'അഞ്ച് തൈകള്‍ നടൂ, അറസ്റ്റ് വാറണ്ട് റദ്ദാക്കാം', പീഡനക്കേസ് പ്രതിയോട് കോടതി

ഗാസിയാബാദ്- പീഡനക്കേസ് പ്രതിക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കാന്‍ ഗാസിയാബാദിലെ ഒരു കോടതിയുടെ അസാധാരണ ഉപാധി. അഞ്ചു മരത്തൈകള്‍ നട്ടാല്‍ വാറണ്ട് പിന്‍വലിക്കാമെന്നാണ് കോടതി പറഞ്ഞത്. ഈ ഉത്തരവ് അനുസരിക്കുമെന്നതു സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി പ്രതിയോട് ആവശ്യപ്പെട്ടതായി ഗാസിയാബാദ് ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ രാജീവ് കുമാര്‍ പറഞ്ഞു. പ്രത്യേക അതിവേഗ കോടതി ജഡ്ജി രാകേഷ് വസിഷ്ഠയാണ് ലോണി സ്വദേശിയായ രജു എന്ന കല്ലുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിട്ടിരുന്നത്. നാലു വര്‍ഷം മുമ്പത്തെ തട്ടിക്കൊണ്ടു പോകല്‍, പീഡന കേസില്‍ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ആറുമാസമായി പ്രതി കോടതിയില്‍ ഹാജരായിട്ടില്ല. ഇതിനിടെ വ്യാഴാഴ്ചയാണ് അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചത്. ഇതിനു മറുപടിയായാണ് അഞ്ചു തൈകള്‍ നട്ടു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
 

Latest News