Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയോട് ഏറ്റുമുട്ടാന്‍ മുന്‍ എതിരാളിയുടെ 'കുട്ടി'

മലപ്പുറം- ലോകസഭാ തെരഞ്ഞെടുപ്പിനു ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മലപ്പുറം മണ്ഡലത്തില്‍ പോരിനിറങ്ങുന്നത് ദേശീയ നേതാക്കളായ രണ്ടു 'കുട്ടി'കളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി, സിറ്റിങ് എംപി പി.കെ കുഞ്ഞാലിക്കുട്ടി എത്തുമ്പോള്‍ എതിരാളിയായി വരുന്നത് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനുവാണ്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പട്ടികയിലെ ഏറ്റവും പ്രായ കുറഞ്ഞയാളാണ് സാനു. ഈ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സാനുവിന്റെ പിതാവിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചയാളാണ് കുഞ്ഞാലിക്കുട്ടി.

1991-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാനുവിന്റെ പിതാവ് വി.പി സക്കറിയ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു. 30-കാരനായ സാനുസിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. അട്ടിമറി ലക്ഷ്യവുമായാണ് സാനു കുഞ്ഞാലിക്കുട്ടിക്കെതിരെ പോരിനിറങ്ങുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി രണ്ടു വര്‍ഷം മുമ്പ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രവും കുഞ്ഞാലിക്കുട്ടിയുടെ സ്വന്തം മണ്ഡലവുമായ മലപ്പുറത്ത് സാനുവിന് ജയിക്കുക എന്നത് എളുപ്പമല്ല. ഇടതുപക്ഷ വോട്ടുകളിലെ വര്‍ധന മാത്രമാണ് എല്‍ഡിഎറിന്റെ പ്രതീക്ഷ.
 

Latest News