ശ്രീനഗര്‍- ജമ്മു കശ്മീരിലെ രണ്ട് പത്രങ്ങള്‍ക്ക് പരസ്യങ്ങള്‍ നിഷേധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് താഴ്‌വരയിലെ പ്രധാന പത്രങ്ങള്‍ ഇന്നലെ ഒന്നാം പേജ് ശൂന്യമാക്കി പ്രസിദ്ധീകരിച്ചു. വിശദീകരണമൊന്നും നല്‍കാതെയാണ് രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയത്.
ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്ന പ്രധാന പ്രാദേശിക പത്രങ്ങള്‍ക്ക് പരസ്യം നിഷേധിക്കാനുള്ള തീരുമാനത്തില്‍ കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് (കെ.ഇ.ജി) കഴിഞ്ഞമാസം പ്രതിഷേധം അറിയിച്ചിരുന്നു. പരസ്യം നല്‍കില്ലെന്ന കാര്യം ബന്ധപ്പെട്ട പത്രങ്ങളെ അറിയിക്കുകയെന്ന മര്യാദ പോലും കാണിച്ചില്ലെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമയാണ് ഇംഗ്ലീഷിലും ഉര്‍ദുവിലുമുള്ള പ്രധാന പത്രങ്ങള്‍ കാലി ഒന്നാം പേജുമായി പുറത്തിറങ്ങിയത്. കശ്മീരില്‍ മാധ്യമങ്ങളെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് ഈയൊരു തീരുമാനമെടുത്തതെന്ന് കെഇജി വക്താവ് പറഞ്ഞു. ശ്രീനഗര്‍ പ്രസ് ക്ലബില്‍ ഗില്‍ പ്രതിഷേധ യോഗം നടത്തി.