എത്യോപ്യന്‍ വിമാന ദുരന്തം: കൊല്ലപ്പെട്ട 157 പേരില്‍ നാല് ഇന്ത്യക്കാരും

അഡിസ് അബാബ- എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണ് കൊല്ലപ്പെട്ട യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള 157 പേരില്‍ നാല് ഇന്ത്യക്കാരും ഉള്ളതായി അധികൃതര്‍ അറിയിച്ചു. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു ഞായറാഴ്ച പറന്നുയര്‍ന്ന് ഏറെ വൈകാതെയാണ് വിമാനം തകര്‍ന്നു വീണത്. മരിച്ച 149 യാത്രക്കാരില്‍ മുപ്പതിലേറെ രാജ്യങ്ങളുടെ പൗരന്മാരുണ്ടെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എട്ടു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരും കൊല്ലപ്പെട്ടു. 

ഇന്ത്യക്കാര്‍ക്കു പുറമെ, കെനിയ, കാനഡ, ചൈന, അമേരിക്ക, എത്യോപിയ, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഈജിപ്ത്, സ്ലോവാക്യ, നെതര്‍ലാന്‍ഡ് എന്നീ രാജ്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുമെന്ന് സിഇഒ ടെവോള്‍ഡെ ഗബ്രെമാറിയം പറഞ്ഞു. മരിച്ച നാലു ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

അഡിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന് ആറു മിനിട്ടിനു ശേഷമാണ് വിമാനം അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്തൊനേഷ്യയിലെ ജാവയില്‍ 189 പേരുടെ മരത്തിനിടയാക്കിയ ബോയിങ് 737-8 മാക്‌സ് വിമാനമാണ് ഇത്തവണയും ദുരന്തത്തില്‍പ്പെട്ടത്. ഇതു തകരാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പുതിയ വിമാനമാണിത്. നവംബറിലാണ് സര്‍ക്കാര്‍ കമ്പനിയായ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഈ വിമാനം വാങ്ങിയത്. ഇതുവരെ 1200 മണിക്കൂറുകള്‍ മാത്രമെ പറന്നിട്ടുള്ളൂ. അവസാനമായി അറ്റകുറ്റപ്പണി നടത്തിയത് ഫെബ്രുവരി നാലിനായിരുന്നു. മുതിര്‍ന്ന പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. ഇദ്ദേഹം 2010 മുതല്‍ എത്യോപ്യന്‍ എയര്‍ലൈന്‍ പൈലറ്റാണെന്നും കമ്പനി അറിയിച്ചു. ആഫ്രിക്കയിലെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന പേരും എത്യോപ്യന്‍ എയര്‍ലൈന്‍സിനുണ്ട്.


 

Latest News