അമിത പ്രതീക്ഷയില്ലാതെ സി.പി.എം, ഒൻപതു സീറ്റിൽ നോട്ടം

കോട്ടയം- ലോക്‌സഭാ തെരഞ്ഞെടുപ്പിന് സിറ്റിംഗ് എം.പിമാരെയും എം.എൽ.എമാരെയും രംഗത്ത് ഇറക്കിയുളള പോരാട്ടത്തിന് ഇറങ്ങിയ ഇടതുമുന്നണിക്ക് അമിത പ്രതീക്ഷയില്ല. ആകെ പ്രതീക്ഷിക്കുന്നത് ഒൻപതോളം സീറ്റുമാത്രം. 
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിൽ ആറെണ്ണം ഇടതുമുന്നണിയുടെ കൈയിലാണ്. ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകുന്ന ഈ തെരഞ്ഞെടുപ്പിൽ അധികമായി മൂന്നിലധികം സീറ്റുമാത്രമാണ് പ്രതീക്ഷിക്കുന്നത്. സി.പി.എം അനുകൂല കൈരളി പീപ്പിൾ ടിവിക്കു വേണ്ടി നടത്തിയ സർവേയിലാണ് ഈ ഫലം. പാർട്ടി മുഖപത്രമാണ് സർവേ ഫലം പുറത്തുവിട്ടത്.
കേരളത്തിൽ യു.ഡി.എഫിന് എട്ടുമുതൽ 11 സീറ്റാണ് സർവെ പ്രവചിക്കുന്നത്. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. എൽ.ഡി.എഫിന് 40.3 ശതമാനവും യു.ഡി.എഫിന് 39 ശതമാനവും എൻ.ഡി.എക്ക് 15.5 ശതമാനം വോട്ടുമാണ് സർവെ പ്രവചിക്കുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 12000 ലധികം വോട്ടർമാരിൽനിന്ന് അഭിപ്രായം തേടിയാണ് സർവെ പൂർത്തിയാക്കിയത്. യു.ഡി.എഫ് 11 വരെ സീറ്റ് പ്രവചിക്കുന്നതിലൂടെ തന്നെ കനത്ത വെല്ലുവിളി തെരഞ്ഞെടുപ്പ് രംഗത്ത് ഉയരുമെന്ന് വ്യക്തം.
കേന്ദ്രഭരണത്തിൽ 66.4 ശതമാനം പേർ അതൃപ്തി രേഖപ്പെടുത്തിയതായി സർവെ പറയുന്നു. നോട്ട് നിരോധം, റഫാൽ ഇടപാട്, മോഡി സർക്കാരിന്റെ ദളിത് സമീപനം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പ്രതികരണം തേടിയത്.ആറ് സിറ്റിംഗ് എം.പിമാരും ആറ് എം.എൽ.എമാരുമാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥി ലിസ്റ്റിലുളളത്. ഇവരിൽ സിറ്റിംഗ് എം.പിമാർ എല്ലാവരും തന്നെ വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ ശക്തനായ സ്ഥാനാർഥിയാണെങ്കിലും കെ.എൻ ബാലഗോപാലിന്റെ വിപുലമായ മണ്ഡല ബന്ധവും ന്യൂനപക്ഷ വോട്ട് ധ്രുവീകരണവും വന്നാൽ അന്തരീക്ഷം മാറുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ആലപ്പുഴയിലും പാർട്ടി പുതിയ മോഹം തുന്നിച്ചേർക്കുന്നു. ഇടതുകോട്ടയായ ആലപ്പുഴ ഇത്തവണ ആരിഫിന് പിടിക്കാനാകുമെന്നാണ് വിശ്വാസം. 
കോട്ടയം, പത്തനംതിട്ട, എറണാകുളം മണ്ഡലങ്ങളിലും സി.പി.എമ്മിലെ ജനപ്രിയ സ്ഥാനാർഥികളെയാണ് പരീക്ഷിക്കുന്നതെങ്കിലും അത്ര പ്രതീക്ഷയില്ല. പത്തനംതിട്ടയിൽ ആറന്മുള എം.എൽ.എ വീണാ ജോർജിനെയാണ് നിയോഗിച്ചിട്ടുളളത്. സി.പി.എമ്മിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ പ്രതിവാര ടി.വി പരിപാടിയുടെ അവതാരിക കൂടിയാണ് വീണ ജോർജ്. ഓർത്തഡോക്‌സ് സഭാംഗമായ സഭാ നേതൃത്വവുമായി അടുത്ത ബന്ധമുളള കുടുംബാംഗമായ വീണയുടെ സ്ഥാനാർഥിത്വത്തിലൂടെ സഭയുമായി ഉണ്ടായ അകൽച്ച മാറ്റി വോട്ടാക്കാനാണ് നീക്കം. വടകരയിലും സി.പി.എം പ്രതീക്ഷ വെച്ചു പുലർത്തുന്ന മണ്ഡലമാണ്. ആറ്റിങ്ങൽ സി.പി.എം ഉറപ്പിച്ച സീറ്റാണ്. തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ നല്ല മത്സരം പ്രതീക്ഷിക്കുന്നു. ശബരിമല എന്ന പോലെ സഭാ സ്വത്ത് ബിൽ പ്രതികരണം സൃഷ്ടിക്കാവുന്ന മണ്ഡലങ്ങളാണ് ഇത്. എറണാകുളത്തിലും ഇത് പ്രതിഫലിക്കാം.

Latest News