനെ തിരികെ കൊണ്ടുവന്നതുമൊക്കെ ചൂടേറിയ ചർച്ചയാകും. നോട്ടുനിരോധവും ജി.എസ്.ടിയുമെല്ലാം ബി.ജെ.പിയെ പ്രതിസ്ഥാനത്ത് നിർത്താൻ എൽ.ഡി.എഫും യുഡിഎഫും ഉപയോഗിക്കും.
തെക്കൻ കേരളത്തിൽ ശബരിമല കത്തുമ്പോൾ വടക്കൻ കേരളത്തിൽ രാഷ്ട്രീയ കൊലപാതകമായിരിക്കും ചർച്ചാവിഷയം. മധ്യകേരളത്തിനുമുണ്ട് പറയാൻ പള്ളിവിഷയം. എൽ.ഡി.എഫ് വരും എല്ലാ ശരിയാകും എന്ന മുദ്രാവാക്യം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏശുമോ എന്ന് കണ്ടറിയണം. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ വീഴ്ച തുറന്നു കാട്ടാനും യു.ഡി.എഫ് ശ്രമിക്കും.
എൽ.ഡി.എഫ് വരുമ്പോൾ സമ്പൂർണ മദ്യനിരോധം എന്ന ചലച്ചിത്ര നടി കെ.പി.എ.സി ലളിതയുടെ പരസ്യവാചകം അമ്മമാർ മറക്കാനിടയില്ല. ബാറുകൾ തുറന്നുകൊണ്ട് സർക്കാർ മദ്യമൊഴുക്കുകയാണിപ്പോൾ. നവോത്ഥാന മതിൽ നിർമിച്ച് പിറ്റേദിവസം ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റി ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സിന് മുറിവേൽപിച്ചത് ബി.ജെ.പി വിഷയമാക്കും. ഒത്തുതീർപ്പിന് തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടും അയയാത്ത എൻ.എസ്.എസ് നിലപാട് തുറന്ന ചർച്ചയാകും. എസ്.എൻഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ ക്ഷേത്രത്തിന് പണം അനുവദിച്ചതും തെരഞ്ഞെടുപ്പ് ചർച്ചയിൽ പൊന്തിവരും.
കൊലപാതക രാഷ്ട്രീയമായിരിക്കും തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ചർച്ചയാകുന്ന പ്രധാന വിഷയങ്ങളിലൊന്ന്. പി. ജയരാജനെ പോലുള്ളവർ എൽ.ഡി.എഫ് സ്ഥാനാർഥിയാണെന്നതും ശ്രദ്ധേയമാണ്. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ അക്കാര്യം പത്രപരസ്യം നൽകി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും വേണം. നവകേരള നിർമാണം എന്ന  സർക്കാരിന്റെ പരസ്യവാക്യം സംസ്ഥാനമെങ്ങും സ്ഥാനം പിടിച്ചപ്പോഴും പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടത് പുനർ നിർമിക്കാൻ വൃക്ക വിൽക്കാൻ തയാറായ ഗൃഹനാഥന്റെ അവസ്ഥയും ചർച്ചാ വേദികളിൽ എത്തും. കർഷക ആത്മഹത്യയായിരിക്കും മറ്റൊരു പ്രധാന വിഷയം.
സ്ഥാനാർഥികളുടെ വ്യക്തിതാൽപര്യങ്ങളും ചർച്ചയിൽ ഇടംപിടിക്കും. ജനവിധി തേടി വിജയിച്ചവർ കാലാവധി കഴിയും മുമ്പേ എന്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന ചോദ്യം ഏറെ ചോദ്യം ചെയ്യപ്പെടും. പ്രചാരണത്തിന് എരിവും പുളിയും പകരുന്നതായിരിക്കും എം.എൽ.എയുടെയും നേതാക്കളുടെയും പീഡന കഥകൾ.
ബംഗാളിൽ അരിവാൾ ചുറ്റികയും കൈപ്പത്തിയും തമ്മിൽ സഹകരിക്കും. തിരികെ കേരളത്തിൽ എത്തുമ്പോൾ വീറോടെ പൊരുതും. അവിടെ ഒരേ വേദികളിൽ നേതാക്കൾ കൈകോർത്ത് വോട്ട് ചോദിക്കും. ഇവിടെ ഇരുകൈയും മറന്ന് പരസ്പരം ഏറ്റുമുട്ടും. ബി.ജെ.പിക്ക് പറയാൻ ഒരു വിഷയം ഇതു തന്നെയാവും. ബി.ജെ.പിക്കെതിരെ എൽ.ഡി.എഫിനും യു.ഡി.എഫിനും~ഒരേ  വിഷയങ്ങളുണ്ടെങ്കിലും യു.ഡി.എഫ് ഇടതുപക്ഷത്തെയാകും മുഖ്യമായും ഉന്നം വെക്കുക. 

Latest News