ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പായി രാജ്യത്താകെ പറന്നു പറന്ന് പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രളയം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരു മാസം മോഡി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 28 തവണയാണ്. ഒരു മാസത്തിനിടെ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികള്‍
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും കേന്ദ്രസര്‍ക്കാരിന് വന്‍ പദ്ധതികളൊന്നും പ്രഖ്യാപിക്കാന്‍ കഴിയാതെ വരികയും ചെയ്യും. അടുത്ത രണ്ടുമൂന്ന് ദിവസത്തിനകം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം എട്ടാം തീയതിക്കും മാര്‍ച്ച് ഒമ്പതിനും ഇടയില്‍ പുതിയ ദേശീയപാതകള്‍, കുടിവെള്ള പദ്ധതികള്‍, ഊര്‍ജ പദ്ധതികള്‍ പുതിയ റെയില്‍വെ ലൈനുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, വാതകപൈപ്പ് ലൈനുകള്‍, വിമാനത്താവളങ്ങള്‍, തുടങ്ങി നിരവധി പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
മോഡി പ്രഖ്യാപിച്ച പലപദ്ധതികളും പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്തതാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ റഷ്യയുമായി ചേര്‍ന്ന് ആരംഭിച്ച ആയുധ ഫാക്ടറി പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ പ്ലാന്റ് 2007 ല്‍ ഉദ്ഘാടനം ചെയ്തതാണെന്ന് സര്‍ക്കാരിന്റെ തന്നെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനു ശേഷം 2010 ല്‍ ചെറുതോക്കുകളും റൈഫിളുകളും മെഷിന്‍ ഗണ്ണുകളും നിര്‍മിച്ചു തുടങ്ങിയിരുന്നതായും പറയുന്നു. ബിഹാറില്‍ 96.54 കിലോമീറ്റര്‍ നീളമുള്ള സ്വീവേജ് ശൃംഖലക്ക് കഴിഞ്ഞ മാസം 17 ന് മോഡി തറക്കല്ലിട്ടിരുന്നു. എന്നാല്‍ ഇതേ പദ്ധതി 2017 ല്‍ ഒക്ടോബറില്‍ അദ്ദേഹം തന്നെ തറക്കല്ലിട്ടതാണ്.
ചെറിയ പദ്ധതികള്‍ പോലും മോഡി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. 2014 ല്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുമ്പുള്ള മാസങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യാത്രകളൊന്നും നടത്തിയിരുന്നില്ല. തിരക്കിട്ട ഉദ്ഘാടന പരിപാടികളും ഉണ്ടായിരുന്നില്ല.






